മലയാള സിനിമയിലെ പെരുന്തച്ചന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ആറ് വയസ്. കാലം കവര്‍ന്നെടുത്തെങ്കിലും തിലകന്‍ ബാക്കിവച്ച ഓര്‍മകള്‍ മലയാള സിനിമയുടെ എക്കാലത്തേയും മുതല്‍ക്കൂട്ടാണ്. തനിക്ക് കിട്ടുന്ന ഏത് കഥാപാത്രത്തേയും ജീവസുറ്റതായി അവതരിപ്പിക്കാന്‍ കഴിയുന്ന മാന്ത്രികതയാണ് തിലകന്റെ പ്രത്യേകത. ഈ മന്ത്രികത തിലകന്‍ അവതരിപ്പിച്ച ഏതൊരു കഥാപാത്രത്തിലും കാണാന്‍ സാധിക്കും. മലയാളത്തിലെ മറ്റൊരു നടനും പെരുന്തച്ചന്റെ കഥാപാത്രത്തെ വിജയിപ്പിക്കാന്‍ കഴിയുമായിരുന്നില്ല. കഥാപാത്രത്തിന് കല്‍പിക്കുന്ന സൂഷ്മതയും ചടുലതയും തന്നെയാണ് തിലകന്‍ എന്ന നടന്റെ വിജയം. തിലകനെ ഏക്കാലവും ഓര്‍ക്കാന്‍ പെരുന്തച്ചനും മൂന്നാംപക്കത്തിലെ തമ്പി മുത്തശ്ശനും കിരീടത്തിലെ അച്യുതന്‍ നായരെയും കാട്ടുകുതിരയിലെ കൊച്ചുവാവയെയുമെല്ലാം.
വില്ലനായും അച്ഛനായും, മുത്തച്ഛനായും പൊലീസുകാരനായും അങ്ങനെ എത്രയെത്ര കഥാപാത്രങ്ങള്‍ തിലകന്‍ ചേട്ടനിലൂടെ കടന്നുപോയി. മൂക്കില്ലാ രാജ്യത്ത് സിനിമയിലെ തിലകന്റെ ഹാസ്യം മലയാളികള്‍ അമ്പരന്നിരുന്നു. നാടോടിക്കാറ്റില്‍ അവതരിപ്പിച്ച കഥാപാത്രത്തവും ഏറെ ശ്രദ്ദിക്കപ്പെട്ടു.
1935 ജൂലായ് 15ന് പി എസ് കേശവന്റെയും പി എസ് ദേവയാനിയുടെയും മകനായി പത്തനംതിട്ടയിലെ അയിരൂരിലാണ് സുരേന്ദ്രനാഥ തിലകന്റെ ജനനം. സ്‌കൂള്‍ കാലയളവില്‍ അരങ്ങിലൂടെയായിരുന്നു അരങ്ങേറ്റം. കൊല്ലം എസ്എന്‍ കോളേജില്‍ 1956ല്‍ ഇന്റര്‍മീഡിയറ്റിന് പഠിക്കുമ്പോള്‍ അരങ്ങിന്റെ ഉള്‍ച്ചൂട് തിലകനില്‍ ആവേശിച്ചു.
മുണ്ടക്കയം നാടകസമിതി രൂപീകരിച്ചാണ് തിലകന്‍ പ്രൊഫഷണല്‍ നാടകവേദിയില്‍ സ്വന്തം ഇടം തേടിയത്. പിന്നീട് കേരള പീപ്പിള്‍ ആര്‍ട്‌സ്, കൊല്ലം കാളിദാസ കലാകേന്ദ്രം ചങ്ങനാശ്ശേരി ഗീത എന്നീ പ്രൊഫഷണല്‍ നാടകസമിതിയിലൂടെ അരങ്ങില്‍ നിറഞ്ഞാടി. അരങ്ങിലെ ചക്രവര്‍ത്തിയായി വാഴുമ്പോള്‍ തന്നെ ആകാശവാണിയില്‍ ശബ്ദം കൊണ്ടും പകര്‍ന്നാട്ടങ്ങള്‍ നടത്തി തിലകന്‍. ആ മഹാനടന്റെ ഭാവതീവ്രവും ഗാംഭീര്യവുമാര്‍ന്ന ശബ്ദം റേഡിയോയില്‍ കരുത്തുറ്റ കഥാപാത്രങ്ങള്‍ സ്വീകരിച്ചപ്പോള്‍ ശ്രോതാക്കളുടെ മനസ്സില്‍ നാടകം അരങ്ങുതകര്‍ത്തു.
അരങ്ങിന്റെ തിലകക്കുറി വെള്ളിത്തിരയ്ക്ക് സ്വന്തമാകുന്നത് 1973ലാണ്. പി ജെ ആന്റണി സംവിധാനം ചെയ്ത പെരിയാറിലൂടെ. പിന്നീട് ഉള്‍ക്കടല്‍, യവനിക തുടങ്ങിയ ചിത്രങ്ങളിലൂടെ തിലകന്‍ വെള്ളിത്തിരയില്‍ തന്റെ ഇടം ഉറപ്പിച്ചു. തുടര്‍ന്ന് എത്രയെത്ര കഥാപാത്രങ്ങള്‍... അച്ഛനായും മകനായും ഡോക്ടറായും മന്ത്രവാദിയായും പൊലീസുകാരനായും പള്ളി വികാരിയായും വികടനായുമെല്ലാം അഭ്രപാളിയില്‍ തിലകന്‍ വിസ്മയങ്ങള്‍ തീര്‍ത്തു. പശ്ചാത്തലങ്ങള്‍ ഒന്നായിട്ടുള്ള കഥാപാത്രങ്ങള്‍ പോലും തിലകനില്‍ ആവേശിച്ചപ്പോള്‍ അവയ്ക്ക് പ്രേക്ഷകമനസ്സില്‍ വ്യത്യസ്ത മുഖവും ഇരിപ്പിടവും ലഭിച്ചു.
പ്രേക്ഷകര്‍ പലവട്ടം തലകുലുക്കി കേമമെന്ന് പറഞ്ഞ തിലകന്റെ അഭിനയത്തിന് 1982ല്‍ സംസ്ഥാനസര്‍ക്കാര്‍ അംഗീകാരം നല്‍കി - മികച്ച സഹനടനുള്ള പുരസ്‌കാരം. യവനികയിലെ അഭിനയത്തിന്. പിന്നീട് 1985 മുതല്‍ തുടര്‍ച്ചായി നാല് തവണയും മികച്ച സഹനടനുള്ള പുരസ്‌കാരം തിലകനിലേക്ക് എത്തി.
യാത്ര, പഞ്ചാഗ്‌നി, തനിയാവര്‍ത്തനം, മുക്തി, ധ്വനി എന്നീ ചിത്രങ്ങളിലൂടെ. 1998ല്‍ കാറ്റത്തൊരു പെണ്‍പൂവ് എന്ന ചിത്രത്തിലൂടെയും മികച്ച സഹനടനായി. 1990ലാണ് തിലകന്‍ സംസ്ഥാനത്തെ മികച്ച നടനാകുന്നത് - പെരുന്തച്ചനിലൂടെ. കഥാപാത്രത്തില്‍ മാത്രമല്ല അഭിനയത്തിലും പെരുന്തച്ചനെന്ന് തെളിയിച്ച തിലകന് 1994ല്‍ ഗമനം, സന്താനഗോപാലം എന്നീ ചിത്രങ്ങളിലൂടെ വീണ്ടും മികച്ച നടനുള്ള സംസ്ഥാനപുരസ്‌കാരം ലഭിച്ചു.