ഹൃദയസ്പര്‍ശിയായ നിരവധി സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. കിരീടം, തനിയാവര്‍ത്തനം, ഹിസ് ഹൈനസ് അബ്ദുള്ള, ആകാശദൂത്, ഓഗസ്റ്റ് 1, മുത്താരംകുന്ന് പി ഒ, സമ്മര്‍ ഇന്‍ ബെത്ലഹേം, ഭരതം തുടങ്ങിയ ചിത്രങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്.മോഹന്‍ലാല്‍ മുതല്‍ ആസിഫ് അലി വരെയുള്ള സംവിധായകരുടെ കരിയറില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുള്ള സംവിധായകനാണ് സിബി മലയില്‍. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം കൊത്ത് എന്ന ചിത്രവുമായി മടങ്ങി വന്ന സംവിധായകന്‍ തന്റെ വിശേഷങ്ങള്‍ പങ്ക് വക്കുകയാണ്.
അമൃതം എന്ന ചിത്രത്തെക്കുറിച്ചും നയന്‍താര പിന്മാറിയതിനെക്കുറിച്ചുമാണ് സംവിധായകന്‍ പങ്ക് വച്ചത്. ചിത്രത്തില്‍ ഭാവന ചെയ്യേണ്ടിയിരുന്ന വേഷത്തിലെത്തേണ്ടിയിരുന്നത് നയന്‍താരയായിരുന്നു. എന്നാല്‍ നയന്‍താര സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നു. ചിത്രത്തില്‍ രണ്ട് നായകന്മാരില്‍ രണ്ടാമനാകേണ്ടിയിരുന്നത് പൃഥ്വിരാജായിരുന്നുവെന്നും സിബി മലയില്‍ പറയുന്നു.
'നയന്‍താരയെ അമൃതത്തിലേക്ക് കാസ്റ്റ് ചെയ്തത് ഭാവന ചെയ്ത റോളിലേക്കായിരുന്നു. ജയറാമിന്റെ പെയറായിട്ട് പത്മപ്രിയയേയും രണ്ടാമത്തെ ക്യാരക്ടറിന്റെ പെയറായിട്ട് നയന്‍താരയുമായിരുന്നു. ആദ്യം പൃഥ്വിയായിരുന്നു പെയര്‍. പൃഥ്വി-നയന്‍താര എന്ന നിലയിലായിരുന്നു കാസ്റ്റ് ചെയ്തത്. നയന്‍താര അതിന്റെ പൂജയ്‌ക്കൊക്കെ വന്ന് പോയതാണ്'' എന്നാണ് സിബി മലയില്‍ പറയുന്നത്. എന്നാല്‍ പിന്നീട് നയന്‍താര ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു.
മറ്റൊരു ചിത്രത്തില്‍ അവസരം ലഭിച്ചതോടെയാണ് നയന്‍താര പിന്മാറിയതെന്നാണ് സിബി മലയില്‍ പറയുന്നത്. ഷൂട്ടിങ് തുടങ്ങുന്ന ഘട്ടമായപ്പോള്‍ അവര്‍ക്ക് ഒരു തമിഴ് പടം വന്നു. ശരത് കുമാറിന്റെ കൂടെ. അങ്ങനെ ഡേറ്റുമായി ക്ലാഷ് ആകുമെന്ന് പറഞ്ഞ് അവര്‍ അതില്‍ നിന്ന് ഒഴിവാകുകയായിരുന്നുവെന്നാണ് സിബി പറയുന്നത്. പിന്നീട് ഈ വേഷത്തിലേക്ക് ഭാവന എത്തുകയായരുന്നു.
ചിത്രത്തിലേക്ക് പൃഥ്വിരാജിനെ കാസ്റ്റ് ചെയ്തെങ്കിലും ചില കാരണങ്ങളാല്‍ മറ്റൊരാളെ തെരഞ്ഞെടുക്കേണ്ടി വന്നുവെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. പൃഥ്വിരാജിനെ ജയറാമിന്റെ അനിയനായി കാസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തെ പോയി കണ്ട് സംസാരിക്കുകയും കാര്യങ്ങളൊക്കെ തീരുമാനിക്കുകയും ചെയ്തിരുന്നുവെന്നാണ് സിബി പറയുന്നത്.
ഞാന്‍ പൃഥ്വിരാജിനെ നേരിട്ട് പോയി കണ്ടില്ലായിരുന്നു. പ്രൊഡ്യൂസറും റൈറ്ററും ഒക്കെയാണ് കണ്ടത്. പിന്നീട് ഒരു ഘട്ടത്തില്‍ അദ്ദേഹം ചോദിക്കുന്ന എമൗണ്ട് ഇച്ചിരി കൂടുതലാണെന്ന് പ്രൊഡ്യൂസര്‍മാര്‍ പറഞ്ഞുവെന്നാണ് സിബി മലയില്‍ പറയുന്നത്. അത് നിങ്ങള്‍ തീരുമാനിക്ക് എനിക്ക് ഇതില്‍ ഇടപെടാന്‍ പറ്റില്ല, ആ കഥാപാത്രത്തിന് നിങ്ങള്‍ക്ക് എത്ര ബജറ്റാണുള്ളതെന്ന് പറയുക, അല്ലെങ്കില്‍ വേറെ ഓപ്ഷന്‍ നോക്കാമെന്ന് താന്‍ പറഞ്ഞുവെന്നും സിബി പറയുന്നു.
എന്നാല്‍ അവര്‍ പൃഥ്വിരാജിനോട് പിന്നീട് സംസാരിച്ചിട്ട് അത് ഒരു തീരുമാനത്തിലെത്തിയില്ലെന്നും അതോടെ ചിത്രത്തില്‍ നിന്നും പൃഥ്വി പിന്മാറുകയായിരുന്നുവെന്നാണ് സിബി മലയില്‍ പറയുന്നത്. വേറെ ഒരാളെ കണ്ടെത്താമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് അരുണ്‍ എന്ന ആക്ടര്‍ ആ സിനിമയില്‍ ജയറാമിന്റെ അനുജനായി അഭിനയിക്കുന്നതെന്നും സിബി മലയില്‍ പറയുന്നു.
അതേസമയം, പൃഥ്വിരാജുമായി അവര്‍ എന്താണ് സംസാരിച്ചതെന്ന് എനിക്ക് അറിയില്ലെന്നും പക്ഷെ ആ സിനിമയില്‍ നിന്നും പൃഥ്വിരാജിനെ ഒഴിവാക്കിയത് ഞാനാണെന്നാണ് അദ്ദേഹം വിചാരിച്ചുവെച്ചിരിക്കുന്നതെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മനസിലാക്കിയതെന്നും സിബി പറയുന്നുണ്ട്. അങ്ങനെ എന്തോ ആണത്, ഒരു ക്ലാരിറ്റി ഇല്ല. ഇപ്പോഴും പൃഥ്വിയ്ക്ക് തന്നോട് ഒരു അകല്‍ച്ചയുണ്ട്. അത് മാറുമോയെന്ന് അറിയില്ല. മാറേണ്ട ഘട്ടങ്ങള്‍ കഴിഞ്ഞുവെന്നും സിബി പറഞ്ഞിരുന്നു.