സ്‌കൂള്‍ കലോത്സവ സ്വാഗത ഗാനത്തിന് കുട്ടികളെ നൃത്തം പഠിപ്പിക്കാന്‍ ഒരു നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായി മന്ത്രി വി. ശിവന്‍കുട്ടി. യുവജനോത്സവം വഴി വളര്‍ന്നു വന്ന ഒരു പ്രശസ്ത സിനിമാനടിയാണ് ഇത്തരത്തില്‍ പെരുമാറിയത്. സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാകുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണ ഗാനത്തിനു വേണ്ടിയാണ് നടിയെ സമീപിച്ചത്. യുവജനോത്സവം വഴി വളര്‍ന്നു വന്ന ഒരു പ്രശസ്ത സിനിമാനടിയോട് കുട്ടികളെ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാമോ എന്ന് ചോദിച്ചു. അവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ പത്ത് മിനറ്റ് നൃത്തത്തിന് അവര്‍ പ്രതിഫലം ചോദിച്ചത് അഞ്ച് ലക്ഷം രൂപയാണ്.
സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് നൃത്തത്തില്‍ വിജയിച്ചതു കാരണമാണ് സിനിമയിലെത്തുന്നത്. ഇത്തരക്കാര്‍ പിന്‍തലമുറയിലുള്ള കുട്ടികള്‍ക്ക് മാതൃകയാകേണ്ടവരാണ്. കുറച്ചു സിനിമയും കുറച്ചു കാശും ആയപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ്. കേരളത്തിലെ 47 ലക്ഷം വിദ്യാര്‍ഥികളോടാണ് ഈ നടി അഹങ്കാരം കാണിച്ചിരിക്കുന്നതെന്ന് നടിയുടെ പേര് പരാമര്‍ശിക്കാതെ മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്ക് ഏറെ വേദനിപ്പിച്ച സംഭവമാണിത്. ഇത്രയും വലിയ തുക നല്‍കി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ട എന്നു തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗത ഗാനം പഠിപ്പിക്കാന്‍ തീരുമാനിച്ചു.