മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ദിനേശ് പ്രഭാകർ. സിനിമ മേഖലയിൽ താരം ചുവട് ഉറപ്പിച്ചിട്ട് 18 വര്ഷം പിന്നിട്ടിരിക്കുകയാണ്. ചെറിയ വേഷങ്ങളിലൂടെയായിരുന്നു താരത്തിന്റെ കരിയറിന്റെ തുടക്കം. പിന്നാലെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരത്തെ തേടി എത്തുകയും ചെയ്‌തു. നിരവധി ട്വിസ്റ്റ് നിറഞ്ഞ ഒന്നായിരുന്നു ദിനേശിന്റെ വ്യക്തി ജീവിതവും. എന്നാൽ ഇപ്പോൾ താരം അധോലോകം അന്വേഷിച്ച് മുംബൈയിലേയ്ക്ക് നാട് വിട്ട കഥ തുറന്ന് പറയുകയാണ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
എന്റെ കൗമാരക്കാലത്താണ് കമലഹാസന്റെ നായകൻ, മോഹൻലാലിന്റെ ആര്യൻ പോലുള്ള സിനിമകൾ ഇറങ്ങുന്നത്. അതിൽ ബോംബൈയിൽ പോയി അധോലോകനായകന്മാരാകുന്ന അവർ എന്റെ തലയിൽ കയറി. അങ്ങനെ 19ാം വയസ്സിൽ ഞാൻ അധോലോകം അന്വേഷിച്ച് ബോംബെയിൽ എത്തി. എന്നാൽ കണ്ടെത്താനായില്ല. ഉപജീവനത്തിന് പല പണികൾ ചെയ്തു.
ലോറി ക്ലീനിങ് മുതൽ ഹോട്ടൽ വെയിറ്റർ മുതൽ മെഡിക്കൽ റെപ് വരെയുളള പണികൾ ചെയ്ത. എന്നാൽ ചെയ്തതൊന്നും ശരിയായില്ല. ചെയ്തത് അബദ്ധമാണെന്നുള്ള തിരിച്ചറിവ് ഉണ്ടായിട്ടും നാട്ടിലേയ്ക്ക് ഒന്നുമാകാതെ തിരിച്ച് വരാൻ മനസ്സ് അനുവദിച്ചില്ല. അവിടുത്തെ മലയാളി സമാജവുമായി കാലക്രമേണ ഒരു ബന്ധം സ്ഥാപിച്ചെടുത്തു. അത് വഴിത്തിരിവായി. അവരുടെ സമ്മേളനങ്ങളിൽ മിമിക്രിയും ഗാനമേളയുമൊക്കെ നടത്തി.. അതുവഴി ലഭിച്ച ബനധങ്ങളിലൂടെ പരസ്യ ചിത്ര മേഖലയിലേയ്ക്ക് എത്തുകയായിരുന്നു.
മുംബൈയിലെ പരസ്യ ചിത്രങ്ങളിലൂടെ അവിടത്തെ അറിയപ്പെടുന്ന ഡബ്ബിങ് ആർട്ടിസ്റ്റ് ആയി. അതോടെ മനസ്സിൽ സിനിമ മോഹം ഉണർന്നു. അങ്ങമെ തിരുവനന്തപുരത്തെത്തി. സംവിധായകരോട് ചാൻസ് ചോദിച്ചു കുറേക്കാലം നടന്നു ഒടുവിൽ ലാൽ ദ ജോസിന്റെ മീശമാധവനിൽ ചെറിയൊരു റോൾ കിട്ടി. പിന്നീട് നമ്മൾ എന്ന സിനിമ ചെയ്തു. അങ്ങനെ സിനിമയിൽ സജീവമാകുകയായിരുന്നു.
പെരുമ്പാവൂരാണ് എന്റെ സ്വദേശം. അമ്മ, അച്ഛൻ മൂന്ന് സഹോദരിമാർ എന്നിവർ ചേർന്നതാണ് കുടുംബം. അച്ഛന് ചെറിയൊരു ജ്യൂസ്, സ്റ്റേഷനറി കടയായിരുന്നു. അത്യാവശ്യം പറമ്പും അടയ്ക്കാത്തോട്ടവുമുള്ള കുടുംബമായിരുന്നു ഞങ്ങളുടേത്. ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മൂത്ത മൂന്ന സഹോദരിമാർക്ക് വിവാഹ പ്രായമായി.അങ്ങനെ അവരുടെ വിവാഹാവശ്യത്തിനായി വീടും സ്ഥലവും ഒന്നൊന്നായി വിൽക്കേണ്ടി വന്നു. ഇളയ പെങ്ങളുടെ വിവാഹം കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ 5 സെന്റ് വീട്ടിലേക്കൊതുങ്ങി.