വിവാഹമോചനം പ്രഖ്യാപിച്ചതിനു പിന്നാലെ എ ആര്‍ റഹ്മാനെ ആക്ഷേപിക്കുന്ന തരത്തില്‍ നിരവധി വാര്‍ത്തകളാണ് പ്രചരിച്ചത്. ഇതിനെതിരെ റഹ്മാന്റെ മക്കള്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. പിന്നാലെയാണ് ശക്തമായ താക്കീതുമായി റഹ്മാന്‍ തന്നെ രംഗത്തെത്തിയത്. തനിക്കെതിരെ അപകീര്‍ത്തി പ്രചരണം നടത്തിയുള്ള വാര്‍ത്തകള്‍ ഒരു മണിക്കൂറിനകം പിന്‍വലിച്ചില്ലെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും എന്നായിരുന്നു റഹ്മാന്‍ പറഞ്ഞത്. ഇപ്പോഴിതാ, അദ്ദേഹത്തിനെതിരായ വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സൈറ ബാനു രംഗത്തു വന്നിരിക്കുകയാണ്. സൈറയുടെ ശബ്ദ സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ആരോഗ്യപരമായ കാരണങ്ങളാലാണ് താന്‍ മുംബൈയിലേക്ക് മാറിയതെന്നും ആരോഗ്യം പൂര്‍വ്വസ്ഥിതുയില്‍ എത്തിയാല്‍ ചെന്നൈയിലേക്ക് തിരികയെത്തുമെന്നും, ശബ്ദസന്ദേശത്തിലൂടെ സൈറ വ്യക്തമാക്കുന്നു. 'പ്ലീസ്.. റഹ്മാനെതിരെ മോശമായ പ്രചരണം നടത്തരുതെന്ന് യൂട്യൂബര്‍മാരോടും തമിഴ് മാധ്യമങ്ങളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. റഹ്മാന്‍ അമൂല്യ വ്യക്തിത്വമുള്ള ആളാണ്. ലോകത്തിലെ ഏറ്റവും മികച്ച മനുഷ്യന്‍. ചെന്നൈയില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നത് എന്റെ ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ്. ചെന്നൈയിലെ റഹ്മാന്റെ തിരക്കുകള്‍ക്കിടയില്‍ ഇത് സാധ്യമാകുമായിരുന്നില്ല.' ജീവിതത്തില്‍ താന്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്നതും സ്നേഹിക്കുന്നതും റഹ്മാനെയാണെന്നും സൈറ ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. 'എന്റെ ജീവിതം കൊണ്ട് ഞാന്‍ റഹ്മാനെ വിശ്വസിക്കുന്നു, അത്രമാത്രം ഞാന്‍ അദ്ദേഹത്തെ സ്നേഹിക്കുന്നു. റഹ്മാന്‍ തിരിച്ചും അങ്ങനെയാണ്. തെറ്റായ ആരോപണങ്ങള്‍ അവസാനിപ്പിക്കാണം. നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.' എന്നാണ് സൈറ ബാനു ശബ്ദ സന്ദേശത്തില്‍ പറയുന്നത്.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സംഗീത സംവിധായകരില്‍ ഒരാളാണ് എ.ആര്‍ റഹ്മാന്‍. റഹ്മാനും ഭാര്യ സൈറ ബാനുവും വേര്‍പിരിയുന്നുവെന്ന് പ്രഖ്യാപിച്ചത് സമീപകാലത്ത് ഇന്ത്യന്‍ സിനിമയെ ഞെട്ടിച്ച സംഭവങ്ങളില്‍ ഒന്നായിരുന്നു. കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് ഇരുവരും അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും സാമൂഹ്യ മാധ്യമങ്ങളിലടക്കം എ.ആര്‍ റഹ്മാനെ ആക്ഷേപിക്കുന്ന തരത്തിലുള്ള പല വാര്‍ത്തകളും പ്രചരിച്ചിരുന്നു. പിന്നാലെയാണ് വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റഹ്മാനും ഭാര്യ സൈറ ബാനുവും രംഗത്തു വന്നത്.
എ ആര്‍ റഹ്മാനുവേണ്ടി നര്‍മദാ സമ്പത്ത് അസോസിയേറ്റ്‌സ് ആന്‍ഡ് അഡ്വക്കേറ്റ്‌സ് ആണ് വക്കീല്‍ നോട്ടീസ് അയച്ചത്. റഹ്മാന്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു മണിക്കൂറിനുള്ളില്‍ അപകീര്‍ത്തികരമായ കണ്ടന്റുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ നടപടിയെടുക്കും എന്നാണ് അറിയിച്ചത്. വിവാഹമോചനം പ്രഖ്യാപിച്ചതുമുതല്‍ ചില മാധ്യമങ്ങളും യൂട്യൂബര്‍മാരും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വിവരങ്ങള്‍ പ്രചരിപ്പിച്ചു. ഇവയിലൊന്നും സത്യത്തിന്റെ ഒരു കണികപോലും ഇല്ല എന്നാണ് റഹ്മാന്‍ പറയുന്നത്. റഹ്മാനെ അപകീര്‍ത്തിപ്പെടുത്താന്‍ സാങ്കല്‍പ്പികവും വ്യാജവുമായ കഥകള്‍ കെട്ടിച്ചമക്കുകയാണ് എന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.