തമിഴ് താരം ശിവകാര്‍ത്തികേയന്റെ വാഹനം ചെന്നൈയില്‍ അപകടത്തില്‍പ്പെട്ടു. ചെന്നൈയിലെ മധ്യ കൈലാഷ് ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. ട്രാഫിക് ബ്ലോക്കിനിടയില്‍ താരത്തിന്റെ കാര്‍ മുന്നിലുള്ള വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും സംഭവസ്ഥലത്ത് അരങ്ങേറിയ വാക്കുതര്‍ക്കത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
തിരക്കേറിയ സമയത്താണ് ശിവകാര്‍ത്തികേയന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്നവരും സ്ഥലത്തുണ്ടായിരുന്നവരും തമ്മില്‍ നടുറോഡില്‍ രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടായി. വൈറലായ വീഡിയോയില്‍ കറുത്ത ടീഷര്‍ട്ട് ധരിച്ച ശിവകാര്‍ത്തികേയന്‍ വാഹനത്തിന് സമീപം നില്‍ക്കുന്നത് കാണാം. വാക്കുതര്‍ക്കം രൂക്ഷമായതോടെ ട്രാഫിക് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. മറ്റൊരു വാഹനത്തിലുണ്ടായിരുന്ന സ്ത്രീയുടെ ഭാഗത്തുനിന്നാണ് തെറ്റുപറ്റിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അവര്‍ തന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് സമ്മതിച്ചതായും വിവരമുണ്ട്. പോലീസ് ഇടപെട്ടതോടെ പ്രശ്‌നം രമ്യമായി പരിഹരിച്ചു.
സുധ കൊങ്കര സംവിധാനം ചെയ്യുന്ന 'പരാശക്തി' എന്ന ചിത്രത്തിന്റെ റിലീസ് തിരക്കുകളിലാണ് താരം ഇപ്പോള്‍. ഈ വര്‍ഷത്തെ വമ്പന്‍ ഹിറ്റായ 'അമരന്‍' എന്ന ചിത്രത്തിന് ശേഷം ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. അടുത്ത വര്‍ഷം ജനുവരി 14-ന് പൊങ്കല്‍ റിലീസായി ചിത്രം തീയറ്ററുകളിലെത്തും. ഈയിടെയാണ് താരം ചിത്രത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കിയത്.