Latest News

ഒരു സിനിമാ നടന് ഇങ്ങനെ ഒക്കെ ചെയ്യാന്‍ പറ്റുമോ; ആരുമറിയാത്ത നടന്‍ കൃഷ്ണ പ്രസാദ് യഥാര്‍ഥത്തില്‍ ഹീറോ ആണ്; ഉണ്ണി മുകുന്ദന്റെ കുറിപ്പ് വായിച്ച് അമ്പരന്ന് ആരാധകര്‍

Malayalilife
topbanner
ഒരു സിനിമാ നടന് ഇങ്ങനെ ഒക്കെ ചെയ്യാന്‍ പറ്റുമോ;  ആരുമറിയാത്ത നടന്‍ കൃഷ്ണ പ്രസാദ് യഥാര്‍ഥത്തില്‍ ഹീറോ ആണ്; ഉണ്ണി മുകുന്ദന്റെ കുറിപ്പ് വായിച്ച് അമ്പരന്ന് ആരാധകര്‍

ലയാളത്തിലെ ശ്രദ്ധേയനായ യുവതാരമായ ഉണ്ണിമുകുന്ദന്റെ ഒരു കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. മലയാള സിനിമയില്‍ സഹനടന്റെ വേഷങ്ങളില്‍ തിളങ്ങിയിട്ടുള്ള  നടന്‍ കൃഷ്ണ പ്രസാദിനെ പറ്റിയാണ് ഉണ്ണിയുടെ കുറിപ്പ്.  നടന്‍ കൃഷ്ണ പ്രസാദിന്റെ മറ്റൊരു മുഖം തുറന്നുകാട്ടിയ കുറിപ്പിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്.

വൈറലായിക്കൊണ്ടിരിക്കുന്ന ഉണ്ണിയുടെ കുറിപ്പ് ഇങ്ങനെയാണ്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഇന്നത്തേക്ക് 30 ദിവസമായി. നമ്മള്‍ ഇതിന് മുന്‍പ് ഇങ്ങനൊരു അവസ്ഥ അനുഭവിക്കാത്തവര്‍ ആയതിനാല്‍ ഈ ദിവസങ്ങള്‍ നമ്മളെ നല്ലതുപോലെ തളര്‍ത്തിയിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ കുറച്ച് പുസ്തകങ്ങള്‍ വായിച്ചും സിനിമകള്‍ കണ്ടും ഇതുവരെ ചെയ്യാത്ത വീട്ടുജോലികളും ചെയ്യാനിടയുണ്ടായി. ഈ കൂട്ടത്തില്‍ ആണ് എന്റെ വീടിന്റെ സമീപത്തുള്ള കുറച്ച് കൃഷി സ്ഥലത്തേക്ക് എന്റെ ശ്രദ്ധ പോയത്. അച്ഛന്‍ ആണ് ഇതും നോക്കി നടത്തുന്നത്.

അച്ഛന്റെ കൂടെ ഞാനും മണ്ണിലേക്ക് ഇറങ്ങി. അച്ഛന് സഹായം ഒന്നും വേണ്ടെങ്കിലും ഞാന്‍ ചെറിയ കൈതാങ്ങുമായി കൂടെ നിന്നു. ഈ ഏപ്രില്‍ മാസത്തിലും ഒറ്റപ്പാലത്ത് നല്ല ചൂടും വെയിലുമാണ്. എന്നാല്‍ അച്ഛന്‍ വെയിലത്ത് അങ്ങോട്ടും ഇങ്ങോട്ടും ഒരു ബുദ്ധിമുട്ടും ഇല്ലാതെ നടന്നു ജോലി ചെയ്യുമ്പോഴും എനിക്ക് ശാരീരികമായി അങ്ങനെ ജോലി എടുക്കാന്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടു.

ജിമ്മില്‍ വെയിറ്റ് എടുക്കുന്നതാണ് എളുപ്പം എന്ന് തോന്നിപ്പോയി. അപ്പോഴാണ് ഉച്ചക്ക് ഊണ് കഴിക്കാന്‍ ഇരിക്കുമ്പോള്‍ അച്ഛന്‍ പലപ്പോഴും വീട്ടില്‍ ജൈവകൃഷി ചെയ്ത് ഉണ്ടാക്കിയ പച്ചക്കറികളെ കുറിച്ച് വളരെ അധികം വാചാലനായി സംസാരിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലായത്. ശരിയാണ് ഈ പച്ചക്കറികള്‍ക്ക് ഇതുവരെ തോന്നാത്ത ഒരു രുചി ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. ചിലപ്പോള്‍ എന്റെ അച്ഛന്റെ വിയര്‍പ്പിന്റെ രുചിയാകുമത്. പറഞ്ഞു വന്നത് കൊറോണ കാലത്ത് എനിക്ക് ഉണ്ടായ ഒരു മറക്കാന്‍ ആകാത്ത അനുഭവം ആണ്. സ്വന്തം അച്ഛന്‍ കൃഷി ചെയ്തുണ്ടാക്കിയ പച്ചക്കറികള്‍ എത്ര കുട്ടികള്‍ക്ക് കഴിക്കാന്‍ ഭാഗ്യം ഉണ്ടായി കാണും ?

എന്തായാലും സിനിമ നടന്‍ ആയ എനിക്ക് ഇതൊന്നും പറ്റിയില്ല എന്ന് പറഞ്ഞ് ഞാന്‍ പിന്നെയും യൂട്യൂബും നെറ്റ്ഫ്‌ലിക്‌സും കാണാന്‍ തുടങ്ങി. എല്ലാവരെയും പോലെ പെട്ടെന്ന് ബോറിങ് ആകുന്ന ഒരു സമയം ആയതുകൊണ്ട് ഗൂഗിളില്‍ ചെറിയ ആര്‍ട്ടിക്കിള്‍ വായിക്കാന്‍ തുടങ്ങി. അങ്ങനെ ഇരിക്കുമ്പോഴാണ് കുട്ടിക്കാലത്ത് ചാനലില്‍ മുടങ്ങാതെ രാത്രി 9 മണിക്ക് അമ്മ ചോറുരുട്ടി തരുന്ന സമയത്ത് ഞങ്ങള്‍ എല്ലാവരും കാണുന്ന 'സമയം' എന്ന ടിവി സീരിയലില്‍ അഭിനയിക്കുന്ന ഒരു നടനെ കുറിച്ച് ഒരു വാര്‍ത്ത വായിക്കാന്‍ ഇടയായി.

പുള്ളിയെ ഞാന്‍ വേറെ പല നല്ല മലയാള സിനിമയിലും കണ്ടിട്ടുണ്ട്. പെട്ടെന്ന് ഓര്‍ത്തിരിക്കാനുള്ള കാര്യം വേറെ ഒന്നുമല്ല വളരെ സുമുഖന്‍ ആയിരുന്ന ഈ നടന്റെ പേര് എനിക്ക് അറിയില്ലെങ്കിലും പെട്ടെന്ന് തന്നെ മനസ്സിലാക്കി എടുക്കാന്‍ എനിക്ക് സാധിച്ചു. ഇത്രയും വലിയ ജനപ്രീതി നേടിയ നടന്റെ ഈ ജീവിത ശൈലിയും ഇപ്പോഴത്തെ ഒരു രസത്തെയും കുറിച്ച് വായിച്ചപ്പോള്‍ എനിക്ക് വളരെയധികം സന്തോഷം തോന്നി.

ഞാന്‍ ശ്രീ കൃഷ്ണ പ്രസാദ് ചേട്ടനെ കുറിച്ചാണ് പറയുന്നത്. ഇപ്പോള്‍ എല്ലാ അര്‍ഥത്തിലും ഒരു കര്‍ഷകന്‍ തന്നെയാണ് കൃഷ്ണ പ്രസാദ് ചേട്ടന്‍. ഫയര്‍മാന്‍ എന്ന ചിത്രത്തില്‍ ഞാന്‍ കൂടെ അഭിനയിച്ച കൃഷ്ണപ്രസാദ് ചേട്ടന്‍ മണ്ണിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു പച്ചയായ മനുഷ്യന്‍ ആണെന്നത് എനിക്ക് അദ്ഭുതമായിരുന്നു. കൂടുതല്‍ നോക്കിയപ്പോള്‍ സംസ്ഥാന പുരസ്‌കാരം വരെ ലഭിച്ചിട്ടുണ്ടെന്ന് അറിഞ്ഞു. ഇപ്പോഴും നേരിട്ട് മണ്ണിലേക്ക് ഇറങ്ങി വെയിലത്ത് കൂടെയുള്ള ജോലിക്കാരുടെ കൂടെ കൃഷിചെയ്യുന്ന മലയാള സിനിമയുടെ ഏക നടന്‍. ഒരു സിനിമ നടന് ഇങ്ങനെ ഒക്കെ ചെയ്യാന്‍ പറ്റുമോ എന്നൊരു ചോദ്യത്തിന് ഉത്തരം കിട്ടി.

ഈ കൊറോണ കാലത്ത് നമ്മള്‍ ഏവരും ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോള്‍ നാം മനസ്സിലാക്കേണ്ടത് ഇതൊക്കെയാണ്. എല്ലാ വീടുകളിലും ചെറിയ രീതിയില്‍ പറ്റുന്ന പോലെ കൃഷി ചെയ്യുന്നവര്‍ ഉണ്ടാകണം. നമ്മുടെ മണ്ണിനോട് ഇഷ്ടം തോന്നിപ്പിക്കുന്ന ഒരു അന്തരീക്ഷം നമ്മള്‍ നമ്മുടെ പുതുതലമുറക്ക് ഉണ്ടാക്കി കൊടുക്കണം. എന്നാല്‍ ഫ്‌ലാറ്റിലും അല്ലെങ്കില്‍ കൃഷി ചെയ്യാന്‍ സ്ഥലം ഇല്ലാത്തവര്‍ എന്തു ചെയ്യും എന്നൊരു ചോദ്യം ഉണ്ടാകാം. പറ്റുന്ന് പോലെ ചെയ്യുക എന്നാണ് എനിക്ക് പറയാന്‍ ഉള്ളത്.

മല്ലു സിങ്' എന്ന സിനിമ ഷൂട്ട് ചെയ്യാന്‍ പോയപ്പോള്‍ എന്നെ കാണാന്‍ ആഡംബര വാഹനങ്ങളില്‍ കുറെ പഞ്ചാബികള്‍ വന്നിരുന്നു. ഒരു പഞ്ചാബി മലയാളം സിനിമയില്‍ നായകനായി എന്നൊരു അശരീരി അവിടെ ഉണ്ടായിരുന്നു. അതുകൊണ്ട് എന്നെ കാണാന്‍ പലരും വന്നിരുന്നു. അവരോട് സംസാരിച്ചപ്പോള്‍ എനിക്ക് ഉണ്ടായ അനുഭവം ഞാന്‍ ഇവിടെ പങ്കുവെക്കാം.

വന്നവരില്‍ 90% പേരും സുമുഖരും പ്രൗഡിയുമുള്ള ചെറുപ്പക്കാര്‍ ആയിരുന്നു. അതില്‍ 3 പേര്‍ ചേട്ടനും അനിയന്മാരും ആയിരുന്നു. ''നിങ്ങള്‍ എന്ത് ചെയ്യുന്നു'' എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവരില്‍ ഒരാള്‍ പറഞ്ഞു '' ഞാന്‍ ഒരു കര്‍ഷകന്‍ ആണ്''. ഈ പറയുന്ന സമയത്ത് അദ്ദേഹത്തിന്റെ മുഖത്ത് വന്ന ആത്മവിശ്വാസത്തിന്റെ ഭാവം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ''പിന്നെ എന്റെ അനിയന്‍ ഒരു പട്ടാളക്കാരന്‍ ആണ് മൂന്നാമത്തെ ആള്‍ ഡോക്ടര്‍ ആണ്''. ഈ ആമുഖം കേരളത്തില്‍ ആയിരുന്നെങ്കില്‍ കര്‍ഷകന്‍ എന്ന് പറയുന്ന ആള്‍ മൂന്നാമത്തെത് ആയേനെ എന്ന് ഞാന്‍ സംശയിച്ചുപോയി. അപ്പോള്‍ ഞാന്‍ പറഞ്ഞുവന്നത് ഒരു നവ കാര്‍ഷിക സംസ്‌കാരം ഉടലെടുക്കേണ്ടതിന്റെ ആവശ്യകത സംജാതമായിട്ടുണ്ട്.

എന്തായാലും കൊറോണ കാലത്ത് നിങ്ങളോട് ഇത് പങ്കുവയ്ക്കാന്‍ തോന്നി. കൃഷ്ണ പ്രസാദ് ചേട്ടനോട് വളരെയധികം നന്ദിയും ബഹുമാനവും. എന്നും താരം കുറിച്ചിട്ടുണ്ട്.

 

Unnimukundhan note is viral about actor krishna prasad

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES