കല്യാണം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഒട്ടുമിക്ക ദമ്പതികളും നേരിടേണ്ടി വരുന്ന ചോദ്യമാണ് വിശേഷമായില്ലേ എന്ന്. ആദ്യമാദ്യം ഇതിനെ അവഗണിച്ച് വിട്ടാലും പോകെപ്പോകെ ചോദ്യത്തിന്റെ മട്ടും ഭാവവും മാറും. ആര്‍ക്കാണ് കുഴപ്പമെന്നാകും പിന്നീടുള്ള ചോദ്യങ്ങള്‍. കുട്ടികള്‍ പതുക്കെ മതി എന്ന് ചിന്തിക്കുന്നവരെ ബാധിക്കില്ലെങ്കിലും ഒരു കുഞ്ഞിനായി ശ്രമിച്ചിട്ടും സാധിക്കാത്തവരെ ഏറെ വിഷമിപ്പിക്കുന്നതാണ് ഇത്തരം ചോദ്യങ്ങള്‍. പണ്ടുകാലത്ത് കുട്ടികള്‍ ഉണ്ടാകാതിരുന്നാല്‍ സ്ത്രീയുടെ പ്രത്യുല്‍പാദനക്ഷമത ചോദ്യം ചെയ്യുന്നതും പുരുഷ വന്ധ്യത സൗകര്യപൂര്‍വ്വം മറക്കുന്നതും സര്‍വസാധാരണമായിരുന്നു. എന്നാല്‍ ഇന്ന് പുരുഷ വന്ധ്യതയെക്കുറിച്ചും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
എന്താണ് വന്ധ്യത?
ഒരു വര്‍ഷത്തെ സ്വാഭാവിക ലൈംഗിക ബന്ധത്തിന് ശേഷം ഗര്‍ഭം ധരിക്കാനുള്ള കഴിവില്ലാത്തതാണ് വന്ധ്യത. സാധാരണഗതിയില്‍ ലൈംഗികബന്ധം തുടങ്ങി ഒരു മാസത്തിനകം ഗര്‍ഭം ധരിക്കാനുള്ള സാധ്യത 20 ശതമാനമാണ്. ആറുമാസത്തിനകം ഇത് 70 ശതമാനമാകാം. ഒരു വര്‍ഷത്തിനകമാണെങ്കില്‍ 85 ശതമാനവും, ഒന്നര വര്‍ഷത്തിനകം 90 ശതമാനവും രണ്ടുവര്‍ഷത്തിനകം 95 ശതമാനവുമാകും. വന്ധ്യതയുടെ കാരണങ്ങളില്‍ പുരുഷന്മാരും സ്ത്രീകളും തുല്യ പങ്കാളികളാണ്. മറ്റ് അജ്ഞാതമായ കാരണങ്ങളും ഗര്‍ഭധാരണം വൈകാന്‍ കാരണമായേക്കാം.
പുരുഷ വന്ധ്യതയുടെ കാരണങ്ങള്‍
ഒരു സ്ത്രീയെ ഗര്‍ഭം ധരിക്കാനും കുട്ടിയുടെ ഗര്‍ഭധാരണത്തിന് ജനിതക വസ്തുക്കള്‍ നല്‍കാനുമുള്ള പുരുഷന്റെ കഴിവിനെയാണ് പുരുഷന്റെ പ്രത്യുല്‍പാദനക്ഷമത എന്ന് വിളിക്കുന്നത്. ഇത് ബീജത്തിന്റെ ഗുണനിലവാരം, അളവ്, ബീജത്തിന്റെ ചലന ശേഷി, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ജനിതക ഘടകങ്ങള്‍, പ്രത്യുല്‍പാദന വ്യവസ്ഥയുടെ തകരാറുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിക്കുന്നുണ്ട്.
ജീവിത ശൈലി വന്ധ്യതക്ക് വഴിയൊരുക്കും
അമിത മദ്യപാനം, പുകവലി, മയക്കുമരുന്ന് ഉപയോഗം, പൊണ്ണത്തടി, സമ്മര്‍ദ്ദം മറ്റ് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, ആരോഗ്യപരമായ അവസ്ഥകള്‍ തുടങ്ങി ജീവിത ശൈലിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും കാരണമായേക്കാം. നിക്കോട്ടിന്‍ അടങ്ങിയ മരുന്നുകളുടെ ഉപയോഗവും ഉറക്ക കുറവിനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കഴിവിനെ എന്നിവയെ പ്രതികൂലമായി ബാധിക്കും. ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുന്നത് വഴി ബീജത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും വന്ധ്യത പരിഹരിക്കാനും വഴിയൊരുക്കും.
പാരിസ്ഥിതിക കാരണങ്ങള്‍
കീടനാശിനികള്‍, രാസവസ്തുക്കള്‍, ഹെവി മെറ്റല്‍സ്, റേഡിയേഷന്‍ എന്നിവയുമായുള്ള സംസര്‍ഗം ബീജത്തിന്റെ പ്രവര്‍ത്തനത്തെയും ഉല്‍പാദനത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട്. ഇത്തരം പാരിസ്ഥിതിക കാരണങ്ങള്‍ ഒഴിവാക്കുന്നതും വന്ധ്യത പരിഹരിക്കാന്‍ സഹായിക്കും.
മെഡിക്കല്‍ സാഹചര്യങ്ങള്‍
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, അണുബാധകള്‍, ജനിതക തകരാറുകള്‍ തുടങ്ങിയ ചില രോഗാവസ്ഥകള്‍ പുരുഷ വന്ധ്യതയ്ക്ക് കാരണമാകും. സമയബന്ധിതമായ മെഡിക്കല്‍ ഇടപെടലും ചികിത്സയും തേടുന്നത് ഈ അടിസ്ഥാന അവസ്ഥകളെ പരിഹരിക്കാന്‍ കഴിയും.
പ്രായവും കാരണക്കാരനാണ്
സ്ത്രീകളെ പോലെ പുരുഷന്മാരിലും പ്രായവും വന്ധ്യതക്ക് കാരണമാകുന്നുണ്ട്. പ്രായം വര്‍ദ്ധിക്കുന്നത് ബീജത്തിന്റെ ഗുണനിലവാരം കുറക്കുന്നതിനും കുട്ടികളില്‍ ജനിതക വൈകല്യങ്ങളുണ്ടാകാനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
കൃത്യമല്ലാത്ത ലൈംഗിക ബന്ധം
ശരിയായ ലൈംഗിക ബന്ധം ഉണ്ടായാലേ ഗര്‍ഭധാരണം നടക്കൂ. തുറന്ന സംസാരവും ഫോര്‍പ്ലേയും ശരിയായ ലൈംഗിക ബന്ധത്തിന് ആവശ്യമാണ്. ധൃതിപ്പെടാതെ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കി സമയമെടുത്ത് മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. ലൈംഗികാവയവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പ്രത്യുല്‍പാദനക്ഷമതയെ ബാധിക്കും.
എങ്ങനെ കണ്ടെത്താം?
പുരുഷ പ്രത്യുല്‍പ്പാദനത്തിന്റെ കാരണം വിശകലനം ചെയ്യുന്നതിനുള്ള അടിസ്ഥാന ചികിത്സയാണ് ബീജ വിശകലനം. പരിശോധനാഫലം തെറ്റാനുള്ള സാധ്യതകള്‍ ഉള്ളതിനാല്‍ വിദഗ്ധനായ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ആധികാരിക ലാബില്‍ മാത്രം പോകുക.
ചികിത്സാ രീതികള്‍?
പ്രത്യുല്‍പാദനക്ഷമതയെ ബാധിക്കുന്ന മെഡിക്കല്‍ അവസ്ഥകളുള്ള വ്യക്തികള്‍ സ്വയം ചികിത്സയ്ക്ക് മുതിരരുത്. കൃത്യമായ വൈദ്യോപദേശം തേടുന്നത് നിര്‍ണായകമാണ്. ഹോര്‍മോണ്‍ തെറാപ്പികള്‍, ആന്റിബയോട്ടിക്കുകള്‍, വെരിക്കോസെലെസ് ശസ്ത്രക്രിയ, അണുബാധക്കുള്ള ആന്റിബയോട്ടിക്കുകള്‍, കൗണ്‍സിലിങ്ങുകള്‍ എന്നിവയും ഉള്‍പ്പെടും.
ജീവിതശൈലിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയും പോഷകാഹാരങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യാം
ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള വ്യായാമങ്ങള്‍, പുകവലി, അമിതമായ മദ്യപാനം തുടങ്ങിയ ദോഷകരമായ ശീലങ്ങള്‍ ഒഴിവാക്കുക തുടങ്ങി ജീവിതശൈലിയില്‍ കൊണ്ടുവരാന്‍ കഴിയുന്ന ലളിതമായ മാറ്റങ്ങള്‍ പ്രത്യുല്‍പാദനക്ഷമതയെ നല്ല രീതിയില്‍ സ്വാധീനിക്കും. ആന്റിഓക്സിഡന്റുകള്‍, മിനറലുകള്‍, വിറ്റാമിനുകള്‍ തുടങ്ങിയവയും ഭക്ഷണത്തിന്റെ ഭാഗമാക്കുക. ബീജത്തിന്റെ ഗുണനിലവാരവും ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കാനും ഇവ സഹായിക്കും.
അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി (എ.ആര്‍.ടി)
പുരുഷ വന്ധ്യത പരിഹരിക്കാനുള്ള നൂതന ചികിത്സ രീതികളാണ് അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി. ഇന്‍ട്രാ യൂട്രസ് ഇന്‍സെമിനേഷന്‍ (ഐ.യു.ഐ), ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐ.വി.എഫ്), ഇന്‍ട്രാസൈറ്റോപ്ലാസ്മിക് സ്‌പേം ഇഞ്ചക്ഷന്‍ (ഐ.സി.എസ്.ഐ), ടെസ്റ്റിക്കുലാര്‍ സ്‌പേം എക്‌സ്ട്രാക്ഷന്‍ (ടി.ഇ.എസ്.ഇ ) തുടങ്ങിയവയെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്.
ഇന്‍ട്രാ യൂട്രസ് ഇന്‍സെമിനേഷന്‍
പുരുഷ ബീജം നേരിട്ട് ഗര്‍ഭാശയത്തിലേക്ക് കുത്തിവയ്ക്കുന്ന ചികിത്സ രീതിയാണിത്. ബീജം ശേഖരിച്ച് ഏറ്റവും മികച്ചതും ആരോഗ്യകരവും പൂര്‍ണമായി വികസിച്ചതും മാത്രമേ ബീജ സങ്കലനത്തിന് ഉപയോഗിക്കുകയുള്ളൂ.
ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍
ഏറ്റവും ഫലപ്രദമായ കൃത്രിമ ബീജസങ്കലന രീതികളില്‍ ഒന്നാണിത്. ശരീരത്തിന് പുറത്ത് വച്ച് അണ്ഡവും ബീജവും കൃത്രിമമായി സംയോജിപ്പിക്കും. കൃത്രിമ ബീജസങ്കലനത്തിലൂടെ ഉണ്ടാക്കിയ ഭ്രൂണം ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
ഇന്‍ട്രാസൈറ്റോപ്ലാസ്മിക് സ്‌പേം ഇഞ്ചക്ഷന്‍
ഒരു ബീജം അണ്ഡത്തില്‍ കുത്തിവച്ച് ബീജം കുറവുള്ളവര്‍ക്ക് ഫലപ്രദമാകുന്ന ചികിത്സാരീതിയാണിത്.
സ്‌പേം ഡി.എന്‍.എ ഫ്രാഗ്മെന്റേഷന്‍ ടെസ്റ്റിംഗ്
ചില ആളുകളില്‍ ബീജത്തിലെ ജനിതക ഘടകമായ ഡി.എന്‍.എക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് മൂലം ഗര്‍ഭം അലസാനുള്ള ഉയര്‍ന്ന സാധ്യതകളുണ്ട്. ബീജത്തിന്റെ ഡി.എന്‍.എ പരിശോധക്കാനുള്ള നൂതന മാര്‍ഗ്ഗങ്ങള്‍ ഇന്ന് നിലവിലുണ്ട്. ഡി.എന്‍.എ ഘടകങ്ങള്‍ പരിശോധന നടത്തി വേണ്ട ചികിത്സ നല്‍കുന്നതിലൂടെ വന്ധ്യത പരിഹരിക്കാന്‍ കഴിയും
സ്‌പേം ക്രയോ പ്രിസര്‍വേഷന്‍
ചികിത്സകളോ ശസ്ത്രക്രിയകളോ മൂലം പ്രത്യുല്‍പാദനക്ഷമത നഷ്ടമാകാനുള്ള സാഹചര്യങ്ങളില്‍, ബീജം ക്രയോപ്രിസര്‍വേഷന്‍ പോലുള്ള ആധുനിക ചികിത്സകള്‍ വഴി ഭാവിയില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ശുക്ലത്തില്‍ നിന്ന് ബീജം വേര്‍തിരിച്ചെടുത്ത് ശീതീകരിച്ച് സൂക്ഷിക്കുകയാണ് ചെയ്യുന്നത്.
മൈക്രോ ടെസി
പുരുഷവന്ധ്യത നേരിടുന്നവര്‍ക്ക് ഏറെ ആശ്വാസകരമായ ചികിത്സാ രീതിയാണ് മൈക്രോ ടി.ഇ.എസ്.ഇ, അഥവാ മൈക്രോ സര്‍ജിക്കല്‍ ടെസ്റ്റിക്കുലാര്‍ സ്‌പേം എക്‌സ്ട്രാക്ഷന്‍. ഐ.വി.എഫ്, ഐ.സി.എസ്.ഐ പോലുള്ള വന്ധ്യത ചികിത്സകള്‍ക്കായി വൃഷണങ്ങളില്‍ നിന്ന് നേരിട്ട് ബീജം എടുക്കുകയാണ് ചെയ്യുന്നത്. ബീജം വേര്‍തിരിച്ചെടുക്കുന്നതിനുള്ള മറ്റ് പരമ്പരാഗത എക്‌സ്ട്രാക്ഷന്‍ രീതികളെ അപേക്ഷിച്ച് കൂടുതല്‍ കൃത്യവും ഫലപ്രദവുമായ നൂതന ചികിത്സയാണിത്. ശക്തമായ ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് നടത്തുന്ന ശസ്ത്രകൃയ ആയതിനാല്‍ കൂടുതല്‍ കൃത്യമായി ബീജം വഹിക്കുന്ന കോശങ്ങള്‍ തിരിച്ചറിയാനും വേര്‍തിരിച്ചെടുക്കാനും കഴിയും.
കുട്ടികള്‍ക്കായി ശ്രമിക്കുന്ന ദമ്പതികള്‍ സ്ത്രീയുടെ പ്രത്യുല്‍പാദനക്ഷമത പോലെ തന്നെ പുരുഷ പ്രത്യുത്പാദനക്ഷമതയും അതുമായി ബന്ധപ്പെട്ട ഘടകങ്ങളും മനസ്സിലാക്കുന്നത് നിര്‍ണായകമാണ്. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെയും ഫെര്‍ട്ടിലിറ്റി സ്‌പെഷ്യലിസ്റ്റുകളുടെ വൈദഗ്ധ്യം തേടുന്നതിലൂടെയും ലഭ്യമായ ചികിത്സാ ഓപ്ഷനുകള്‍ പര്യവേക്ഷണം ചെയ്യുന്നതിലൂടെയും, വ്യക്തികള്‍ക്ക് പുരുഷ വന്ധ്യതയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ തരണം ചെയ്യാന്‍ കഴിയും.
പുരുഷ വന്ധ്യതക്കുള്ള ചികിത്സകളില്‍ വലിയ മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും,കൂടുതല്‍ ഗവേഷണവും വികസനവും അത്യന്താപേക്ഷിതമാണ്. സ്റ്റെം സെല്‍ തെറാപ്പി, ജീന്‍ തെറാപ്പി, റീജനറേറ്റീവ് മെഡിസിന്‍ തുടങ്ങിയ അത്യാധുനിക രീതികള്‍ക്കുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്, ഇത് ഭാവിയില്‍ പുരുഷ വന്ധ്യത ചികിത്സിയില്‍ വിപ്ലവം സൃഷ്ടിക്കും.