കലൂരിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന ഡാന്‍സാഫ് പരിശോധനയ്ക്കിടെ മുങ്ങിയ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് പൊലീസ് നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി ഇന്ന് രാവിലെ പത്ത് മണിക്കേക്ക് എറണാകുളം നോര്‍ത്ത് പൊലിസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. എറണാകുളം സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. സംഭവം നോര്‍ത്ത് സ്റ്റേഷന്‍ പരിധിയിലായതിനാലാണ് ഈ നടപടി. ഷൈന്റെ തൃശ്ശൂര്‍ മുണ്ടൂരിലെ വസതിയിലേക്കാണ് പൊലീസ് നോട്ടീസ് കൈമാറിയത്. സംഭവത്തെക്കുറിച്ചുള്ള വിശദമായ വിശദീകരണം ലഭ്യമാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
അതിനിടെ, ഷൈന്‍ ടോം ചാക്കോ അന്വേഷണവുമായി സഹകരിക്കുമെന്ന് പിതാവ് സിപി ചാക്കോ അറിയിച്ചു. താര സംഘടനയായ അമ്മയുടെ നോട്ടിസിനും ഉടന്‍ മറുപടി നല്‍കും. തിങ്കളാഴ്ച സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മിറ്റിക്ക് മുമ്പാകെ മകന്‍ ഹാജരാകുമെന്നും പിതാവ് ടെലിവിഷന്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഫോണില്‍ ഷൈനിനെ വിളിച്ചെങ്കിലും കിട്ടാതെ വന്നതോടെയാണ് തൃശൂരിലെ വീട്ടിലെത്തി നോട്ടീസ് നല്‍കിയത്.എന്നാല്‍ ഈ സമയത്ത് നടന്‍ വീട്ടിലില്ലാതിരുന്നതിനാല്‍ പിതാവ് സിപി ചാക്കോയാണ് നോട്ടീസ് കൈപ്പറ്റിയത്.
'സര്‍ക്കാര്‍ നോട്ടീസ് അയച്ചാല്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല
സ്വകാര്യ ഹോട്ടലില്‍നിന്ന് ഇറങ്ങി ഓടിയതിനെക്കുറിച്ചുള്ള നോട്ടീസാണ് തന്നിട്ടുള്ളത്.ഷൈന്‍ വീട്ടില്‍ ഇല്ല. അവര്‍ ആദ്യം ഒരു സമയം പറഞ്ഞു
അത് പറ്റില്ലെന്ന് പറഞ്ഞു.അവിടേക്ക് ആള്‍ക്ക് ഓടിഎത്തേണ്ടേ?'
അഭിഭാഷകരൊന്നും ഒപ്പമുണ്ടാകില്ല.അവന്റെ സുഹൃത്തുക്കള്‍ ആരെങ്കിലും ഒപ്പമുണ്ടാവും.നിയമോപദേശം തേടിയിട്ടില്ല.കേസ് ആയിട്ടില്ല..കേസായി വരുമ്പോള്‍ ആലോചിക്കാം,പത്തുകൊല്ലം കേസ് നടത്തി പരിചയമുണ്ട്. കേസ് എപ്പോഴാണ് ആവുന്നത് എന്ന് നമുക്കറിയാം.അത് ആവുമ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കാം.അഭിഭാഷകനോട് സംസാരിക്കേണ്ട ഘട്ടം എത്തിയിട്ടില്ല.ഇതിപ്പോ ഇങ്ങനെ കുറേ ഓലപ്പാമ്പുകളല്ലേ. അത് കഴിഞ്ഞ് കേസ് ആവുമ്പോള്‍ വക്കീലിനെ ബന്ധപ്പെടാം.കുറ്റംചെയ്തിട്ടുണ്ടങ്കില്‍ അല്ലേ കേസ് ആവുക',- നടന്റെ പിതാവ് പറഞ്ഞു
കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ലഹരി പരിശോധനയ്ക്ക് ഡാന്‍സാഫ് സംഘമെത്തിയപ്പോള്‍ അവിടെ താമസിച്ചിരുന്ന ഷൈന്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. മൂന്നാം നിലയില്‍ നിന്ന് ചാടിയിറങ്ങിയാണ് ഷൈന്‍ ഓടി രക്ഷപ്പെട്ടത്. റോഡിലെത്തി ഒരു ബൈക്കില്‍ കയറി സ്ഥലംവിടുകയും ചെയ്തു. ഇത്തരത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നും യാതൊരു പ്രകോപനവുമില്ലാതെ തന്നെ ഷൈന്‍ ഇറങ്ങി ഓടിയതില്‍ വ്യക്തത വരുത്താനാണ് നടനെ ചോദ്യം ചെയ്യുന്നത്.
ഹോട്ടലില്‍നിന്ന് രക്ഷപ്പെട്ട ഷൈന്‍ ടോം ചാക്കോ തൃശൂരെത്തി തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വിവരം. ഇതിനിടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടതായാണ് പൊലീസിന്റെ അനുമാനം. നിലവില്‍ ഇയാള്‍ പൊള്ളാച്ചിയിലെ റിസോര്‍ട്ടിലാണെന്നാണ് സൂചന. അതിനിടെ, പകല്‍ ഷൈനിന്റെ മുറിയിലെത്തിയ രണ്ട് യുവതികളോട് പൊലീസ് വിവരങ്ങള്‍ തേടി. ഇതില്‍ ഒരു യുവതിയുമായി ഷൈന്‍ സാമ്പത്തിക ഇടപാട് നടത്തിയെന്നാണ് കണ്ടെത്തല്‍. ഇവര്‍ക്ക് ലഹരി ഇടപാടുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.
ഷൈന്‍ താമസിച്ച മുറിയില്‍ നിന്ന് ലഹരിയോ മറ്റു തെളിവുകളോ ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ നടനെതിരേ കേസെടുക്കില്ല. നഗരത്തിലെ മുഖ്യ ലഹരിവിതരണക്കാരനെ തേടിയാണ് ഡാന്‍സാഫ് സംഘം ഷൈന്‍ താമസിച്ച ഹോട്ടലില്‍ എത്തിയത്. അതിനിടെയാണ് ഷൈന്‍ പൊലീസിനെ പേടിച്ച് സിനിമാ സ്‌റ്റൈലില്‍ ഓടി രക്ഷപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
അഞ്ചിലധികം പൊലീസുകാരായിരുന്നു പരിശോധനക്കെത്തിയത്. പൊലീസ് മുറിയിലേക്കെത്തിയപ്പോഴേയ്ക്കും ഷൈന്‍ ജനല്‍ വഴി ഊര്‍ന്ന് താഴേക്കിറങ്ങി പിന്നിട് പടികളിറങ്ങി ഓടുകയായിരുന്നു.