കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കര്‍ ഇന്ന് പുലര്‍ച്ചെ വിടവാങ്ങുമ്പോള്‍ ബാലുവിന്റെ ഭാര്യയുടെ ജീവിതത്തില്‍ ചൊവ്വ എന്ന ദിവസം കറുത്ത ദിനമായി മാറുകയാണ്. കാത്തിരുന്നു കിട്ടിയ പൊന്നുമോളും തങ്ങളുടെ പ്രിയപ്പെട്ട ബാലുവും വിടവാങ്ങിയത് ചൊവ്വ എന്ന ദിവസത്തിലായത് സുഹൃത്തുക്കളെയും സങ്കടത്തിലാഴ്ത്തുകയാണ്.
വടക്കുംനാഥ ക്ഷേത്രത്തില്‍ തൊഴുത് മടങ്ങും വഴിയാണ് ബാലഭാസ്‌കറും ഭാര്യയും മകളും ഡ്രൈവറും സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ച് അപകടത്തിലുണ്ടായത്. കഴിഞ്ഞ 25ന് ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു ഇവരുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. അവിടെ നിന്നും ഉടനടി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഇവരുടെ ഏക മകള്‍ തേജസ്വിനി ബാല മരിച്ചിരുന്നു. അന്നു മുതല്‍ തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു ബാലഭാസ്‌കറും ഭാര്യയും. ശസ്ത്രക്രിയയൊക്കെ വിജയമായി ജീവിതത്തിലേക്ക് തിരികേ വരാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് ഇവരുടെ അപകടം നടന്ന് ഒരാഴ്ച തികഞ്ഞ ഇന്ന്് ബാലഭാസ്‌കറും വിട പറഞ്ഞിരിക്കുന്നത്.
ഹൃദയാഘാതമാണ് ഇന്ന് പുലര്‍ച്ചെ ബാലുവിന്റെ ജീവനെടുത്തത്. ഇതൊടെയാണ് ജീവിതത്തില്‍ ഏറ്റവും വലിയ നഷ്ടങ്ങള്‍ ലക്ഷ്മിക്ക് സംഭവിച്ചിരിക്കുന്നത് ചൊവ്വാഴ്ചയായി മാറുന്നത്. ബാലുവും ഏകമകളും മരിച്ച ദിവസം ചൊവ്വാഴ്ചയാണെന്നത് യാദൃശ്ചികം മാത്രമാണെങ്കിലും ലക്ഷ്മിയുടെ ജീവിതത്തില്‍ ചൊവ്വ എന്ന ദിവസം നല്‍കിയ വേര്‍പാടുകള്‍ സുഹൃത്തുകള്‍ക്ക് വിശ്വസിക്കാനാകുന്നില്ല. തന്റെ പ്രാണനും ജീവിതവും നഷ്ടമായ വാര്‍ത്ത എങ്ങനെ ലക്ഷ്മിയെ അറിയിക്കും എന്ന സങ്കടത്തിലാണ് ബന്ധുക്കള്‍. ഭര്‍ത്താവും മകളും നഷ്ടമായതറിയാതെ ആശുപത്രിയില്‍ കഴിയുന്ന ലക്ഷ്മി അപകട നിലതരണം ചെയ്തിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇടയ്ക്കിടെ ബോധം വന്നു മറയുമ്പോള്‍ തന്റെ മകളെ പറ്റിയുളള ലക്ഷ്മിയുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ നിറകണ്ണുകളോടെ നില്‍ക്കാനെ ആശുപത്രി അധികൃതര്‍ക്ക് കഴിയുന്നുളളു. അതേസമയം ഒരോ മലയാളിയും കണ്ണീരോടെ ഓര്‍ക്കുന്ന ദിനങ്ങള്‍ കൂടി ആകുകയാണ് ഈ ചൊവ്വാഴ്ചകള്‍.