ചലചിത്ര നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് സാന്ദ്രാ തോമസിനെ പുറത്താക്കിയ നടപടി സ്റ്റേ ചെയ്തു. എറണാകുളം സബ് കോടതിയുടേതാണ് ഉത്തരവ്. സാന്ദ്ര തോമസിന്റെ അംഗത്വം റദ്ദാക്കിയ നടപടി സ്റ്റേ ചെയ്ത കോടതി അന്തിമ ഉത്തരവ് വരുംവരെ സാന്ദ്ര തോമസിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗമായി തുടരാമെന്നും വ്യക്തമാക്കി.
സാന്ദ്ര തോമസ് നല്‍കിയ ഉപഹര്‍ജിയിലാണ് സബ് കോടതിയുടെ ഉത്തരവ്. പുറത്താക്കിയ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര എറണാകുളം സബ്കോടതിയെ സമീപിച്ചത്. മതിയായ വിശദീകരണം നല്‍കാതെയാണ് പുറത്താക്കിയതെന്നും വിഷയത്തില്‍ കോടതി ഇടപെടണമെന്നും സാന്ദ്ര തോമസ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
നിര്‍മാതാക്കളുടെ സംഘടനയ്ക്കെതിരേയും അതിലെ ഭാരവാഹികള്‍ക്കെതിരേയും നേരത്തേ സാന്ദ്രാ തോമസ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പിന്നാലെ ഇവരെ സംഘടനയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
കോടതി നടപടിയില്‍ പ്രതികരണവുമായി സാന്ദ്ര തോമസും എത്തി.
തിന്മയുടെ മേല്‍ നന്മയുടെ വിജയം. കാലം അങ്ങനെയാണ്, തിന്മകള്‍ക്ക് മേല്‍ നന്മക്ക് വിജയിച്ചേ കഴിയൂ, അതൊരു പ്രകൃതിനിയമം കൂടിയാണ് എന്ന് സാന്ദ്ര പ്രതികരിച്ചു. സംഘടിതമായി ഒരു സ്ത്രീയോട് ചെയ്ത അനീതിക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ സംഘടനയുടെ ദംഷ്ട്രകള്‍ കൊണ്ട് നിശബ്ദയാക്കാമെന്ന് കരുതിയവര്‍ക്കുള്ള താക്കീതാണ് ഇന്നത്തെ കോടതി വിധി എന്നാണ് സാന്ദ്രയുടെ മറുപടി. ഇന്ത്യയിലെ നിയമ സംവിധാനത്തോടുള്ള അതിയായ വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതും കൂടിയാണ് ഇന്നത്തെ വിധി. അതുകൊണ്ടു ഓരോരുത്തര്‍ക്കും പ്രത്യേകിച്ച് സ്ത്രീകള്‍ക്കും നേരെ വരുന്ന ഏത് തരം അക്രമങ്ങളെയും ശക്തിയുക്തം എതിര്‍ത്ത് തോല്പിക്കേണ്ടതാണ്. സിനിമാസംഘടനയില്‍ നിന്നു ഭീഷണി ഉണ്ടായിട്ടും എന്നെ പിന്തുണച്ച നിര്‍മ്മാതാവ് ഷീല കുര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് താരം നന്ദി പറയുന്നു.