മിനിസ്‌ക്രീനില്‍ തെളിയുന്ന മുഖങ്ങളെ പോലെ തന്നെ പരിചിതമായിരിക്കും അവരുടെ ശബ്ദവും. എല്ലാ ചാനലുകളിലും സീരിയലുകള്‍ ആരംഭിച്ചതോടെ ദുരെ നിന്ന് കേട്ടാല്‍ പോലും ശബ്ദങ്ങള്‍ തിരിച്ചറിയുന്ന അവസ്ഥയിലേക്ക് പ്രേക്ഷക മനസുകള്‍ മാറിക്കഴി്ഞ്ഞു. അങ്ങനെ ശബ്ദത്തിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന ഒരു കലാകാരന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ വേദനയിലാണ് ഇപ്പോള്‍ താരലോകം.
യുഎഇയിലെ മുന്‍ റേഡിയോ അവതാരകനും പിന്നീട് നാട്ടിലെത്തി സിനിമ, സീരിയല്‍ രംഗത്ത് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയി പ്രവര്‍ത്തിച്ചുവരികയുമായിരുന്ന ശശികുമാര്‍ രത്നഗിരിയുടെ വേര്‍പാടാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. 48 വയസ് മാത്രം പ്രായമുണ്ടായിരുന്ന ശശികുമാര്‍ തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയാണ്. നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ അടുത്ത കൂട്ടുകാരനും. കുട്ടിക്കാലം മുതല്‍ക്കെ ഒരുമിച്ച് വളര്‍ന്ന കൂട്ടുകാരന്റെ അപ്രതീക്ഷിത വേര്‍പാടില്‍ തകര്‍ന്നിരിക്കുകയാണ് സുരാജ് ഇപ്പോള്‍. വെഞ്ഞാറമൂടിലെ സുരാജിന്റെ വീടിനരികെ അവനവഞ്ചേരി ശാന്തി നഗറില്‍ കുന്നുവിള വീട്ടിലായിരുന്നു ശശികുമാര്‍ താമസിച്ചിരുന്നത്. റാസല്‍ഖൈമയില്‍ നിന്ന് പ്രക്ഷേപണം ചെയ്തിരുന്ന റേഡിയോ ഏഷ്യയില്‍ രണ്ടു പതിറ്റാണ്ടോളം ശശികുമാര്‍ ജോലി ചെയ്തിരുന്നു. പിന്നീട് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് സിനിമ, സീരിയല്‍ രംഗത്ത് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
കേരളത്തിലെ പ്രധാന സമിതികളിലൂടെ ഒട്ടേറെ നാടകങ്ങളില്‍ അഭിനയിക്കുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. ഭാര്യ: രഞ്ജിനി. മകന്‍: ഇന്ദുചൂഢന്‍. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ശേഷം സ്വവസതിയില്‍. ശശികുമാറിന്റെ വിയോഗത്തില്‍ പ്രവാസ ലോകത്തെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അനുശോചിച്ചു. അതിനൊപ്പമാണ് നടന്‍ സുരാജ് വെഞ്ഞാറമൂടും സമൂഹമാധ്യമത്തിലൂടെ ശശികുമാര്‍ രത്നഗിരിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചത്. അടുത്തിടെ സിനിമയ്ക്ക് വേണ്ടി കഥ പറയാന്‍ തന്റെയരികിലെത്തി ഏറെ നേരം സംസാരിച്ച ശേഷം മടങ്ങിയതായി സുരാജ് അനുസ്മരിച്ചു.
സുരാജിന്റെ അനുശോചനക്കുറിപ്പ്: നാട്ടുകാരനും ഏറ്റവുമടുത്ത സുഹൃത്തുക്കളില്‍ ഒരാളുമായ ശശികുമാര്‍ രത്നഗിരിയുടെ വിയോഗവാര്‍ത്ത കേട്ട ഞെട്ടലിലാണ്. കോളജ് ക്യാംപസിലും നാട്ടിലും ഒപ്പമുണ്ടായിരുന്ന ആള്‍. പിന്നെ ഏറെക്കാലം കഴിഞ്ഞ് വീണ്ടും കാണുമ്പോള്‍ അവന്‍ ദുബായില്‍ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനായിക്കഴിഞ്ഞിരുന്നു. പെട്ടെന്നൊരുനാള്‍ പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തി. സിനിമയെടുക്കാന്‍ കഥയുമായി അടുത്തിടെ കാണാന്‍ വന്നു. അന്ന് ഏറെനേരം സംസാരിച്ച് പിരിഞ്ഞതാണ്. ഇന്ന് അതെല്ലാം ഓര്‍മകളാക്കി ശശി യാത്രയായിരിക്കുന്നു. പ്രിയ കൂട്ടുകാരന് ആദരാഞ്ജലികള്‍!