കേരളത്തിൽ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന വ്യക്തിയെന്ന നേട്ടം കൈവരിച്ച സി.പി.എമ്മിന്റെ രാഷ്ട്രീയ നേതാവാണ് ഇ.കെ.നായനാര്‍. വളരെ സരസമായ രീതിയിൽ രാഷ്ട്രീയ എതിരാളികളോട് പോലും സംസാരിക്കുന്ന രാഷ്ട്രീയ നേതാവ് കൂടിയാണ് അദ്ദേഹം.
മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകരില്‍ നിന്നും ഏറെ വ്യത്യസ്തതയോടെയാണ് നായനാർ സംവാദ പരിപാടികളില്‍ അടക്കം സ്വീകരിക്കുന്ന സമീപനം. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ നായനാരുടെ പഴയൊരു ടിവി പരിപാടി പങ്കുവച്ചിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി.
വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു വിഡിയോ സുരേഷ് ഗോപി ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു എന്ന തലക്കെട്ടോടെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. താരം പങ്കുവച്ച വീഡിയോ ഞൊടിയിടയിലാണ് വൈറലായി മാറിയിരിക്കുന്നത്. വീഡിയോക്ക് ഒപ്പം താരം പങ്കുവച്ച വാക്കുകളും ഏറെ ശ്രദ്ധ നേടുകയാണ് ഇപ്പോൾ.
''ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു. എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഒരാവശ്യവും ഇല്ലാതെ ഞങ്ങളെ വിട്ട് പോയത്. ഇപ്പോഴാണ് ഞങ്ങള്‍ മലയാളികള്‍ക്ക് അങ്ങയുടെ സാന്നിധ്യം വളരെ ആവശ്യമായിരുന്നത്''. ഇ.കെ.നായനാരെ പോലൊരു കമ്യൂണിസ്റ്റ് നേതാവിനെ കുറിച്ച് ബിജെപി നേതാവ് കൂടിയായ സുരേഷ് ഗോപി കുറിച്ച വാക്കുകൾ ഏറെ ആശ്ചര്യമുണർത്തുന്നതാണ്. സുരേഷ് ഗോപിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.