പഴകും തോറും വീര്യമുളള വീഞ്ഞാണ് ഒരു അഭിനേതാവ് എന്ന പ്രയോഗം അര്‍ത്ഥവത്താക്കുന്ന നടിയാണ് ഉര്‍വ്വശി. ഒരു കാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നിന്ന താരം ഇപ്പോഴും അഭിനയത്തില്‍ തനിക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. മറ്റു നായികമാരില്‍ നിന്നും വ്യത്യസ്തമായി എല്ലാ തരം കഥാപാത്രങ്ങളും അനായാസം അവതരിപ്പിക്കുമെന്നതാണ് ഉര്‍വ്വശിയുടെ പ്രത്യകത. അതുകൊണ്ടു തന്നെ ഒരു തരം കഥാപാത്രങ്ങളിലേക്ക് താരം ഒതുങ്ങി പോയതുമില്ല.
സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരത്തിന്റെ മൂന്ന് ചിത്രങ്ങളാണ് ഇപ്പോള്‍ കയ്യടി നേടുന്നത്. ഉഗ്രന്‍ മടങ്ങിവരവാണ് താരം തെന്നിന്ത്യയിലേക്ക് നടത്തിയത്. വിവാഹവും പ്രായവുമെല്ലാം സാധാരണ നായികമാരെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കാരണങ്ങളാകുമ്പോള്‍ നായകന്മാര്‍ പ്രായം എത്ര കടന്നാലും മുന്‍നിരയില്‍ നില്‍ക്കും എന്നതാണ് മലയാള സിനിമയുടെ പ്രത്യേകത.
എന്നാല്‍ സുരറൈ പോട്രു എന്ന ഒറ്റ സിനിമ കൊണ്ട് തന്നെ ഉര്‍വശി എന്ന നടിയ്ക്ക് സിനിമാ പ്രേക്ഷകര്‍ ഒരു വിശേഷണം നല്‍കിയിരിക്കുകയാണ്. ലേഡീ മോഹന്‍ലാല്‍ എന്ന വിശേഷണം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി കൊണ്ടിരിക്കുകയാണ്. എന്നാല്‍
അങ്ങനെയൊരു പ്രശംസയെ താന്‍ അംഗീകരിക്കുന്നില്ലെന്ന് തുറന്നു സമ്മതിക്കുകയാണ് നടി. അതിന്റെ കാരണത്തക്കുറിച്ചും താരം ഒരു പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.
'എന്നെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ എന്ന പലതും വിളിക്കാറുണ്ട്. അത് വേണ്ട എന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ എല്ലാ കാലത്തും തരക്കേടില്ലാത്ത ഒരു നടിയായി എന്റെ പേരില്‍ തന്നെ അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതാണ് ശ്വാശതമെന്ന് കരുതുന്നു. ഇപ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്നവര്‍ തന്നെ എന്റെ കരിയര്‍ അല്പം മങ്ങുമ്‌ബോള്‍ അത് തിരുത്തി വിളിക്കും. മാത്രമല്ല ലാലേട്ടന്‍ വലിയ നടനല്ലേ?അദ്ദേഹത്തോട് നമ്മുടെ പേര് ചേര്‍ത്തു വയ്ക്കുന്നത് ശരിയല്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഓരോരുത്തരും അവരുടെ തന്നെ പേരില്‍ അറിയപ്പെടട്ടെ'. ഉര്‍വശി പറയുന്നു.