Latest News

മൂന്നാം വയസില്‍ അനാഥാലയത്തില്‍ കൊണ്ടാക്കിയ അമ്മ; പത്താം വയസില്‍ ദാരിദ്രം അകറ്റാന്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായി; 20 വയസില്‍ വിവാഹം ചെയ്ത ഭര്‍ത്താവിന്റെ ചതി; 40കളില്‍ സംവിധായകനുമായി പ്രണയം; ഭാഗ്യലക്ഷ്മിയുടെ ജീവിതം

Malayalilife
മൂന്നാം വയസില്‍ അനാഥാലയത്തില്‍ കൊണ്ടാക്കിയ അമ്മ; പത്താം വയസില്‍ ദാരിദ്രം അകറ്റാന്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായി; 20 വയസില്‍ വിവാഹം ചെയ്ത ഭര്‍ത്താവിന്റെ ചതി; 40കളില്‍ സംവിധായകനുമായി പ്രണയം; ഭാഗ്യലക്ഷ്മിയുടെ  ജീവിതം

ഭാഗ്യലക്ഷ്മി എന്ന ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റും നടിയുമായ താരം ഇപ്പോള്‍ ശ്രദ്ധനേടുന്നത് യൂട്യൂബറായ വിജയ് പി നായരെ ഓഫീസിലെത്തി ആക്രമിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്ത സംഭവത്തിലാണ്. സ്ത്രീകള്‍ക്കായി എന്നും നിലകൊണ്ട നടിയാണ് ഭാഗ്യലക്ഷ്മി. ജീവിതത്തില്‍ നേരിട്ട തിക്താനുഭവങ്ങളാണ് ഭാഗ്യലക്ഷ്മിയെ അത്തരത്തിലാക്കി മാറ്റിയത്. മൂന്നുവയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ച ഭാഗ്യലക്ഷ്മിയെ അമ്മ ചേട്ടനും ചേച്ചിക്കുമൊപ്പം അനാഥാലയത്തില്‍ കൊണ്ടാക്കുകയായിരുന്നു. അമ്മയ്ക്ക് ടെലിഫോണ്‍സില്‍ ജോലിയുണ്ടായിരുന്നു എന്ന അറിവേ ഭാഗ്യലക്ഷ്മിക്കുള്ളൂ. മൂന്നുവര്‍ഷം അനാഥാലത്തില്‍ കഴിഞ്ഞ ഭാഗ്യലക്ഷ്മിയെയും ചേട്ടന്‍ ഉണ്ണിയെയും പിന്നീട് വല്യമ്മ മദ്രാസിലേക്ക് കൊണ്ടുപോയി. ചേച്ചിയെ ചെറിയമ്മ കോയമ്പത്തൂരിലേക്കും കൊണ്ടുപോയി. മദ്രാസില്‍ കടുത്ത ദാരിദ്രമായിരുന്നെങ്കിലും വല്യമ്മ കുട്ടികളെ ഉപേക്ഷിച്ചില്ല. ആ സമയം ഡല്‍ഹിയില്‍ നിന്നും കാന്‍സര്‍ ബാധിതയായി അമ്മ തിരികേ എത്തിയതോടെ ഭാഗ്യലക്ഷ്മിയെയും ചേട്ടനെയും കൂട്ടി അമ്മ വാടകവീട്ടില്‍ താമസംആരംഭിച്ചു. അമ്മയെ പരിചരിക്കാനും വീട്ടുജോലിക്കുമായി 11വയസുള്ള ഭാഗ്യലക്ഷ്മിക്ക് പഠനം ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ഇതിനിടയില്‍ മരിക്കുമെന്ന് ഉറപ്പായ ഘട്ടത്തില്‍ ഭാഗ്യലക്ഷ്മിയോട് മറ്റൊരാള്‍ക്കൊപ്പം പോകാനും അമ്മ നിര്‍ബന്ധിച്ചു. ഭാഗ്യലക്ഷ്മി തിരികേ വല്യമ്മയ്ക്കരികില്‍ വന്നു പറഞ്ഞതിങ്ങനെയാണ് അമ്മ എന്നെ ആര്‍ക്കോ കൊടുക്കാന്‍ പോകുന്നു. വില്‍ക്കുകയാണോ എന്നറിയില്ല.' വല്യമ്മ വന്ന് അമ്മയോട് വഴക്കുണ്ടാക്കി. അക്കാലത്ത് നടി ശാരദയെ മലയാളം പഠിപ്പിച്ചിരുന്ന വല്യമ്മ ഭാഗ്യലക്ഷ്മിയെ സിനിമയില്‍ ചേര്‍ക്കുമോ മകള്‍ വഴിപിഴച്ച് പോകുമോ എന്നൊക്കെ ഓര്‍ത്തായിരുന്നു അന്ന് അമ്മ അത് ചെയ്തത് എന്നാണ് ഭാഗ്യലക്ഷ്മി പിന്നെ വെളിപ്പെടുത്തിയത്. തൊട്ട് പിന്നാലെ അമ്മ മരിച്ചതോടെ ഭാഗ്യലക്ഷ്മിയുടെ ചേട്ടന്‍ ഉണ്ണി വീടുവിട്ടിറങ്ങിപ്പോയി. 10ല്‍ പഠിക്കുമ്പോഴോ മറ്റൊ നാടുവിട്ട ചേട്ടനെ പിന്നെ ഇതുവരെ ഭാഗ്യലക്ഷ്മി കണ്ടിട്ടില്ല. ഇതിനിടയിലായിരുന്നു പത്തുവയസുള്ളപ്പോള്‍ ഭാഗ്യലക്ഷ്മി ചൈല്‍ഡ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ഡബ്ബ് ചെയ്ത് തുടങ്ങിയത്. ഇതിനിടയില്‍ വല്യമ്മ സിനിമയില്‍ അഭിനയിപ്പിക്കാന്‍ ശ്രമം തുടര്‍ന്നു. എങ്കിലും ചെറിയ റോളുകളില്‍ താരം അഭിനയിച്ചു. എന്നാല്‍ ഭാഗ്യലക്ഷ്മിക്ക് അഭിനയം ഇഷ്ടമായിരുന്നില്ല. അതിനാല്‍ തന്നെ വല്യമ്മ കഠിനമായി ഭാഗ്യലക്ഷ്മിയെ ടോര്‍ച്ചര്‍ ചെയ്തു. കൊടിയ ദാരിദ്രത്തിനൊടുവിലും ചെറിയ പ്രതിഫലം ഡബ്ബിങ്ങിന് ലഭിച്ചിരുന്നു. ഇതിനിടയില്‍ പിയുസി പഠനം പൂര്‍ത്തിയാക്കി. അരക്ഷിതമായ ബാല്യ കൗമാരങ്ങളിലൂടെ കടന്നുവന്നതിനാല്‍ 20 വയസില്‍ വിവാഹം കഴിച്ച് സുരക്ഷിതമായിടം കണ്ടെത്തണമെന്ന് ഭാഗ്യലക്ഷ്മി ആഗ്രഹിച്ചിരുന്നു.

നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തില്‍ നാദിയോ മൊയ്തുവിന് ഡബ്ബ് ചെയ്തതോടെയാണ് ഭാഗ്യലക്ഷ്മിയുടെ തലവര മാറിയത്. ഡബ്ബിങ്ങ് ഉപജീവനമാക്കാമെന്ന് അവര്‍ തീരുമാനിച്ചു. ഇതിനിടയിലാണ് താരം തിരുവനന്തപുരം സ്വദേശി ഭാഗ്യലക്ഷ്മിയെ വിവാഹം ചെയ്യണമെന്ന് പറഞ്ഞെത്തിയത്. അയാളോട് തന്റെ പശ്ചാത്തലമെല്ലാം ഭാഗ്യം പറഞ്ഞിരുന്നു. ഒപ്പം നന്നായി മനസിലാക്കിയിട്ട് മതി വിവാഹമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞതും അയാള്‍ക്ക് സമ്മതമായിരുന്നു. ഇതിനിടയില്‍ വല്യമ്മ കാന്‍സര്‍ ബാധിച്ച് മരിച്ചു. പിന്നീട് ചെറിയമ്മ ഭാഗ്യലക്ഷ്മിക്ക് കൂട്ടായി മദ്രാസിലേക്കെത്തി. എന്നാല്‍ പട്ടാളചിട്ടയില്‍ വല്യമ്മ വളര്‍ത്തിയ ഭാഗ്യലക്ഷ്മിയുടെ ജീവിതം ചെറിയമ്മയുടെ വരവോടെ ആകെ കുത്തഴിഞ്ഞു. പണത്തിനൊടുള്ള ആര്‍ത്തി മൂത്ത് എന്തും ചെയ്യുന്ന അവസ്ഥയായിരുന്നു അവരുടേത്.

ഇതിനിടയില്‍ രക്ഷപെടാന്‍ ഭാഗ്യലക്ഷ്മി വിവാഹം കഴിക്കണമെന്ന് വീട്ടില്‍ പറഞ്ഞെങ്കിലും ചെറിയമ്മ സമ്മതിച്ചില്ല. ഇതോടെ സര്‍വ്വവും ആ വീട്ടില്‍ ഉപേക്ഷിച്ച് അവര്‍ വീടുവിട്ടിറങ്ങി. പിന്നീട് വിവാഹത്തിന് പണമുണ്ടാക്കിയാണ് വിവാഹം കഴിച്ചത്. വിവാഹശേഷം ഡബ്ബിങ്ങ് ഉപേക്ഷിച്ച് കുടുംബിനിയാകാനുായിരുന്നു ഭാഗ്യലക്ഷ്മിയുടെ തീരുമാനം പക്ഷേ വിവാഹം ഒരു വര്‍ഷത്തിനുള്ളില്‍ പരാജയമായി തീര്‍ന്നു. ആഗ്രഹിച്ചത് പോലെ സ്‌നേഹമോ സംരക്ഷണമോ ഒന്നും ഭര്‍ത്താവില്‍നിന്നുണ്ടായില്ല. പല കാര്യങ്ങളും അഡ്ജസ്റ്റ് ചെയ്യണമെന്നായിരുന്നു അവരുടെ നിര്‍ദേശമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിട്ടുണ്ട്. പക്ഷേ ഭാഗ്യ ലക്ഷ്മിക്ക് അതിന് കഴിഞ്ഞിരുന്നില്ല. ഇതോടെ അവര്‍ വീണ്ടും ഡബ്ബിങ്ങ് ഭാഗ്യം തുടങ്ങി. ഇതിനിടിയില്‍ ഭര്‍ത്താവ് ഒരു സിനിമയെടുത്തതിന്റെ ബാധ്യതകളും ഭാഗ്യലക്ഷ്മിക്ക് തലയിലായി. വീട്ടിലെ അന്തരീക്ഷം കുട്ടികളെ ബാധിച്ച് തുടങ്ങിയതോടെ മക്കളോട് ആലോചിച്ച് ഭാഗ്യലക്ഷ്മി ബന്ധംപിരിഞ്ഞു.

പ്രശസ്ത ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായെങ്കിലും നടി ഉര്‍വശി ഉള്‍പ്പെടെ പലരുമായും ഡബ്ബിംഗിന്റെ പേരില്‍ പോരാടുകയും പ്രതിഷേധിക്കുകയും ചെയ്യേണ്ടിവന്നിരുന്നു ഭാഗ്യലക്ഷ്മിക്ക്. സിനിമയില്‍ കേള്‍ക്കുന്ന തന്റെ ശബ്ദം സ്വന്തമാണെന്നും ഡബ്ബിംഗ്കാരിയുടെ ആവശ്യം തനിക്കില്ലെന്നും ഉര്‍വശി ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് ഭാഗ്യലക്ഷ്മിയെ ചൊടിപ്പിച്ചത്. പക്ഷെ ഒട്ടേറെ അവാര്‍ഡുകള്‍ക്ക് ഉര്‍വശി അര്‍ഹയായ സിനിമകള്‍ക്ക് ശബ്ദം കൊടുത്തത് ഭാഗ്യലക്ഷ്മിയാണെന്നത് വിസ്മരിച്ചതില്‍ ഇവര്‍ ഉര്‍വശിയെ പരസ്യമായി വിര്‍മശിച്ചിരുന്നു.

തനിക്ക് ഇഷ്ടമില്ലാത്തതും അംഗീകരിക്കാനാവാത്തതുമായ ഡയലോഡ് ഡബ്ബ് ചെയ്യേണ്ട സാഹചര്യത്തില്‍ അതിന് തന്നെ കിട്ടില്ല എന്നു പറഞ്ഞ് പടം ഉപേക്ഷിച്ച ചരിത്രവും ഭാഗ്യലക്ഷ്മിക്കുണ്ട്. ഒരു സിനിമയില്‍ എന്തൊക്കെ പറഞ്ഞാലും സ്ത്രീ പുരുഷന്റെ കാല്ക്കീഴില്‍ കിടക്കേണ്ടവളാണ് എന്നു ഭാര്യ പറയേണ്ട ഒരു ഡയലോഗ് പറയാന് തനിക്കു പറ്റില്ലെന്നു മാത്രമല്ല ആ സിനിമയുടെ ഡബ്ബിംഗ് നടത്താതെ മടങ്ങിപ്പോന്ന പ്രതിഷേധവും ഇവരുടെ സിനിമാ ജീവിതത്തിലുണ്ട്.  സഹനവും വിവാദവും കൂട്ടിയിണങ്ങിയ വഴികളിലൂടെ എക്കാലവും സഞ്ചരിച്ച ഭാഗ്യലക്ഷ്മി എഴുതിയ ജീവിതകഥ ഏഴു മാസത്തിനുള്ളില്‍ അഞ്ചു പതിപ്പുകള് പുറത്തിറങ്ങി വില്പനയില് റിക്കാര്‍ഡിട്ടു.

വിവാഹ മോചനത്തിന് ശേഷം നാല്പതുകളില്‍ ഒരു സംവിധായകനുമായി ഭാഗ്യ ലക്ഷ്മിയ്ക്ക് പ്രണയമുണ്ടായിരുന്നുവെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. മക്കള്‍ വേണ്ടെന്നു പറഞ്ഞതുകൊണ്ട് ഇനിയൊരു വിവാഹത്തിനില്ല താനില്ലെന്നും അന്നിവര്‍ പറഞ്ഞുവെച്ചു. കടന്നു വന്ന വഴികള്‍ അതി കഠിനമായതിനാല്‍ തന്നെ സ്വന്തം നിലപാടും അഭിപ്രായങ്ങളുമാണ് ഭാഗ്യലക്ഷ്മിക്ക് എന്നും ശരി. സ്ത്രീ അവകാശ വിഷയങ്ങളില്‍ തന്റേടത്തോടെ പലവട്ടം നിലകൊണ്ട ഭാഗ്യലക്ഷ്മി വേണ്ടിവന്നാല്‍ ഒരു ആണിനെ പോലും മര്‍ദ്ദിക്കാന്‍ മടിക്കില്ലെന്നാണ് വിജയ് പി നായരുടെ കേസിലൂടെയും വ്യക്തമാകുന്നത്.

Read more topics: # Life story of Bhagyalakshmi
Life story of Bhagyalakshmi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES