സാധാരണയുള്ള ഒരു രോഗാവസ്‌ഥയല്ല പൊള്ളല്‍. അമിതശ്രദ്ധയും കരുതലും ചികിത്സയും ഇതിന് വളരെ ആവശ്യമാണ്. ''അയ്യോ... കൈ പൊള്ളിയേ'' മിക്ക വീടുകളിലെയും അടുക്കളയില്‍ നിന്ന് കേള്‍ക്കുന്ന ഒരു ശബ്‌ദമാണിത്. ചില പൊള്ളലുകള്‍ നിസ്സാരമാണ്. എന്നാല്‍ മറ്റു ചിലതാകട്ടെ അമിത ശ്രദ്ധ കൊടുക്കേണ്ടതും. ചിലപ്പോഴൊക്കെ അടിയന്തിരചികിത്സ ആവശ്യമുള്ള ഒരു അപകടാവസ്‌ഥയാണിത്. തീ, രാസവസ്‌തുക്കള്‍, വൈദ്യുതി, റേഡിയേഷന്‍, ചൂടുള്ള ദ്രാവകങ്ങള്‍, തിളയ്‌ക്കുന്ന എണ്ണ, ചൂടുള്ള ആവി എന്നിവയെല്ലാം പൊള്ളലുണ്ടാക്കാം. വയസായവര്‍ക്കും കുട്ടികള്‍ക്കും പൊള്ളലേല്‍ക്കാനും പൊള്ളല്‍ കൂടുതലാ യാല്‍ സ്‌ഥിതി മോശമാവാനും സാധ്യത കൂടുതലാണ്. അതില്‍ തീപൊള്ളലാണ് പലപ്പോഴും നേരിടാറുള്ള അവസ്‌ഥ. തീപ്പൊള്ളല്‍ തീപ്പൊള്ളലിന്റെ ഗൗരവമനുസരിച്ച് മൂന്നുതരത്തില്‍ രോഗികളെ തരംതിരിക്കാറുണ്ട്. ചര്‍മത്തില്‍ എത്ര ആഴത്തില്‍ പൊള്ളലേറ്റു എന്നും അവയവങ്ങളെ എത്രത്തോളം ബാധിച്ചു എന്നും ബോധനില എങ്ങനെ എന്നും മറ്റും നിര്‍ണയിച്ച് ഒന്നാംതരം, രണ്ടാംതരം, മൂന്നാംതരം എന്നിങ്ങനെ രോഗികളെ തരംതിരിക്കുന്നു.
ലക്ഷണങ്ങളും ചികിത്സയും ഇതിനനുസരിച്ചാണ് ഉണ്ടാവുന്നത്. അതില്‍ ഒന്നാം തരത്തിലുള്ള പൊള്ളലാണെങ്കില്‍ ആദ്യം വേണ്ടത് തീയുടെ അടുത്തുനിന്ന് രോഗിയെ മാറ്റുക എന്നതാണ്. വസ്‌ത്രങ്ങളില്‍ തീ പിടിച്ചിട്ടുണ്ടെങ്കില്‍ അവ അഴിച്ചുമാറ്റുക. വെള്ളത്തിന്റെ ടാപ്പ് തുറന്ന് പൊള്ളലേറ്റ ഭാഗങ്ങളില്‍ വെള്ളമൊഴിക്കുക. നനവ് ഉണങ്ങിയശേഷം രോഗാണുനാശകമായ എന്തെങ്കിലും ക്രീം പുരട്ടി തുറന്നിടുകയോ അധികം മുറുക്കാതെ ബാന്‍ഡേജ് കെട്ടുകയോ ഗോസ് വച്ചതിനു ശേഷം ചെയ്യാം. രണ്ടാംതരം ഇത് കുറച്ചുകൂടി ആഴത്തിലുള്ള തീപ്പൊള്ളലാണ്. വീക്കം, ചുവപ്പുനിറം, വേദന എന്നിവയ്‌ക്കു പുറമേ തൊലിപ്പുറത്ത് വെള്ളംപോലെയുള്ള ദ്രാവകം നിറഞ്ഞ കുമിളകള്‍ ഉണ്ടാകുന്നു. തീപ്പൊള്ളലേറ്റ ഭാഗങ്ങള്‍ കൂടുതലാണെങ്കില്‍ ശരീരത്തിലെ ജലാംശം നഷ്‌ടപ്പെടാനുമിടയുണ്ട്. ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ രോഗിയെ കിടത്തി, മേല്‍പ്പറഞ്ഞതുപോലെ വെള്ളം ഒരു പാത്രത്തിലെടുത്ത് ധാരയായി പൊള്ളലിനുമുകളിലൊഴിക്കുക. അതിനുശേഷം ഉണക്കി, രോഗാണുനാശകമായ ക്രീം പുരട്ടുക. പൊള്ളലേറ്റ ഭാഗം അനക്കാതിരിക്കുക.
രോഗാണുബാധയുണ്ടാവാതിരിക്കാന്‍ ഗോസ് വയ്‌ക്കുകയോ വൃത്തിയുള്ള പ്ലാസ്‌റ്റിക്ക് സഞ്ചികൊണ്ട് പൊതിയുകയോ ചെയ്യുക. ഉടനെതന്നെ ആശുപത്രിയിലെത്തിക്കണം. മൂന്നാംതരം ഏറ്റവുമധികം ഗൗരവമുള്ളതും ആഴമേറിയതും രോഗിയുടെ ജീവന് അപകടമുള്ളതുമായ തീപ്പൊള്ളലാണിത്. ഇതില്‍ വേദനയോ കുമിളയോ വീക്കമോ ഉണ്ടാവാറില്ല. ചര്‍മം പരുപരുത്തതും നിറവ്യത്യാസമുള്ളതും, കരിഞ്ഞതുപോലെയും വട്ടംകെട്ടിയതുപോലെയും കാണപ്പെടുന്നു.
ശരീരത്തില്‍നിന്ന് വളരെയധികം ജലാംശം നഷ്‌ടപ്പെടുന്നതിനാല്‍ ഷോക്ക് എന്ന അവസ്‌ഥയിലെത്തി രോഗി മരിക്കാനിടയുണ്ട്. 90 ശതമാനം പൊള്ളലേറ്റാല്‍ രോഗി മരിക്കുന്നതിനുള്ള സാധ്യത കൂടുന്നു. വളരെ പ്രായം ചെന്നവരാണെങ്കില്‍ 60 ശതമാനം പൊള്ളല്‍പോലും മാരകമാണ്. രോഗിയെ അടിയന്തിരമായി ആശുപത്രിയിലെത്തിക്കണം. ഏതുതരം പൊള്ളലാണുണ്ടായത് എപ്പോള്‍ എങ്ങനെ സംഭവിച്ചു എന്നെല്ലാം അറിയുന്ന ഒരാള്‍ രോഗിയോടൊപ്പം ആശുപത്രിയില്‍ പോകുകയും വിവരങ്ങള്‍ ഡോക്‌ടറോടു പറയുകയും വേണം. ഗൗരവമേറിയ തീപ്പൊള്ളല്‍ കുടുതല്‍ പൊള്ളലേല്‍ക്കാതെ രോഗിയെ രക്ഷപ്പെടുത്തി കമ്പിളികൊണ്ട് മൂടുക. വസ്‌ത്രങ്ങള്‍ മെല്ലെ അഴിച്ചുമാറ്റുകയോ അഴിക്കാന്‍ വിഷമമാണെങ്കില്‍ മുറിച്ചുമാറ്റുകയോ ചെയ്യുക. തീപ്പൊള്ളലേറ്റ ചര്‍മത്തില്‍ വസ്‌ത്രം ഒട്ടിപ്പിടിച്ചിട്ടുണ്ടെങ്കില്‍ പിടിച്ചുവലിക്കാതിരിക്കുക. രോഗിയെ സമാധാനിപ്പിച്ച ശേഷം നിലത്തു കിടത്തുക. കിടത്തുമ്പോള്‍ പൊള്ളിയഭാഗം നിലത്തുതട്ടാതെ നോക്കണം. പൊള്ളലേറ്റഭാഗത്ത് തണുത്തവെള്ളം ചുരുങ്ങിയത് 10 മിനിട്ട് ഒഴിക്കുക. രോഗിയുടെ അവസ്‌ഥ വളരെ ഗുരുതരമാണെങ്കില്‍ വെള്ളമൊഴിച്ച് സമയം കളയരുത്. അധികം തണുത്തവെള്ളമോ ഐസ് വെള്ളമോ, വളരെ കൂടുതല്‍ വെള്ളമോ ഒഴിക്കരുത്. (രോഗിയുടെ ശരീരതാപനില പെട്ടെന്ന് കുറഞ്ഞ് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകും.) പൊള്ളിയഭാഗത്തെ നീറ്റലും വേദനയും കുറയ്‌ക്കുക. നീര്‍ക്കെട്ട് കുറയ്‌ക്കുക. രോഗാണുബാധ തടയുക എന്നിവയാണ് പ്രഥമശുശ്രൂഷയുടെ പ്രധാന ലക്ഷ്യങ്ങള്‍. ശുദ്ധവായു കിട്ടാന്‍ ജനലുകളും വാതിലുകളും തുറന്നിടുക. ചുറ്റും കൂടിനില്‌ക്കുന്ന ജനങ്ങളെ മാറ്റുക.
പൊള്ളിയത് ഒരു വയസിന് താഴെയുള്ള കുട്ടി, വെള്ളമൂറുന്നതോ ശരീരത്തില്‍ കൂടുതല്‍ ഭാഗത്തു വ്യാപിച്ചതോ ആയ തീപ്പൊള്ളല്‍, കൈകാലുകള്‍, മുഖം, വായ, ജനനേന്ദ്രിയം, നാഡികള്‍, കണ്ണ് എന്നിവിടങ്ങളിലെ തീപ്പൊള്ളല്‍, പൊള്ളിയ ഭാഗത്ത് മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന വേദനയും ചുവപ്പുനിറവും, ഏറ്റവും ആഴത്തിലുള്ള പൊള്ളലുകള്‍, കുമിളകള്‍ ഉള്ള പൊള്ളലുകള്‍, രണ്ട് ദിവസത്തിനുശേഷം പൊള്ളല്‍ പഴുക്കുകയാണെങ്കില്‍, 7-10 ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊള്ളല്‍ ഉണങ്ങുന്നില്ലെങ്കില്‍, രാസവസ്‌തുക്കള്‍, ഇലക്‌ട്രിക്‌ഷോക്ക്, തിളയ്‌ക്കുന്ന ദ്രാവകങ്ങള്‍, ഇടിമിന്നല്‍ എന്നിവകൊണ്ടുള്ള പൊള്ളല്‍ ഇവയൊക്കെ അടിയന്തിരമായി വിദഗ്‌ധ ചികിത്സ ലഭിക്കേണ്ട സാഹചര്യങ്ങളാണ്.
1. തീപിടിച്ച വസ്‌ത്രങ്ങളുമായി രോഗി പരിഭ്രമിച്ച് ഓടാന്‍ അനുവദിക്കരുത് (കാറ്റ് തീ ആളിക്കത്തിക്കാന്‍ സഹായിക്കും.)
2. കമ്പിളികൊണ്ട് മൂടി രോഗിയെ തീപിടുത്തമുള്ള സ്‌ഥലത്തുനിന്നും മാറ്റുക.
3. തീപിടിച്ച വസ്‌ത്രം വേഗം അഴിച്ചുമാറ്റുക.
4. പൊള്ളലേറ്റ ഭാഗത്തേക്ക് തണുത്തവെള്ളം ധാരയായി ഒഴിക്കുകയോ തണുത്തവെള്ളത്തില്‍ 5-10 മിനിട്ട് മുക്കിവയ്‌ക്കുകയോ ചെയ്യുക.
5. മുക്കിവയ്‌ക്കാന്‍ പറ്റാത്തതായ മുഖം, നെഞ്ച്, പുറം എന്നീ ഭാഗങ്ങളില്‍ തണുത്ത് വെള്ളത്തില്‍ മുക്കിയ തുണിവച്ച് അല്‌പനേരം തണുപ്പിച്ചശേഷം ഉണക്കി രോഗാണുനാശകമായ ക്രീം പുരട്ടുക.
6. വിദഗ്‌ദ്ധചികിത്സ ലഭിക്കുന്നതുവരെ പൊള്ളലേറ്റ ഭാഗം വൃത്തിയുള്ള തുണികൊണ്ട് മൂടിവയ്‌ക്കാം. തലയിണയുറയോ, പ്ലാസ്‌റ്റിക്‌ബാഗോ ഇതിനുവേണ്ടി ഉപയോഗിക്കാം.
7. കൈകളില്‍ പൊള്ളലേറ്റിട്ടുണ്ടെങ്കില്‍ ഉടനെ വാച്ച്, മോതിരം, വള തുടങ്ങിയവയും കൈമൂടുന്ന വസ്‌ത്രവും അഴിച്ചുമാറ്റണം. അതുപോലെ കാലിലെ സോക്‌സ്, ഷൂ, സ്‌ത്രീകള്‍ ധരിക്കുന്ന പാദസരം, കാല്‍വിരല്‍ മോതിരം തുടങ്ങിയവയും പാന്റ്‌സും മറ്റും ഊരിമാറ്റേണ്ടതാണ്. (ക്രമേണ നീരുവച്ച് വീക്കമുണ്ടാവുമ്പോള്‍ അഴിച്ചുമാറ്റാന്‍ വിഷമമായിരിക്കും.)
8. തീപ്പൊള്ളലേറ്റ വ്യക്‌തിക്ക് മാനസിഘാതമുണ്ടാവാന്‍ വഴിയുണ്ട്. അതുകൊണ്ട് സാന്ത്വനവും ആശ്വാസവും നല്‌കുക. രോഗിയുടെ കഴുത്തിനു ചുറ്റുമുള്ള വസ്‌ത്രങ്ങള്‍ അയച്ചുവിടുക. ശുദ്ധവായു ലഭിക്കാനുള്ള സൗകര്യമുണ്ടാക്കുക. ശ്വാസനാളം തുറന്നുകിട്ടാനായി താടി ഉയര്‍ത്തി തല അല്‌പം പുറകോട്ടാക്കുക.
9. വായിലോ തൊണ്ടയിലോ പൊള്ളലേറ്റാല്‍ രോഗിക്ക് ശ്വാസതടസവും കടുത്ത വേദനയും ഉണ്ടാവും. തീപിടുത്തമുണ്ടാവുമ്പോള്‍ ഉണ്ടാവുന്ന പുക കാരണവും ശ്വാസതടസമുണ്ടാവാം. കുടിക്കാന്‍ തണുത്തവെള്ളം അല്‌പമായി കൊടുക്കാം. ശ്വാസതടസം കൂടുതലാണെങ്കില്‍ അടിയന്തിരചികിത്സ വേണ്ടിവരും. പൊള്ളലിനൊപ്പം മുറിവുകളോ രക്‌തസ്രാവമോ എല്ലുപൊട്ടലോ ഉണ്ടെങ്കില്‍ അതിനുള്ള പ്രഥമ ശ്രുശ്രുഷകള്‍ ചെയ്യുക.
10. ശ്വാസോച്‌ഛാസവും നാഡിമിടിപ്പും നില്‌ക്കുകയാണെങ്കില്‍ പുനരുജ്‌ജീവനം നല്കുക.
1. കുമിളകള്‍ക്കു മുകളില്‍ ഉരയ്‌ക്കുകയോ കുത്തിപ്പൊട്ടിക്കുകയോ ചെയ്യരുത്. ചര്‍മം ശരീരത്തിന്റെ ആവരണമാണ് കുമിള പൊട്ടിച്ചാല്‍ ചര്‍മം പൊട്ടി രോഗാണുബാധയുണ്ടാവും.
2. നെയ്യ്, വെണ്ണ, പൗഡര്‍, എന്തെങ്കിലും ദ്രാവകം, ഓയിന്റ്‌മെന്റ്, ലോഷന്‍ എന്നിവ പൊള്ളലേറ്റഭാഗത്തു പുരട്ടരുത്. (ശരീരത്തിന്റെ ചൂട് കൂടുതലായി കോശങ്ങള്‍ നശിച്ചുപോകാനോ അണുബാധയുണ്ടാവാനോ സാധ്യതയുണ്ട്.)
3. പൊള്ളലേറ്റ ഭാഗത്ത് ഐസ്‌വയ്‌ക്കുകയോ ഐസ്‌വെള്ളമൊഴിക്കുകയോ ചെയ്യരുത്.
4. പൊള്ളലേല്‍ക്കുന്നതോടൊപ്പം മുറിവും ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക.
5. മുറിവിന് മുകളില്‍ അന്യവസ്‌തുക്കള്‍ തറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ പിടിച്ചുവലിച്ചെടുക്കാതിരിക്കുക.
6. പൊള്ളലേറ്റ രോഗിക്ക് വെള്ളം വളരെ കുറച്ചു മാത്രം നല്‍കുക.
7. യാതൊന്നും കുടിക്കാനോ കഴിക്കാനോ കൊടുക്കാതിരിക്കുക.
(പിന്നീട് രോഗിയെ ബോധംകെടുത്തേണ്ടി വന്നാല്‍ പ്രശ്‌നമാകും.)
8. പൊള്ളലേറ്റഭാഗത്ത് ഒട്ടിപ്പിടിക്കുന്നതരം പഞ്ഞിയോ ചര്‍മത്തില്‍ ഒട്ടുന്നതരം ബാന്‍ഡേജുകളോ ഒട്ടിക്കാതിരിക്കുക.
കടപ്പാട് : ഡോ. നളിനി ജനാര്‍ദ്ദനന്‍