മലയാളി പ്രേക്ഷകരെ ഒന്നടങ്കം കുടുകുടാ ചിരിപ്പിച്ച താരമാണ് ശശി കലിംഗ. പല്ലില്ലാത്ത മോണകാട്ടിയുള്ള സംസാരവും ചിരിയും. മുന്നിലേക്ക് ഉന്തി നില്‍ക്കുന്ന വയറും എല്ലാം കൂടി കാണുമ്പോള്‍ അറിയാതെ തന്നെ പ്രേക്ഷകന്റെ ഉള്ളില്‍ ചിരിനിറയും. ''എടാ അന്തോണി നിന്നോട് പച്ചകോളറുള്ള ചുവന്ന മുത്ത് പിടിപ്പിച്ച പാര്‍ട്ടിവെയര്‍ എടുക്കാനല്ലെ പറഞ്ഞത''് എന്ന അമര്‍ അക്ബര്‍ അന്തോണിയിലെ ശശിയുടെ ഡയലോഗ് പ്രേക്ഷകരില്‍ വലിയ തിരയിളക്കമാണ് സൃഷ്ടിച്ചത്. എന്നാല്‍ എല്ലാ കഥാപാത്രങ്ങളെയും തന്റെതായ ശൈലിയില്‍ അവതരിപ്പിക്കാറുള്ള താരത്തിന്റെ പക്കല്‍ നിന്നും ഇനി ഒരു കഥാപാത്രവും ഉണ്ടാകില്ല. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ആണെങ്കില്‍ പോലും താരം ലോകത്തില്‍ നിന്നും അഭിനയ ജീവിതത്തില്‍ നിന്നും വിട പറഞ്ഞിരിക്കുകയാണ്. മികച്ച സംവിധായകര്‍ക്കൊപ്പവും നടന്മാര്‍ക്കൊപ്പവും അഭിനയിക്കാന്‍ സാധിച്ചിട്ടുള്ള താരത്തിന് അവരോടെല്ലാം അടുത്ത ആത്മ ബന്ധമാണ് ഉള്ളത്. സംവിധായകന്‍ രഞ്ജിത് അദ്ദേഹത്തിന് വല്യമ്മാവനും, മമ്മൂട്ടി മൂത്ത ചേട്ടനും, മോഹന്‍ലാല്‍ അടുത്ത കൂട്ടുകാരനുമാണ്.
സംവിധായകന്‍ രഞ്ജിത് ശശിക്ക് എല്ലാമെല്ലാമായിരുന്നു. കാരണം 1998 ല്‍ തകരചെണ്ട എന്ന സിനിമയിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയെങ്കിലും സിനിമയില്‍ ശോഭിക്കാനും മറ്റുള്ളവര്‍ക്ക് മുന്നില്‍ ശ്രദ്ധിക്കപ്പെടാനും രഞ്ജിത് എന്ന സംവിധായകന്‍ വേണ്ടി വന്നു. പാലേരിമാണിക്യം പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലേക്ക് രഞ്ജിത് തന്നെ വിളിച്ചതോടെയാണ് തന്റെ ജീവിതം തന്നെ മാറിമറിഞ്ഞതെന്ന് ശശി മുമ്പ് പറഞ്ഞിട്ടുണ്ട്. അതിന് ശേഷം പ്രാഞ്ചിയേട്ടന്‍ ചിത്രത്തിലും താരമെത്തി . പ്രാഞ്ചിയേട്ടന്‍ എന്ന ചിത്രം താരത്തിന് വലിയ മൈലേജാണ് ഉണ്ടാക്കി കൊടുത്തത്.
പാതിരാകൊലപാതകത്തിലും പ്രാഞ്ചിയേട്ടനിലും മമ്മൂട്ടി എന്ന അതുല്യ നടനോട് ചേര്‍ന്ന് നിന്ന് അഭിനയിക്കാന്‍ സാധിച്ച നടന്‍ കൂടെയാണ് ശശി. കൂടെ അഭിനയിച്ച് പിരിയുകയല്ല നേരെ മറിച്ച് ഒരു നല്ല ആത്മ ബന്ധം അവിടെ ഉടലെടുക്കുകയായിരുന്നു. മമ്മൂട്ടി തനിക്ക് മൂത്ത ചേട്ടനാണെന്നും ഇപ്പോഴും മമ്മൂട്ടിയെ കണ്ടാല്‍ കൈയും കാലും വിറയ്ക്കുമെന്നും പറഞ്ഞ താരം എന്നാല്‍ മോഹന്‍ലാല്‍ തനിക്ക് അടുത്ത് സുഹൃത്താണെന്നും പറഞ്ഞിട്ടുണ്ട്. സംവിധായകന്‍ രഞ്ജിത്, നടന്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരോട് അടുത്ത ആത്മബന്ധം പുലര്‍ത്തിയിരുന്നു ശശി കലിംഗ. ഇവര്‍ക്ക് പുറമേ സുനില്‍ സുഖദയുമായും താരം നല്ല ബന്ധമായിരുന്നു പുലര്‍ത്തിയിരുന്നത്.
ലിജോ ജോസിന്റെ ആമേന്‍ എന്ന ചിത്രത്തിലെ താരത്തിന്റെ ചാച്ചപ്പന്‍ എന്ന കഥാപാത്രത്തെയും ആരും മറക്കാന്‍ വഴിയില്ല. പ്രേക്ഷരെ അത്രയധികം ചിരിപ്പിച്ച ആ കഥാപാത്രത്തെ ശശിക്ക് കൊടുത്ത ലിജോയുമായും താരം നല്ല അടുപ്പത്തിലായിരുന്നു. മാത്രമല്ല മലയാളികളുടെ സ്വത്തായ കലാഭവന്‍ മണിയുമായി നല്ല അടുത്ത ബന്ധവും താരത്തിന് ഉണ്ടായിരുന്നു. ഇപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെ ഉണ്ടായ ശശിയുടെ വിയോഗം എല്ലാവരിലും വലിയ നൊമ്പരമാണ് ഉണ്ടാക്കിയിരിക്കുന്നത്. അവരുടെ ശശിയേട്ടന് കണ്ണീരോടെ താരങ്ങള്‍ യാത്രാമൊഴി നല്‍കുകയാണ്.. മോഹന്‍ലാല്‍ മമ്മൂട്ടി തുടങ്ങിയ താരങ്ങളും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിട്ടുണ്ട്.