2007ല്‍ പുറത്തിറങ്ങിയ 'താരെ സമീന്‍ പര്‍' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഇഷാനെ അവതരിപ്പിച്ച ദര്‍ഷീല്‍ സഫാരി പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. നരച്ച മുടിയും താടിയും വളര്‍ത്തി നില്‍ക്കുന്ന ആമിര്‍ ഖാനും ഒപ്പം ദര്‍ഷീലും. 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ വീണ്ടും ഒന്നിക്കുന്നുവെന്നും കുറച്ച് ഇമോഷണല്‍ ആണ്, പക്ഷേ ഒരു എനര്‍ജി അനുഭവപ്പെടുന്നുവെന്നും ദര്‍ഷീല്‍ കുറിച്ചു. ഇന്‍സ്റ്റാഗ്രാമിലാണ് ദര്‍ഷീല്‍ ഇക്കാര്യം കുറിച്ചത്.
'16 വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ വീണ്ടും ഒന്നിക്കുന്നു, കുറച്ച് ഇമോഷണല്‍ ആണ് എങ്കിലും പഴയ എനര്‍ജി ലഭിച്ചു. സ്‌നേഹത്തോടെ എന്റെ ഗുരുവിന് 4 ദിവസം കൂടി കാത്തിരിക്കൂ ഒരു വലിയ പ്രഖ്യാപനത്തിനായി', ദര്‍ഷീല്‍ ഇന്‍സ്റ്റയില്‍ കുറിച്ചു. ഈ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതിന് പിന്നാലെ നിരവധി ആരാധകരാണ് ഇത് ചര്‍ച്ചയാക്കിയിരിക്കുന്നത്.
'ഞങ്ങള്‍ ഏറെ കൊതിച്ചിരുന്ന കോംബോ', 'ഇത്രയും നാള്‍ നിങ്ങള്‍ എവിടെയായിരുന്നു', 'ഞങ്ങളുടെ കുട്ടികാലം മനോഹരമാക്കിയതിന്റെ ഒരു കാരണം നിങ്ങളാണ്', എന്നിങ്ങനെ നീളുന്ന കമെന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
ബോളിവുഡില്‍ ഗംഭീര വിജയം നേടിയ ചിത്രമായിരുന്നു 'താരെ സമീന്‍ പര്‍'. നിരവധി കുട്ടികളുടെ ഇഷ്ട ചിത്രവും പല സ്‌കൂളുകളില്‍ ഈ ചിത്രം നിരവധി തവണ കുട്ടികള്‍ക്ക് വേണ്ടി പ്രദര്‍ശനം നടത്തിയിട്ടുമുണ്ട്. നിരവധി അവാര്‍ഡുകളാണ് ചിത്രം വാരികൂട്ടിയത്. 12 കോടി ബഡ്ജറ്റില്‍ ആമിര്‍ ഖാന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചതും സംവിധാനം ചെയ്തതും. ബോക്‌സ് ഓഫീസില്‍ 100 കോടിയിലധികം രൂപ ചിത്രം നേടുകയും ചെയ്തിരുന്നു.