പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ഗായിക അതിലുപരി മികച്ച അവതാരക, അഭിനേത്രി എന്നിങ്ങനെ നാനാ തലത്തിലും തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് റിമി ടോമി. വര്‍ഷങ്ങളായി മലയാള സിനിമാ താര ലോകത്ത് ചുറുചുറുക്കോടെ തിളങ്ങി നില്‍ക്കുന്ന റിമി ടോമി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ്. ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടായ പല വെല്ലുവിളികളെയും അതിജീവിച്ച് 40-ാം വയസ് കഴിയുമ്പോഴും ജീവിതം അതിസുന്ദരമാക്കുകയാണ് താരം.
കോട്ടയം പാലാക്കാരിയാണ് റിമി ടോമി. അവിടുത്തെ ഒരു സാധാരണ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച പെണ്ണ്. കോട്ടയത്തെ പെണ്‍പിള്ളേരെല്ലാം പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാല്‍ നഴ്‌സിംഗും വിദേശജോലിയും സ്വപ്‌നം കണ്ട് പറക്കാന്‍ തുടങ്ങുന്ന കാലത്താണ് റിമി ടോമി പാട്ടിന്റെ വഴിയെ സഞ്ചരിക്കുന്നത്. കുടുംബത്തിലെ മൂന്നു മക്കളില്‍ നടുക്കത്തവളായിരുന്നു റിമി. കോട്ടയത്തെ പ്രശസ്തമായ ട്രൂപ്പായ എയ്ഞ്ചല്‍ വോയിസിലൂടെയാണ് റിമി സംഗീത ലോകത്തേക്ക് പ്രവേശിക്കുന്നത്. എയ്ഞ്ചല്‍ വോയിസിന്റെ ഒരു ഷോയ്ക്കിടെ മിമിക്രി ആര്‍ട്ടിസ്റ്റ് നാദിര്‍ഷയാണ് റിമി ടോമിയെ ശ്രദ്ധിക്കുന്നത്. അങ്ങനെയാണ് മീശ മാധവനിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ ചിങ്ങമാസം പാടുവാന്‍ ലാല്‍ജോസിനും വിദ്യാസാഗറിനും പരിചയപ്പെടുത്തുന്നതും ഗായികയുമായ വിസ്മയകരമായ വളര്‍ച്ച ആരംഭിക്കുന്നതും.
അതിനു ശേഷം അസൂയാവഹമായ വളര്‍ച്ചയായിരുന്നു റിമിയുടേത്. വിദേശത്തും നാട്ടിലും എല്ലാം നിരവധി സ്റ്റേജ് ഷോകളുമായി റിമി ടോമി തിളങ്ങി. ഒപ്പം നിരവധി സിനിമാ ഗാനങ്ങളും. സിനിമകളിലെ തകര്‍പ്പന്‍ സ്റ്റൈല്‍ ഗാനങ്ങള്‍ പാടാന്‍ റിമി അല്ലാതെ മറ്റൊരു ഗായികയും വേണ്ടെന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തി. അതിനിടെയാണ് ടിവി അവതാരകയായും തിളങ്ങിത്തുടങ്ങിയത്. ടിവി അവതാരക ആയി പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിയ റിമിയുടെ പാട്ട് കേള്‍ക്കാന്‍ മാത്രമായി എത്തിയ നിരവധി ആരാധകര്‍ അന്ന് മുതല്‍ തന്നെ ഉണ്ടായിരുന്നു. തനി പാലാ സ്‌റ്റൈലില്‍ ഉള്ള വര്‍ത്തമാനത്തില്‍ കൂടിയാണ് റിമി പ്രേക്ഷകരെ കൈയിലെടുത്തത്. അന്ന് മുതല്‍ ഇന്ന് വരെ റിമി മലയാളികളുടെ സ്വന്തം താരമാണ്.
അവതരണത്തിലും ആലാപനത്തിലും മികവ് തെളിയിച്ച റിമി 2008ലാണ് റോയ്‌സ് കിഴക്കൂടന്‍ എന്ന തൃശൂരുകാരനെ റിമി ടോമി വിവാഹം കഴിച്ചത്. അപ്പോഴേക്കും മലയാള സിനിമയിലെ സൂപ്പര്‍ ഗായികമാരില്‍ ഒരാളായി റിമി മാറിയിരുന്നു. കൈനിറയെ സമ്പാദ്യവും. കൊച്ചിയില്‍ വീടും ഫ്‌ളാറ്റും മാത്രമല്ല, പാലായിലും ഒരു വലിയ വീടും സ്ഥലവും വാഹനങ്ങളും എല്ലാം റിമി സ്വന്തമാക്കിയിരുന്നു. റിമിയുടെ സഹോദരന്‍ റിങ്കുവാണ് ചേച്ചിയ്‌ക്കൊപ്പം മാനേജരായി പ്രവര്‍ത്തിച്ചിരുന്നതും. ഏറെ സന്തോഷകരമായി മുന്നോട്ടു പോയിരുന്ന ജീവിതത്തില്‍ റിമിയുടെ കാല്‍ ആദ്യം ഇടറിയത് 2014ല്‍ പിതാവിന്റെ ആകസ്മിക വിയോഗത്തോടെയായിരുന്നു. കാര്‍ഡിയാക് അറസ്റ്റ് മൂലം ടോമി ജോസഫിന്റെ വിയോഗം സംഭവിച്ചപ്പോള്‍ തളര്‍ന്നു പോവുകയായിരുന്നു റിമി.
എന്നാല്‍ കുടുംബത്തിന്റെ ഉത്തരവാദിത്വം പൂര്‍ണമായും ഏറ്റെടുത്ത് തൊട്ടടുത്ത വര്‍ഷം മുതല്‍ റിമി വീണ്ടും സജീവമായി. അനിയന്‍ റിങ്കുവിന്റെ വിവാഹം നടി മുക്തയുമായി ചേര്‍ന്ന് നടത്തുകയും കൊച്ചിയില്‍ നടി കോടികള്‍ വില കൊടുത്ത് വാങ്ങിയ ഫ്‌ളാറ്റ് അവര്‍ക്കായി സമ്മാനിക്കുകയും ചെയ്തു. അതേവര്‍ഷമാണ് റിമി ടോമി സിനിമയിലും തിളങ്ങിയത്. ജയറാം നായകനായി എത്തിയ തിങ്കള്‍ മുതല്‍ വെള്ളിവരെയാണ് അഭിനയിച്ച ആദ്യ ചിത്രം. ചിത്രത്തില്‍ ജയറാമിന്റെ ഭാര്യയുടെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പിന്നീട് അഭിനയത്തിലേക്ക് അധികം എത്തിയില്ല. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ റിമി ടോമിയുടെ വിവാഹമോചന വാര്‍ത്തയും എത്തി. വിവാഹം കഴിഞ്ഞ് 11-ാം വര്‍ഷമായിരുന്നു ഇരുവരും മ്യൂചല്‍ ഡിവോഴ്‌സിനുള്ള പേപ്പറില്‍ ഒപ്പുവച്ചത്.
വിവാഹം കഴിക്കുമ്പോള്‍ ബിസിനസുകാരനായിരുന്ന റോയ്‌സ് വിവാഹശേഷം റിമിയുടെ സകല കാര്യങ്ങളും നോക്കിയിരുന്നു. ബിസിനസും സ്‌റ്റേജ് പ്രോഗ്രാമുകളും എല്ലാം കൂടി ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതെ വന്നു. പരമാവധി അഡ്ജസ്റ്റ് ചെയ്യുവാന്‍ നോക്കിയെങ്കിലും കുടുംബജീവിതം യാതൊരു വിധത്തിലും സാധ്യമാകാതെ വന്നപ്പോഴാണ് ഇനിയും ജീവിതം നഷ്ടപ്പെടുത്തുവാന്‍ താനില്ലെന്ന തുറന്നു പറച്ചിലോടെ റോയ്‌സ് ഏറ്റെടുത്ത ചുമതലകളെല്ലാം തിരിച്ചെഴുതി കൊടുത്ത് വിവാഹമോചനം നേടി ഇരുവരും വേര്‍പിരിഞ്ഞത്. അതിനു ശേഷം രൂപത്തില്‍ തന്നെ വലിയ മാറ്റം വരുത്തി 40-ാം വയസിലും ജീവിതം ആസ്വദിക്കുകയാണ് താരം. ഇന്ന് റിയാലിറ്റി ഷോ ജഡ്ജായി വരെ റിമി ടോമി സജീവമാണ്.