ലോകമെമ്പാടുമായി നിരവധി ആരാധകരാണ് തമിഴ് സൂപ്പര്‍താരം വിജയ്ക്കുള്ളത്. സിനിമകളില്‍ പാവങ്ങളുടെ രക്ഷകനാണ് വിജയ്. എന്നാല്‍ യഥാര്‍ഥ ജീവിതത്തിലും ഒരു പാവം കുഞ്ഞിന്റെ രക്ഷകനായി മാറിയിരിക്കയാണ് വിജയ്. തളര്‍ന്നുകിടന്ന ഒരു ബാലനെയാണ് വിജയ് താന്‍ പോലും അറിയാതെ ഇപ്പോള്‍ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നിരിക്കുന്നത്. ഇതിന്റെ കഥ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുകയാണ്
തേനി ഉത്തമപാളയം സ്വദേശി ജയകുമാറിന്റെയും ഭാനുവിന്റെയും മൂത്തമകനാണ് സെബാനെന്ന സെബാസ്റ്റ്യന്‍. ജന്‍മനാ തന്നെ കിടപ്പിലാണ് ഈ എട്ടുവയസുകാരന്‍ .പ്രസവസമയത്ത് തലച്ചോറിനേറ്റ ക്ഷതംകാരണം സെബാന് സംസാരിക്കാനോ നടക്കാനോ കഴിയുമായിരുന്നില്ല. പ്രസവ സങ്കീര്‍ണതയില്‍ തലച്ചോറിലേക്ക് രക്തമൊഴുക്ക് തടസ്സപ്പെട്ടാണ് സെബാസ്റ്റ്യന് പ്രതികരണ ശേഷിയടക്കം നഷ്ടമായത്. എന്നാല്‍ കിടപ്പിലായ മകനെ എങ്ങനെയും എണീപ്പിച്ച് നടത്താന്‍ മാതാപിതാക്കള്‍ ശ്രമിച്ചു. പല ആശുപത്രിയിലും കാണിച്ചെങ്കിലും ഒരു പ്രയോജനവും കിട്ടിയില്ല. ഒന്നേകാല്‍ വര്ഷം മുമ്പാണ് കേട്ടറിഞ്ഞ് തൊടുപുഴ കാരിക്കോട്ടെ ജില്ലാ ആയുര്‍വേദാശുപത്രിയില്‍ ഇവര്‍ സെബാനുമൊത്ത് എത്തുന്നത്.
പഞ്ചകര്മ സ്‌പെഷ്യലിസ്റ്റ് ഡോ.സതീഷ് വാര്യരുടെയും ആയുര്‌വേദ സ്‌പെഷ്യലിസ്റ്റ് ലാലിന്റെയും നേതൃത്വത്തില ചികിത്സയും തുടങ്ങി. ഇതിനിടെയാണ് ഡോക്ടര്‍ അക്കാര്യം ശ്രദ്ധിച്ചത്. സംസാരശേഷിയോ ചലനശേഷിയോ ഇല്ലാത്ത സെബാന് വിജയ് യുടെ കത്തി എന്ന സിനിമയിലെ സെല്‍ഫി പുള്ളെ എന്ന പാട്ട് കേള്‍ക്കുമ്പോള്‍ പ്രതികരിക്കുന്നുണ്ട്. ഇതോടെ വിജയ് തെറാപ്പി എന്നൊരു ഫോര്‍മുല തന്നെ രൂപീകരിച്ച് ഡോക്ടര്‍മാര്‍ ചികിത്സ തുടങ്ങി. ഇതോടെ ഞെട്ടിക്കുന്ന പ്രതികരണമാണ് സെബാന്റെ ഭാഗത്ത് നിന്നുമുണ്ടായത്. അത്രമേല്‍ ഒരു വിജയ് ഫാനായിരുന്നു സെബാന്‍. കുട്ടിയുടെ വിജയ് സ്‌നേഹം കണ്ട് ഡോ. സതീഷ് വാരിയരുടെ ചികിത്സയും ഈ വഴിക്കായി. വിജയ്‌യുടെ അടുത്തു കൊണ്ടുപോകാമെന്നു പറഞ്ഞായിരുന്നു ചികിത്സയും ഫിസിയോതെറപ്പിയും.
പിന്നെ വിജയ്യുടെ പാട്ടും തീപ്പൊരി ഡയലോഗുകളും യു ട്യൂബില പ്ലേ ചെയ്തായി ഉഴിച്ചിലും വ്യായാമവുമൊക്കെ. ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരുമൊക്കെ വിജയ്യുടെ സ്‌റ്റൈലില്‍ കുശലം ചോദിക്കുകയും മരുന്നുകൊടുക്കുകയുംകൂടി ചെയ്തപ്പോള്‍ സെബാന്‍ ഹാപ്പി. മരുന്നൊക്കെ മടിയില്ലാതെ കുടിച്ചു.
വിജയ് ഫാക്ടര്‍ കാരണം കരുതിയതിലും വേഗം ചികിത്സ ഫലിച്ചുവെന്ന് ഡോ.സതീഷ് വാര്യര്‍ പറയുന്നു. ഇപ്പോള ആരുടെയെങ്കിലും കൈപ്പിടിച്ച് പിച്ചവെക്കാനും കുഞ്ഞുവാചകങ്ങള്‍ സംസാരിക്കാനും തുടങ്ങി. പഞ്ചകര്‍മ ചികിത്സയ്‌ക്കൊപ്പം വിജയ്യുടെ പാട്ടും ഡയലോഗും കേട്ടും കണ്ടുമാണ് സെബാന്‍ പിച്ചവെക്കുന്നത്.വിജയ് മാമയെയും ബിഗില്‍ എന്ന പുതിയ പടവും കാണണമെന്നാണ് ഇപ്പോഴുള്ള സെബാന്റെ ആഗ്രഹം.
ബിഗിലിലെ അച്ഛന്‍ വിജയ്യും മോന്‍ വിജയ്യും ഒരുമിച്ചുനിലക്കുന്ന ഫോട്ടോയും മാറോടടക്കിയാണ് അവന്‍ നടക്കുന്നതും. സ്പീച്ച് തെറാപ്പി ഉള്‍പ്പെടെ തുടര്‍ചികിത്സ നലകിയാല്‍ സെബാന്‍ കൂടുതല്‍ മാറ്റമുണ്ടാകുമെന്ന് ഡോക്ടര്‍ പറയുന്നു. പക്ഷെ, അതിന് വലിയ ചെലവുണ്ടാകും. മേസ്തിരിപ്പണിക്കാരനായ ജയകുമാറിന് അത് താങ്ങാവുന്നതിലും ഏറെയാണ്. ഒരു വര്‍ഷം പിന്നിടുമ്പോള്‍ സെബാസ്റ്റ്യന്‍ കൈകളില്‍ പിടിച്ചാല്‍ നടക്കാനും തനിയെ പിടിച്ചു നില്‍ക്കാനും തുടങ്ങി. നടുവിനു ബലം വരാനുള്ള ചികിത്സകളാണ് ഇപ്പോള്‍ തുടരുന്നത്.