ഈ മ യൗവിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിൽ വിനായകൻ നായകനാവുന്നതായി റിപ്പോർട്ടുകൾ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. പോത്ത് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിനായകനാണ്. ഇപ്പോഴിതാ മറ്റൊരു വിശേഷം കൂടി പുറത്ത് വന്നിരിക്കുകയാണ്. സെപ്റ്റംബറിൽ ഹൈറേഞ്ചിൽ ചിത്രീകരണം ആരംഭിക്കുന്ന ലിജോ ജോസ് പല്ലിശേരി ചിത്രത്തിലൂടെ വിനായകനെ ഒരു കോടി രൂപയുടെ ക്ലബിലേയ്ക്ക് പ്രവേശിക്കുകയാണെന്നാണ് പുതിയ വിശേഷം.
കാരണം ഈ ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാനായി നടൻ ഒരു കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോർട്ട്.കമ്മട്ടിപ്പാടത്തിനു ശേഷം മികച്ച കഥാപാത്രങ്ങളാണ് വിനായകനെ തേടി എത്തുന്നത്. താരത്തെ കേന്ദ്ര കഥാപാത്രമാക്കി വമ്പൻ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. അതുകൊണ്ട് തന്നെ പ്രതിഫലത്തിന്റെ കാര്യത്തിലും വിനായകൻ മുൻനിരയിലെത്തിയിരിക്കുകയാണ്.
ആട് രണ്ട്, ഇമയൗ തുടങ്ങിയ സിനിമകളുടെ വിജയം വിനായകന്റെ സാറ്റലൈറ്റ് വാല്യു കുതിച്ചു കയറ്റിയിരിക്കുകയാണ്. മലയാളത്തിലെ താരങ്ങളിൽ കൂടുതൽ ഫാൻസുള്ള നടനായി വിനായകൻ മാറിക്കഴിഞ്ഞു. വിനായകനൊപ്പം അങ്കമാലി ഡയറീസിലെ നായകനായ ആന്റണി വർഗ്ഗീസ് അടക്കം സിനിമയിലുണ്ട്. സിനിമയിൽ 40 ദിവസം നീണ്ടു നിൽക്കുന്ന ശാരീരിക അദ്ധ്വാനം വേണ്ടി വരും. ഏറെ സാഹസികമായാണ് ഹൈറേഞ്ചിൽ സിനിമ ചിത്രീകരിക്കുന്നത്.
വിനായകൻ നായകനായി ലീല സന്തോഷ് ഒരുക്കുന്ന കരിന്തണ്ടൻ എന്ന വമ്പൻ ചിത്രവും അണിയറയിൽ തയാറാകുന്നുണ്ട്.