സൂപ്പര്‍താര കൂട്ടുകെട്ടില്‍ മെഗാഹിറ്റായ സിനിമയാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം, സുരേഷ് ഗോപി, ജയറാം, അതിഥി റോളില്‍ മോഹന്‍ലാല്‍ എന്നിവര്‍ എത്തിയ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ശ്രീജയ, സഹതാരമായി ചിത്രത്തിലെത്തിയ ശ്രീജയ പിന്നീട് നിരവധി സിനിമകളില്‍ അനിയത്തി റോളിലും കാമുകി റോളിലുമെല്ലാം തിളങ്ങി. വിവാഹശേഷം നീണ്ട ഇടവേളയ്ക്ക ശേഷമാണ് ശ്രീജയ സിനിമയിലേക്ക് തിരികെയെത്തിയത്. വിവാഹശേഷമുള്ള തന്റെ ജീവിതത്തേക്കുറിച്ച് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
ചുരുങ്ങിയ ചിത്രങ്ങള്‍കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി വിവാഹശേഷം സിനിമയോട് വിടപറുകയായിരുന്നു.
ഭര്‍ത്താവ് മദനുമൊത്ത് ബെംഗളുരുവിലേക്ക് ആദ്യം താമസം മാറിയ ശ്രീജയ വളരെ താമസിക്കാതെ അവിടത്തെ ഡാന്‍സ് സ്‌കൂളും മറ്റും ഉപേക്ഷിച്ച് കാനഡയിലേക്ക് പോയി. എന്നാല്‍ ജീവിതത്തില്‍ ഏറ്റവും ദുഃഖിച്ച കാലഘട്ടമായിരുന്നു അത് എന്ന് താരം പറഞ്ഞു. അവിടെ മദന് നല്ല ഒരു ജോലി ലഭിച്ചുവെങ്കിലും തന്റെ സ്വപനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും വെറും കയ്യോടെ തിരിച്ചെത്തിയെന്നുമാണ് താരം പറയുന്നത്.
''കാനഡയില്‍ എല്ലാവര്‍ക്കും സമാജങ്ങളുടെ പരിപാടികള്‍ക്കും മറ്റും അവതരിപ്പിക്കാനുള്ള ഇന്‍സ്റ്റന്റ് ഡാന്‍സ് മതി. രാവിലെ മദനും മോളും പോയിക്കഴിഞ്ഞാല്‍ വീട്ടില്‍ താന്‍ തനിച്ചാകുമെന്ന് ശ്രീജയ പറയുന്നത്.. കുറച്ചു കഴിഞ്ഞപ്പോള്‍ ഡിപ്രഷന്‍ അടിച്ചു തുടങ്ങി. അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. ഡാന്‍സ് ഉപേക്ഷിച്ച് മറ്റു വല്ല ജോലിക്കും ശ്രമിക്കാന്‍ ഒരുപാട് പേര്‍ ഉപദേശിച്ചു. അന്നാട്ടില്‍ എത്തിയിട്ട് മടങ്ങിയവര്‍ വളരെ കുറച്ചേ ഉള്ളൂ.
എന്നാല്‍ ഡാന്‍സ് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് തനിക്കു ചിന്തിക്കാനേ കഴിയുമായിരുന്നില്ല.പ്രാരാബ്ധങ്ങള്‍ ഏറെയായതോടെ ഭര്‍ത്താവാണ് പറഞ്ഞത് നാട്ടിലേക്കു പൊയ്ക്കൊള്ളൂ എന്ന്. ഒരുപാട് പണവും അധ്വാനവുമൊക്കെ ചെലവഴിച്ചാണ് എത്തിയതെങ്കിലും തീരുമാനം എടുക്കാന്‍ ഒരുനിമിഷം വൈകിയില്ല. മകളെയും കൊണ്ട് തൊട്ടടുത്ത ഫ്ളൈറ്റില്‍ ബെംഗളുരുവിലേക്ക് തിരിച്ചു. വീടും കാറും ഒന്നുമില്ലാതെ വെറും കയ്യോടെയാണ് അവിടെ വിമാനം ഇറങ്ങിയതെന്ന് ശ്രിജയ പറയുന്നു.
ബെംഗളുരുവില്‍ കോറമംഗലത്ത് ഉള്ളിലേക്ക് കയറി ഒരു വാടക വീട് സംഘടിപ്പിച്ചു. മൈഥിലിയെ അവിടെ അടുത്തുള്ള ഒരു സ്‌കൂളില്‍ ചേര്‍ത്തു. ഒരു ചേരി കടന്നു വേണം അവിടേക്ക് പോകാന്‍. കാറില്ലാത്തതിനാല്‍ നടന്നാണ് എന്റെ യാത്രകള്‍. തുടക്കത്തില്‍ അതൊക്കെ ബുദ്ധിമുട്ടായി തോന്നി. എന്നാല്‍ സാവധാനം ഞാന്‍ കരുത്താര്‍ജിച്ചു. അയിടയ്ക്ക് 'ആയിരത്തില്‍ ഒരുവള്‍' എന്ന സീരിയല്‍ ചെയ്തു. പിന്നീട് മലയാളത്തിലും അന്യഭാഷകളിലേക്കും നിരവധി ഓഫറുകളും വന്നു. രണ്ടാം വരവില്‍ ശ്രീജയ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച് രംഗത്തെത്തിയത് ഒടിയനിലൂടെയാണ്.