നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട താര ജോഡികളായ മോഹന്‍ലാല്‍ - ശോഭന കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന തുടരും എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. രജപുത്ര വിഷ്വല്‍ മീഡിയായുടെ ബാനറില്‍ എം.രഞ്ജിത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രം യുവനിരയിലെ ശ്രദ്ധേയനായ തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം ചെയ്യുന്നത്.
റാന്നി സ്വദേശിയായ ഷണ്‍മുഖം എന്ന സാധാരണക്കാരനായ ടാക്‌സി ഡ്രൈവറായി മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഒരു സാധാരണക്കാരന്റെ കുടുംബ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.
ഇതിനിടെ ചിത്രത്തിന്റെ ഷൂട്ടിങിനിടെയിലെ മോഹന്‍ലാലിനൊപ്പമുള്ള 'ക്യാന്‍ഡിഡ്' ചിത്രം പങ്കുവച്ചിരിക്കുകയാണ് ശോഭന. രസകരമായ അടിക്കുറിപ്പു ചേര്‍ത്താണ് താരം ചിത്രം സ്വന്തം പേജില്‍ പങ്കുവച്ചത്. സാത്വിക ഭാവത്തെക്കുറിച്ചുള്ള ചുമ്മാ ചര്‍ച്ചകള്‍... അദ്ദേഹത്തിന്റെ തിയറ്റര്‍ വര്‍ക്കിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചപ്പോള്‍,' എന്ന അടിക്കുറിപ്പോടെയാണ് ശോഭന ചിത്രം ഷെയര്‍ ചെയ്തത്. 'തുടരും' സിനിമയുടെ കോസ്റ്റ്യൂമിലാണ് ഇരുവരും ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടത്. മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ തിയേറ്റര്‍ വര്‍ക്കുകള്‍ ഫോണില്‍ കാണിക്കുന്ന ചിത്രമാണ് ശോഭന പങ്കിട്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തത്. ഇവര്‍ ഒന്നിച്ച പഴയ സിനിമകളിലെ ഐകോണിക് ഡയലോഗുകളാണ് കമ്മന്റായി ആരാധകര്‍ പോസ്റ്റിന് താഴെ പങ്കുവെച്ചത്.
ചിത്രത്തില്‍ ഒരു സാധാരണ ടാക്‌സി ഡ്രൈവര്‍ ആയിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം. കുടുംബത്തെ ഏറെ സ്‌നേഹിക്കുന്ന ഒരു കുട്ടംബനാഥന്‍. നല്ല സുഹൃത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്‌സി ഡ്രൈവര്‍. ഷണ്‍മുഖത്തിന്റെ ജീവിതം നര്‍മ്മത്തിലൂടെയും ഹൃദയസ്പര്‍ശിയായ രംഗങ്ങളിലൂടെയും ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. ഇടവേളയ്ക്കു ശേഷമാണ് മോഹന്‍ലാല്‍ സാധാരണക്കാര്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.കെ.ആര്‍. സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.