കഴിഞ്ഞ ദിവസമായിരുന്നു അല്ലു അര്‍ജുന്‍ നായികനായി എത്തിയ പുഷ്പ2 റിലീസ് ആയത്. തിയേറ്ററില്‍ കുതിപ്പ് തുടരുമ്പോഴും ചിത്രത്തിനെതിരെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഇതിന് പിന്നാലെ നിര്‍മാതാക്കളായ മൈത്രി മൂവീസ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
സിനിമയില്‍ ഇല്ലാത്ത ഡയലോഗുകള്‍ ഉള്‍പ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ സിനിമയെ മനഃപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുണ്ടെന്നും നെഗറ്റീവ് പബ്ലിസിറ്റി നല്‍കി സിനിമയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് മൈത്രി മുവീസ് പറയുന്നത്.
സ്വന്തം ക്രിയേറ്റിവിറ്റി ഉപയോഗിച്ച് ഉണ്ടാക്കിയ ചില സാങ്കല്‍പ്പിക ഡയലോഗുകള്‍ പുഷ്പ-2 ചിത്രത്തിലേതാണെന്ന രീതിയില്‍ എഡിറ്റ് ചെയ്ത് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. സിനിമയുടെ നെഗറ്റീവ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരം കാര്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. ഇത് ദയവായി ചെയ്യാതിരിക്കുക. ഇത്തരം വീഡിയോകള്‍ ഇനി ശ്രദ്ധയില്‍ പെട്ടാല്‍ നിയമനടപടി സ്വീകരിക്കും എന്നും മൈത്രി മൂവീസ് അറിയിച്ചു.
അതേസമയം ലോകമെമ്പാടുമുള്ള 12,500 ല്‍ അധികം സ്‌ക്രീനുകളില്‍ ആണ് പുഷ്പ 2 പുറത്തിറങ്ങിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. സുനില്‍, ഫഹദ് ഫാസില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലായി 270 കോടി രൂപയ്ക്കാണ് പുഷ്പ 2 വിന്റെ OTT അവകാശം വിറ്റുപോയത്. 'പുഷ്പ 2'ന്റെ ഒടിടി അവകാശം നെറ്റ്ഫ്‌ലിക്സ് ആണ് വാങ്ങിയിരിക്കുന്നത്. അതേ സമയം ചിത്രത്തിന്റെ തിയേറ്റര്‍ അവകാശം 650 കോടി രൂപയ്ക്കാണ് വിറ്റുപോയിരിക്കുന്നത് എന്നാണ് വിവരം.