മലയാള സിനിമയിലെ 100 കോടി കളക്ഷന്‍ തള്ള് മാത്രമാണെന്ന് വ്യക്തമാക്കി നിര്‍മ്മാതാവ് സുരേഷ് കുമാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നാല് കോടി ബജറ്റില്‍ എടുക്കാനിരുന്ന 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' എന്ന ചിത്രം സംവിധായകനായ രതീഷ് ബാലകൃഷ്ണന്‍ 20 കോടി ബജറ്റില്‍ എടുത്തതിനെ തുടര്‍ന്ന് നിര്‍മ്മാതാവ് പാപ്പരായ കഥ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പങ്കുവച്ചതും ചര്‍ച്ചയായിരുന്നു. ഈ വിഷയങ്ങളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. ചിലവ് കൂട്ടുന്ന സംവിധാകനെ വിലക്കുകയും യുവനടന്മാര്‍ വലിയ പ്രതിഫലം ചോദിക്കുകയാണെങ്കില്‍ കൊടുക്കാതിരിക്കണം എന്നാണ് വേണു കുന്നപ്പിള്ളി പറയുന്നത്.
വേണു കുന്നപ്പിള്ളിയുടെ വാക്കുകള്‍: ചില കൊടൂര ചിന്തകള്‍: സിനിമയുടെ ജയപരാജയങ്ങളെ കുറിച്ചും, നഷ്ട ലാഭങ്ങളെ കുറിച്ചുമുള്ള ചര്‍ച്ചകളുമായി മുന്നോട്ടുപോകുന്ന സമയമാണിത്. സിനിമാ അസോസിയേഷന്‍ ഏതാനും ദിവസം മുന്നേ പുറത്തുവിട്ട ആധികാരികമായ വിവരങ്ങള്‍, ആശ്ചര്യജനകവും, ഞെട്ടിക്കുന്നതുമാണ്. വര്‍ഷങ്ങളായി നഷ്ടത്തിലോടുന്ന മലയാള സിനിമാ വ്യവസായിരത്തിലേക്ക് അറിഞ്ഞും, അറിയാതേയും വീണ്ടും വീണ്ടും നിര്‍മ്മാതാക്കള്‍ എത്തിക്കൊണ്ടേയിരിക്കുന്നു. എന്തായിരിക്കാമിതിന് കാരണം? യാതൊരു നീതീകരണവുമില്ലാത്ത രീതിയില്‍ സിനിമയുടെ ചിലവുകള്‍ വര്‍ധിച്ചു കൊണ്ടേയിരിക്കുന്നു.
ഒരു സിനിമയുടെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും ഏകപക്ഷീയമായി ഏറ്റെടുക്കുന്നു നായകനടന്മാര്‍, പരാജയത്തില്‍ ഞാനൊന്നും അറിഞ്ഞില്ലേ, ഞാനീ നാട്ടുകാരനല്ല എന്ന രീതിയില്‍ അടുത്ത സിനിമയിലേക്ക് വീണ്ടും ശമ്പളം കൂട്ടി ഓടിമറയുന്നു. ഇല്ലാക്കഥകള്‍ പറഞ്ഞ് നിര്‍മ്മാതാവിനെ സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകനോ എഴുത്തുകാരനോ, കബളിപ്പിക്കപ്പെട്ട പാവപ്പെട്ട പ്രൊഡ്യൂസറെ ദുരിതത്തിലേക്ക് തള്ളിവിട്ട്, അടുത്ത സിനിമയുടെ പുറകേ പോകുന്നു. കഴിഞ്ഞ ദുരന്ത സിനിമയുടെ ഇല്ലാത്ത ലാഭ കഥകള്‍ പറഞ്ഞ്, പുതിയൊരാള്‍ക്ക് വേണ്ടിയുള്ള വേട്ടയാരംഭിക്കുന്നു. സ്വന്തം കീശയില്‍ കാശ് കിടക്കുമ്പോള്‍ സ്വതന്ത്രമായി എന്തു തീരുമാനമെടുക്കാനും നിര്‍മ്മാതാവിന് അവസരമുണ്ട്.
ആ അവസരം നഷ്ടപ്പെടുത്തി പിന്നെ ദുഃഖിച്ചിട്ട് എന്തുകാര്യം. ദുരന്ത സിനിമകള്‍ ഏറെയും സമ്മാനിക്കുന്ന യുവകുമാരന്മാര്‍ എത്ര ശമ്പളം വേണമെങ്കിലും ചോദിച്ചോട്ടെ. അവര്‍ വന്നു തട്ടിപ്പറിച്ചു കൊണ്ടുപോകുന്നില്ലല്ലോ? കൊടുക്കാന്‍ പറ്റാത്ത ശമ്പളം കൊടുക്കാതിരിക്കുക, സിമ്പിള്‍! സിനിമയില്‍ ജൂനിയറായ ആര്‍ട്ടിസ്റ്റുകളും, പിന്നണി പ്രവര്‍ത്തകരും അധ്വാനത്തിന് ആനുപാതികമല്ലാത്ത ചെറിയ ശമ്പളം കൈപ്പറ്റുമ്പോള്‍, ഒരു നീതീകരണവുമില്ലാതെ ഭൂരിഭാഗവും കൈക്കലാക്കുന്നത് മേല്‍പ്പറഞ്ഞ ആളുകളാണ്. ഇല്ലാക്കഥകള്‍ പറഞ്ഞൊരു സിനിമ തുടങ്ങിയിട്ട് പിന്നെ നെറുകേടിന്റെ നേര്‍ചിത്രമാണ് പലപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്.
എന്നാല്‍ 100, 300 ശതമാനം വരെ ചെലവ് കേറുമ്പോഴും സന്തോഷവാനായി ഒരു കൂസലുമില്ലാതെയിരിക്കുന്ന സംവിധായകനെ എന്തു പറയാനാണ് ? ഇവര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താനോ, അല്ലെങ്കില്‍ പുതിയതായി വരുന്ന നിര്‍മാതാക്കളോട് ഇവരുടെ വീരഗാഥകള്‍ പറഞ്ഞുകൊടുക്കാനോ അസോസിയേഷനുകള്‍ക്ക് സാധിക്കില്ലേ? കൊടൂര നഷ്ടം വരുത്തിയ സിനിമകളുടെ നായകനും, സംവിധായകനുമെല്ലാം വീണ്ടും വീണ്ടും അതിലും വലിയ സിനിമകള്‍ ചെയ്യുന്ന കാണുമ്പോള്‍ സത്യത്തില്‍ 'അമ്മേമ്മേ' എന്ന് വിളിച്ചു പോകുന്നു... എത്ര നഷ്ടമായാലും നിര്‍മാതാവിനെ കൊന്നു കൊല വിളിച്ചാണ് ഇവര്‍ മുന്നോട്ടു പോകുന്നത്.. സിനിമ തുടങ്ങിയാല്‍ പിന്നെ ഇവരുടെ ചെലവുകള്‍ക്ക് പരിധികളില്ല... ഒരുമാതിരി ദത്തെടുത്ത പോലെയാണ് പിന്നെത്തെ കാര്യങ്ങള്‍. ബിസിനസ് ക്ലാസില്‍ നിന്ന് ഫസ്റ്റ് ക്ലാസിലേക്കും, തരം കിട്ടിയാല്‍ പൈലറ്റിന്റെ സൈഡില്‍ പോലും ഇരിക്കാനവര്‍ ആവശ്യപെട്ടേക്കാം.
ഫൈസ്റ്റാര്‍ ഹോട്ടലിലെ സ്യൂട്ട്‌റൂം, ഏറ്റവും മുന്തിയ കാറുകളും ഫൈസ്റ്റാര്‍ ഭക്ഷണവുമെല്ലാം ഇവരുടെ ചെറിയ ആവശ്യങ്ങള്‍ മാത്രം... സിനിമയെടുക്കാന്‍ വരുന്ന നിര്‍മ്മാതാക്കള്‍ അത് തുടങ്ങുന്നതിനു മുന്നേ, കണ്ണീച്ചോരയില്ലാത്ത ഇതുപോലുള്ളവരെ പറ്റി ഒരു ചെറിയ അന്വേഷണം നടത്തിയാല്‍ നഷ്ട സ്വര്‍ഗത്തിലേക്കുള്ള പോക്ക് കുറക്കാനാകുമെന്നാണ് തോന്നുന്നത്. മലയാള സിനിമയുടെ നഷ്ട കണക്കുകള്‍ പറഞ്ഞു പരിതപിക്കുമ്പോള്‍, കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന സംഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ തന്നെയാണ് പലപ്പോഴും ഈ തോന്ന്യവാസങ്ങള്‍ക്ക് കുടപിടിക്കുന്നത്. സ്വന്തം താല്പര്യങ്ങള്‍ക്കൊപ്പം, സിനിമാ വ്യവസായത്തിന്റെ ഉന്നമനത്തിനുമിവര്‍ പ്രാധാന്യം കൊടുത്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ?