മലയാളികൾക്ക് ഏറെ സുപരിചിതനായ നായകനാണ് ഫഹദ് ഫാസിൽ. ഫഹദ് ആദ്യമായി വേഷമിട്ട സിനിമയായിരുന്നു കൈയ്യെത്തും ദൂരത്ത്. എന്നാൽ ഈ ചിത്രം വൻ പരാജയമായി മാറുകയായിരുന്നു. ചിത്രം പരാജയം ആയിരുന്നു എങ്കിലും അതിലെ ഗാനങ്ങൾ ഹിറ്റ് ആയിരുന്നു. മകന്റെ ആദ്യ സിനിമയുടെ പരാജയത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഫാസില്‍.
നായകനായി അഭിനയിച്ച ആദ്യ സിനിമ കൈയ്യെത്തും ദൂരത്താണെങ്കിലും അതിന് മുന്‍പ് തന്നെ ഫഹദിന് ഈ മേഖലയുമായി ബന്ധമുണ്ട്. ഫാസിലിന്റെ സംവിധാനത്തിലൊരുങ്ങിയ പപ്പയുടെ സ്വന്തം അപ്പൂസില്‍ ഫഹദും സഹോദരനായ ഫര്‍ഹാന്‍ ഫാസിലും അഭിനയിച്ചിരുന്നു. കാക്ക പൂച്ച എന്ന ഗാനരംഗത്തില്‍ ഫഹദുമുണ്ടായിരുന്നു. ഒരുപാട് കുട്ടികളുണ്ടായിരുന്നതിനാല്‍ പ്രത്യേകിച്ച് പേരോ കഥാപാത്രമോ ഒന്നും ഫഹദിനുണ്ടായിരുന്നില്ല. 1992 ലായിരുന്നു സിനിമ റിലീസ് ചെയ്തത്. വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് താരപുത്രന്‍ നായകനായെത്തിയത്.
കൈയ്യെത്തും ദൂരത്ത് പരാജയപ്പെടാനുള്ള കാരണങ്ങളെക്കുറിച്ച് ഫാസില്‍ പറയുന്നത് ഇങ്ങനെയാണ്. അനിയത്തിപ്രാവ്' പോലെയൊരു ചിത്രം താന്‍ വീണ്ടും ആവര്‍ത്തിച്ചത് കൊണ്ടാണ് പരാജയമായത്. ‘കയ്യെത്തും ദൂരത്ത്' എന്ന സിനിമയ്ക്ക് എവിടെയൊക്കെയോ ഒരു അനിയത്തിപ്രാവിന്റെ ശൈലിയുണ്ടായിരുന്നുവെന്നും മറ്റൊരു താരപുത്രനാണ് ആ സിനിമയില്‍ അഭിനയിച്ചതെങ്കില്‍ ചിത്രത്തിന്റെ പരാജയം തന്നെ കൂടുതല്‍ വിഷമിപ്പിക്കുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ഫഹദിന് അഭിനയിക്കാനറിയില്ലെന്നായിരുന്നു അന്നത്തെ പ്രധാന വിമര്‍ശനം. ആദ്യ സിനിമ റിലീസ് ചെയ്തതിന് പിന്നാലെയായാണ് ഉപരി പഠനത്തിനായി താരപുത്രന്‍ വിദേശത്തേക്ക് പോയത്. 7 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2009 ല്‍ കേരള കഫേയിലൂടെയാണ് പിന്നീട് താരപുത്രന്‍ തിരിച്ചെത്തിയത്. തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന ഫഹദിനെയായിരുന്നു പിന്നീടങ്ങോട്ട് കണ്ടത്. അന്നും ഇന്നും തന്‍റെ സിനിമാ നിലപാടുകളില്‍ ഒരുമാറ്റവും സംഭവിച്ചിട്ടില്ലെന്നായിരുന്നു താരം പറഞ്ഞത്.
കൈയ്യെത്തും ദൂരത്ത് ചെയ്യുന്നതിനിടയിലായിരുന്നു ഫാസിലിന് മുന്നിലേക്ക് സ്ക്രീന്‍ ടെസ്റ്റിനായി പൃഥ്വിരാജ് എത്തിയത്. വളരെ സോഫ്റ്റായ ഒരു റൊമാന്റിക് ചിത്രമാണ് ചെയ്യാനുദ്ദേശിക്കുന്നത്. നീ ചെയ്യേണ്ടത് ഈ സിനിമയല്ല, ഒരു ആക്ഷന്‍ സിനിമയൊക്കെയാണെന്നായിരുന്നു ഫാസില്‍ പൃഥ്വിരാജിനോട് പറഞ്ഞത്. ഇതിന് ശേഷം താന്‍ ഓസ്‌ട്രേലിയയിലേക്ക് പോവുകയായിരുന്നുവെന്നും മുന്‍പ് പൃഥ്വിരാജ് പറഞ്ഞിരുന്നു.
ഫാസിലായിരുന്നു പൃഥ്വിരാജിനെ രഞ്ജിത്തിന്‍റെ അരികിലേക്ക് വിട്ടത്. രണ്ടാമത്തെ സിനിമയ്ക്കായി പുതുമുഖത്തെ തിരയുന്നതിനിടയിലായിരുന്നു രഞ്ജിത്തിന് മുന്നിലേക്ക് പൃഥ്വി എത്തിയത്. അങ്ങനെയാണ് നന്ദനത്തില്‍ താരം നായകനായത്. ആദ്യ സ്ക്രീന്‍ ടെസ്റ്റ് അനുഭവത്തെക്കുറിച്ചും താരപുത്രന്‍ വാചാലനായിരുന്നു. താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ അദ്ദേഹത്തിന് മികച്ച വേഷം നല്‍കിയിരുന്നു പൃഥ്വിരാജ്.