കൈനീട്ടം കൊടുക്കുകയും, വാങ്ങുകയും ചെയ്യാത്ത വിഷു കാലമാണ് ഈ കടന്നുപോയത്. ചെറുപ്പത്തിൽ വിഷുവിന്റെ തലേന്ന് അവസാന വട്ട കണക്കെടുപ്പുകളിലായിരിക്കും.. കൈനീട്ടങ്ങൾ തരുന്നവരുടെ സാധ്യതാ പട്ടിക ഉണ്ടാക്കുകയാണ്.. ആദ്യം ഉറച്ച കൈനീട്ടങ്ങളുടെ ലിസ്റ്റ്. പിന്നെ സാധ്യതാപട്ടിക.. ഇന്ന മാമൻ ചിലപ്പോൾ തന്നേക്കും. ഇന്ന ഇളയച്ഛൻ ലീവിനു വന്നിട്ടുണ്ടെന്ന് അറിയുന്നു അപ്പോൾ ഒരു ചാൻസ് കാണുന്നുണ്ട് തുടങ്ങി തിരഞ്ഞെടുപ്പിനു മുമ്പുള്ള അഭിപ്രായവോട്ടെടുപ്പു പോലെ ചില കണക്കുകൾ ഉണ്ടാക്കുന്നു. ധനമന്ത്രി ബഡ്ജറ്റ് തയ്യാറാക്കുമ്പോൾ പോലും കാണിക്കാത്ത വിഭവ സമാഹരണ മാർഗ്ഗങ്ങൾ ചിന്തിക്കുകയാണ്.
വിഷുദിവസം ചിലപ്പോൾ അട്ടിമറികൾ ആകും നടക്കുന്നത് പത്തു രൂപ തരും എന്ന് പ്രതീക്ഷിച്ച ചിറ്റപ്പൻ അത്യാവശ്യമായി രാവിലെ എവിടെയോ യാത്ര പോയി.. ഒരാഴ്ച കഴിഞ്ഞേ വരൂ.. കഴിഞ്ഞപ്രാവശ്യം അഞ്ചു രൂപ തന്ന വല്യമ്മാവൻ ഒരു രൂപ വെള്ളിതുട്ടിൽ ഒതുക്കി.. "എങ്കിലും എന്റെ വലിയമ്മാമ "എന്ന് ഹൃദയം പൊട്ടി വിളിച്ചു പോകും,..എന്നാൽ തീരെ പ്രതീക്ഷിക്കാതെ കുറച്ചു ദൂരെ താമസിക്കുന്ന സെബാസ്റ്റ്യൻ അങ്കിൾ അഞ്ചു രൂപ തന്നിരിക്കുന്നു.. തെരഞ്ഞെടുപ്പിലെ വോട്ടിംഗ് പോലെ ആദ്യമണിക്കൂറുകളിൽ ആണ് കനത്ത പോളിംഗ്.. കിട്ടാവുന്നതിൽ 80 ശതമാനവും ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് തന്നെ കിട്ടും.. പിന്നെ ഇടവിട്ടിടവിട്ട് സന്ധ്യവരെ. മഴപെയ്തു കഴിഞ്ഞിട്ടും മരം പെയ്യും പോലെ വിഷു കഴിഞ്ഞ് ഒരാഴ്ച വരെ തെറ്റിയും തിരിച്ചും മുന്കാലപ്രാബല്യത്തോടെ കൈനീട്ടം കിട്ടും.. ഓരോ കൈനീട്ടം കിട്ടുമ്പോഴും total amount മനസ്സിൽ add ചെയ്യും.. ഈ ഒരു സാമർത്ഥ്യം പഠിത്തത്തിൽ കാണിച്ചിരുന്നെങ്കിൽ ഇന്ന് ഞാൻ പ്രധാനമന്ത്രിയുടെ മുഖ്യ ധനകാര്യ ഉപദേഷ്ടാവ് ആയേനെ.. വിഷു സന്ധ്യയ്ക്ക് വരവ് ചെലവ് വിലയിരുത്തൽ.
മുതിർന്നപ്പോൾ
മുതിർന്നു കഴിഞ്ഞപ്പോൾ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആലോചിക്കാറുണ്ട്.. ഏതാണ് കൂടുതൽ സന്തോഷമുണ്ടാക്കുന്ന റോൾ? കുട്ടികളായിരിക്കുമ്പോൾ വിഷുക്കൈനീട്ടം വാങ്ങുന്നതും പുൽക്കൂട് നിർമ്മിക്കുന്നതും നോയമ്പ് മുറിച്ച് വിഭവങ്ങളോടെ ഭക്ഷണം കഴിക്കുന്നതുമൊക്കെ ആണോ അതോ കൈനീട്ടം കൊടുക്കുന്നതും ഓണക്കോടി വാങ്ങി നൽകുന്നതും പുൽക്കൂട് ഒരുക്കാൻ സംവിധാനങ്ങൾ ചെയ്തുകൊടുക്കുന്നതും ഭക്ഷണപദാർത്ഥങ്ങൾ ഒരുക്കി നൽകുന്നതും ഒക്കെയായി ഗൃഹനാഥന്റെ റോൾ ആണോ.. ആഘോഷിക്കുന്നത് ആണോ അതോ ആഘോഷിക്കാൻ അവസരമൊരുക്കുന്ന താണോ.
കുട്ടിയായിരിക്കുമ്പോൾ ചില ആഘോഷങ്ങൾ മറ്റു കൂട്ടുകാരുടെ അത്ര തന്റെ വീട്ടിൽ നന്നായില്ല എന്നുപറഞ്ഞ് വാശിപിടിച്ച് ബഹളം വയ്ക്കേണ്ടി വന്നതിൽ കുറ്റബോധം തോന്നുന്നത് മുതിർന്നു കഴിഞ്ഞു കൊടുക്കുന്ന ആളിന്റെ റോളിൽ വരുമ്പോഴാണ്. അന്ന് മുതിർന്നവർ ചിലപ്പോൾ ചെറിയ തുകയുടെ വെള്ളി തു ട്ട് തന്നത് വലിയ തുകയുടെ നോട്ട് തരാൻ സാഹചര്യം ഇല്ലാത്തതുകൊണ്ട് കൂടി ആവാം എന്ന് മനസ്സിലാക്കുന്നതും മുതിർന്ന കഴിയുമ്പോഴാണ്.
കണ്ണീർ ഓർമ
വളരെ മുമ്പ് കുട്ടിയായിരുന്നപ്പോൾ ഒരു ആഘോഷ കാലത്ത് എല്ലാവരോടും ഒപ്പം ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. ഭക്ഷണം കഴിക്കുന്നതിനിടയിൽ ഒരു ഒച്ചപ്പാട്... നോക്കിയപ്പോൾ ഒരു മേശക്കരികിൽ ഒരു പയ്യൻ നിന്ന് വി റക്കുന്നു. എന്റെ അത്ര മാത്രം പ്രായമുള്ളവൻ.. ഭക്ഷണം കഴിക്കുന്നവരുടെ പ്ലേറ്റ് എടുക്കാൻ വന്നപ്പോൾ അവന്റെ കൈ തട്ടി ഗ്ലാ സ് മറിഞ്ഞു.. വെള്ളം വീ ണു ആരുടെയോ പുത്തൻ ഡ്രസ്സ് നനഞ്ഞു. അയാൾ ഒച്ച വയ്ക്കുകയാണ്.. പയ്യൻ കിലുകിലെ വിറയ്ക്കുന്നു. മാനേജർ വന്നു അവനെ ശകാരിച്ചു അകത്തേക്ക് അയക്കുന്നു.. അവൻ കണ്ണ് നിറഞ്ഞു അകത്തേക്ക്.. അന്ന് അതെന്തോ അത്രയ്ക്കങ്ങ് ഫീൽ ചെയ്തില്ല.. പിന്നീട് വളർന്നു കൊണ്ടിരിക്കുമ്പോൾ ആ ദൃശ്യവും വളർന്നുതുടങ്ങി അവൻ ആരായിരിക്കും.. എന്നെപ്പോലെ ഏതോ സ്കൂളിൽ പഠിക്കേണ്ട, ഏതോ അച്ഛനമ്മമാരിൽ നിന്നും വിഷുക്കൈനീട്ടം വാങ്ങേണ്ട, ഓണക്കോടി ധരിക്കേണ്ട, പുൽക്കൂട് ഒരുക്കേണ്ട ഒരുവൻ ആയിരുന്നില്ലേ അവനും.. അവന്റെ കറുത്ത ശരീരം, ഉലഞ്ഞ തലമുടി, നിസ്സഹായമായ കണ്ണുകൾ ഒക്കെ പലപ്പോഴും മുന്നിൽ തെളിഞ്ഞിട്ടുണ്ട് ഓരോ ആഘോഷങ്ങളിലും നമ്മൾ ആഹ്ലാദിക്കും പോൾ എവിടൊക്കെയോ നിസ്സഹായതയുടെ മുഖങ്ങളും ഉണ്ടെന്ന് തിരിച്ചറിഞ്ഞു തുടങ്ങി. ഈ കോവിഡ് കാലത്തു ആ തിരിച്ചറിവ് കൂടുന്നു.