കാസ്റ്റിങ് കൗച്ച് ആരോപണങ്ങളാൽ തെലുങ്ക്് സിനിമ ലോകത്തെ വിറപ്പിച്ച നടിയാണ് ശ്രീ റെഡ്ഡി. തന്റെ ഫേസ്‌ബുക്ക് പേജിലൂടെ നാനി, റാണ ദഗ്ഗുബട്ടിയുടെ സഹോദരൻ, പ്രമുഖ സംവിധായകർ തുടങ്ങി നിരവധിപ്പേർക്കെതിരെ തെളിവുകൾ സഹിതമാണ് ശ്രീ റെഡ്ഡി ആരോപണം നടത്തിയത് ഏറെ വിവാദമായിരുന്നു. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം തെലുങ്ക് സിനിമാ ലോകത്തിന് പിന്നാലെ തമിഴ് സിനിമാ ലോകത്തെയും വിറപ്പിച്ച് കൊണ്ട് പുതിയ വെളിപ്പെടുത്തലുകൾ നടി നടത്തിയിരിക്കുകയാണ്.
തമിഴ് സിനിമയിലെ പ്രമുഖ സംവിധായകനെതിരെയാണ് ശ്രീ രംഗത്തെത്തിയിരിക്കുന്നത്. തമിഴ് സംവിധായകനും തന്നെ പീഡനത്തിനിരയാക്കിയെന്നും ഇയാൾക്കെതിരെ 90% തെളിവുകൾ തന്റെയടുത്തുണ്ടെന്നുമാണ് നടി പറയുന്നത്. കൂടാതെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇത് ഞാൻ പ്രസിദ്ധപ്പെടുത്തും, ശ്രീ പറഞ്ഞു.
ഇതോടെ തമിഴ് സിനിമയും വിറച്ചിരിക്കുകയാണ്. ആർക്കെതിരെയാകും തെളിവുകൾ പുറത്തുവിടുക എന്ന് കാത്തിരിക്കുകയാണ് ആരാധകർ.മുമ്പ് നടി തെലുങ്ക് സിനിമയിലെ ചൂഷണങ്ങൾക്കെതിരെ മേൽവസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചതോടെ വിഷയം ദേശീയ ശ്രദ്ധ വരെ നേടിയിരുന്നു.