മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ശേഷമായിരുന്നു നടന്‍ ഇന്ദ്രന്‍സിനെ കുറിച്ച് നന്നായി അറിയാൻ തുടങ്ങിയത്. ഇന്ദ്രന്‍സിനെ തേടി കോമഡി റോളുകളില്‍ നിന്നും അഭിനയ പ്രധാന്യമുള്ള ഒരുപാട് വേഷങ്ങള്‍ എത്തുകയും ചെയ്‌തിരുന്നു. മിഥുന്‍ മാനുവല്‍ തോമസിന്റെ അഞ്ചാം പാതിരയിലും താരം വേഷമിട്ടിരുന്നു. സിത്രത്തിൽ ചെറിയ വേഷമാണ് താരത്തെ തേടി എത്തിയിരുന്നത് എങ്കിലും പ്രേക്ഷകരെ ഏറ്റവുമധികം സ്വാധീനിച്ച കഥാപാത്രമായിരുന്നു ചിത്രത്തിലെ റിപ്പര്‍ രവിയുടേത്. എന്നാൽ ഇപ്പോൾ ആരാധകർക്ക് മുന്നിൽ ഇന്ദ്രന്‍സിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍.
'അധികം സംസാരിക്കാത്ത ഇന്ദ്രന്‍സിനെ ഞാന്‍ ആദ്യം കാണുന്നത് സ്ഫടികത്തിന്റെ വസ്ത്രാലങ്കാരവുമായി ബന്ധപ്പെട്ടാണ് .പക്ഷെ സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ചു പറയുമ്പോള്‍ , അത് കേള്‍ക്കുമ്പോള്‍ ഉള്ള മുഖഭാവത്തെക്കാള്‍ ഏറെ കഴുത്തു കൊണ്ട് കാണിക്കുന്ന ചേഷ്ടകള്‍ ആണ് എന്നെ ആകര്‍ഷിച്ചത്.
ഞാന്‍ കുട്ടിക്കാലത്തു അമ്മവീട്ടില്‍ പോകുമ്പോള്‍ ആലപ്പുഴ ജെട്ടിയില്‍ പഞ്ഞിമുട്ടായി വില്‍ക്കുന്ന ഒരു അബുക്കോയയെ കാണുമായിരുന്നു . ആലപ്പുഴയുടെ ചങ്കായ കല്ലുപാലം ,കൊട്ടാരപ്പാലം ,ഇരുമ്പ്പാലം എന്നിവിടങ്ങളില്‍ മണിയടിച്ചു 'പഞ്ഞി...മുട്ടായിയേയ്....' എന്ന് കഴുത്തു നീട്ടി കൂവി വിളിക്കുന്ന ആ രൂപത്തെ എനിക്ക് ഓര്‍മ്മ വന്നു.
അവിടെ ഒരു കഥാപാത്രം ഉടലെടുത്തു. ഏതൊക്കെയോ സിനിമകളില്‍ പൊട്ടും പൊടിയുമായി അഭിനയിച്ചിട്ടുള്ള ഇന്ദ്രന്‍സിന്റെ അഭിനയപാടവമൊന്നും എനിക്ക് അറിവുണ്ടായിരുന്നില്ല. 'ഇന്ദ്രന്‍സേ നീ ഈ സിനിമയില്‍ നല്ലൊരു കഥാപാത്രം ചെയ്യാന്‍ പോകുന്നു'. അപ്പോള്‍ കഴുത്തുകൊണ്ടു കാണിച്ച ആ എകസ്പ്രഷനും എന്നെ ഏറെ ആകര്‍ഷിച്ചു.
ഒന്നും ഗണിച്ചുകൂട്ടി കാണിക്കാത്ത ആ ഭാവം പച്ചയായ ഒരു മനുഷ്യന്റെ വേദനയുടെയും സന്തോഷത്തിന്റെയും ഭാവാഭിനയമാണ്. ഞാന്‍ എപ്പോഴും ഇന്ദ്രന്‍സില്‍ കാണുന്ന ഒരു പ്രേത്യേകത ചെയ്യുന്ന ജോലിയോടുള്ള ഭക്തി, ആദരവ്, ഇതൊക്കെ തന്നെയാണ് ഒരു കലാകാരന് ആവശ്യവും. ഈ അപൂര്‍വ നടന്‍ ഒരിക്കല്‍ എനിക്ക് തുന്നി തന്ന ആ മിലിറ്ററി പച്ച ഷര്‍ട്ട് ഒരു മയില്‍പീലി പോലെ ഇനിയും ഞാന്‍ സൂക്ഷിക്കും'.