അനൂപ് മേനോന്റെ തിരക്കഥയിൽ വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് ട്രിവാൻഡ്രം ലോഡ്ജ്. ഒരു പക്കാ ന്യൂ ജെൻ ചിത്രമായ ട്രിവാൻഡ്രം ലോഡ്ജ് അതിന്റെ ബോൾഡായ കഥാഗതിയാലും പൂർണമായും വേറിട്ട കഥാപാത്രങ്ങളാലും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഹി്റ്റ് ചിത്രമൊരുക്കിയ കൂട്ടുകെട്ട് വി കെ പ്രകാശും അനൂപ് മേനോനും വീണ്ടുമൊന്നിക്കുകയാണ് വീണ്ടും. ചിത്രത്തിന് 'മദ്രാസ് ലോഡ്ജ്' എന്നാണ് പേരിട്ടിരിക്കുന്നത്.
ആറ് വർഷത്തിന് ശേഷമാണ് അനൂപ് മേനോൻ ഒരു സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്. മദ്രാസ് ലോഡ്ജ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നത് അനൂപ് മേനോനാണ്. തന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലാണ് അനൂപ് മേനോൻ ചിത്രത്തിന്റെ പോസ്റ്റർ പങ്ക് വച്ചിരിക്കുന്നത്. 999 ന്റെ ബാനറിൽ നോബിൾ ജോസാണ് ചിത്രത്തിന്റെ നിർമ്മാതാവ്.
'എന്നാൽ ട്രിവാൻഡ്രം ലോഡ്ജിന്റെ രണ്ടാം ഭാഗമല്ല മദ്രാസ് ലോഡ്ജ്' എന്നാണ് അനൂപ് മേനോൻ സിനിമയെക്കുറിച്ച് പ്രതികരിച്ചത്. ''കഥ ഏകദേശം പൂർത്തിയായി. അഭിനേതാക്കളെയോ മറ്റ് അണിയറപ്രവർത്തകരെയോ തീരുമാനിച്ചിട്ടില്ല. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ വച്ചായിരിക്കും ഷൂട്ടിങ്. ഓഗസ്റ്റ് അവസാനത്തോടെ മാത്രമേ ചിത്രത്തെക്കുറിച്ച് പൂർണ്ണവിവരങ്ങൾ പറയാൻ കഴിയൂ.'' അനൂപ് മേനോൻ പറയുന്നു.
മിയ നായികയായി അഭിനയിച്ച 'എന്റെ മെഴുതിരി അത്താഴങ്ങൾ' എന്ന ചിത്രമാണ് അനൂപ് മേനോൻ ഏറ്റവും ഒടുവിലായി അഭിനയിച്ച സിനിമ. സൂരജ് തോമസ് സംവിധാനം ചെയ്ത് ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.