സംവിധായകനും നടനും, സംസ്ഥാന അവാര്‍ഡ് ജേതാവുമായ എം.ബി പത്മകുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ആലപ്പുഴയില്‍ നടന്ന ചടങ്ങിലാണ് പത്മകുമാര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. അശ്വാരൂഡന്‍ എന്ന ചിത്രത്തിലൂടെ സിനിമാഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച പത്മകുമാര്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ആനച്ചന്തം, രക്ഷകന്‍, നിവേദ്യം, തനിയെ, ദാവീദ്, പട്ടണത്തില്‍ ഭൂതം, കേരളോത്സവം, കുട്ടിസ്രാങ്ക്, 72 മോഡല്‍, തോംസണ്‍ വില്ല, ഒളിപ്പോര് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. നിവേദ്യത്തിലെ മികച്ച വില്ലന്‍വേഷമാണ് മലയാളികള്‍ക്ക് ശ്രദ്ധേയനാക്കുന്നത്.
പത്മകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം 'മൈ ലൈഫ് പാര്‍ട്ണര്‍' ആണ്. ചിത്രത്തിന് 2014 ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡു് ലഭിച്ചു. ചിത്രത്തിലെ അഭിനയത്തിന് നായകന്‍ സുദേവ് നായറിന് 2014 ലെ മികച്ച നടനുള്ള അവാര്‍ഡും ലഭിക്കയുണ്ടായി.
അമല, ഇന്ദിര, ഹൈവേ, കുഞ്ഞാലി മരയ്ക്കാര്‍, അഗ്നിപുത്രി തുടങ്ങിയവ പത്മകുമാര്‍ അഭിനയിച്ച ശ്രദ്ധേയമായ സീരിയലുകളാണ്.