ആരാധകരുടെ ഇടയിൽ ദുൽഖർ ചിത്രമായ കുറുപ്പിന്റെ വിശേഷങ്ങൾ എത്തുമ്പോൾ യഥാർഥ കുറുപ്പിന്റെ കഥ പറയുന്ന ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഏതൊരു മലയാളിക്കും സുകുമാരക്കുറുപ്പ് സുപരിചിതമായ ഒരു പേര്. അതിനെ കുറിച്ച് ഒരു കുറിപ്പ് പങ്കുവച്ച് എത്തിയിരിക്കുകയാണ് അർജുൻ നമ്പ്യാർ എന്ന പ്രേക്ഷകൻ.
അര്‍ജുൻ നമ്പ്യാരുടെ കുറിപ്പ് വായിക്കാം:
ദുൽഖർ സൽമാൻ നായകനായി എത്തുന്ന ‘കുറുപ്പി’നു വേണ്ടി എല്ലാ സിനിമാസ്വാദകരും കാത്തിരിപ്പിലാണ്. കുറുപ്പ്, സുകുമാരക്കുറുപ്പ് ഏതൊരു മലയാളിക്കും സുപരിചിതമായ ഒരു പേര്. അതെങ്ങനെ സുപരിചിതമായി. അതാണ് പറയാൻ പോകുന്നത്.
മൂന്നര പതിറ്റാണ്ടിലേറെയായി കേരള പൊലീസിന്റെ തലവേദനയായി തുടരുന്ന കൊലപാതക കേസാണ് ചാക്കോ വധക്കേസ്. പ്രതി സുകുമാരക്കുറുപ് ആണെന്ന് പകൽ പോലെ വ്യക്തമായി കഴിഞ്ഞുവെങ്കിലും അയാളുടെ ഫോട്ടോ വരെ കിട്ടിയെങ്കിലും പിടികൂടാൻ കഴിയാത്തത് കേരള പൊലീസിന്റെ ചരിത്രത്തിലെ തന്നെ ബ്ലാക്ക് മാർക്ക് ആണ്. കൊലപാതകിയും പിടി കിട്ടാപുള്ളിയുമായ കുറുപ്പിനെ ഒരിക്കലും ഒരു മാന്യത പുരുഷനായിട്ടല്ല ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ ആദ്യമേ പറഞ്ഞു കഴിഞ്ഞു.
കേരള സമൂഹത്തിനും ജുഡീഷ്യറിക്കും ഒരുപോലെ ചോദ്യചിഹ്നമായി മാറിയ സുകുമാരകുറുപ്പ് ആരാണെന്നു അറിയാൻ വേണ്ടി വായിക്കുക.
കേരളത്തിലെ കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളിയാണ് സുകുമാരക്കുറുപ്പ്.1984-ൽ ചാക്കോ എന്ന ചലച്ചിത്രവിതരണക്കാരനെ ഇയാൾ കൊലപ്പെടുത്തി ശവശരീരം ആസൂത്രിതമായി ചുട്ടുകരിച്ചു. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ താൻ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്നും ഇൻഷുറൻസ് പണമായി 8 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ഉദ്ദേശം.
കേരളത്തിലെ പൊലീസ് സംഘവും സിബിഐയും തലക്കുത്തി മറഞ്ഞ് പുറകെ പോയതാണ്... കൊച്ച് കുട്ടികൾ പോലും എന്നും പേടിയോടെ കാണുന്ന നാമം ആണ് സുകുമാരക്കുറുപ്പ്. 36 വർഷങ്ങളായി കേരളം പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള സുകുമാര കുറുപ്പ് എന്ന കൊലയാളി ജീവിച്ചിരിക്കുന്നുണ്ടോ മരിച്ചു പോയോ എന്ന് ഉറപ്പിച്ചു പറയാൻ പോലും പറ്റില്ല. സുകുമാരക്കുറുപ്പിനെ കുറിച്ച് കൂടുതൽ അറിയാൻ വായിക്കുക.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് വില്ലേജിൽ പുത്തൻ വീട്ടിൽ ശിവരാമ കുറുപ്പിന്റെ മകൻ. ഗോപാലകൃഷ്ണ കുറുപ്പ് എന്നാണു യഥാർത്ഥ പേര്. പ്രീഡിഗ്രി തോറ്റ ശേഷം നാട്ടിൽ പലവിധ ജോലികൾ ചെയ്തുവന്നു. സ്ഥിര ജോലികൾ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. ഒടുവിൽ വ്യോമസേനയിൽ ചേർന്നു. എന്നാൽ സൈനിക ജീവിതവുമായി ഒത്തുപോകാനാകാതെ നാട്ടിൽ മടങ്ങിയെത്തി. തുടർന്ന് താൻ മരിച്ചുവെന്നു വ്യാജ രേഖയുണ്ടാക്കി വ്യോമസേനയ്ക്കു ടെലഗ്രാം അയച്ചു. നിജസ്ഥിതി അറിയാനെത്തിയ ചെങ്ങന്നൂർ പൊലീസിനെ കൈക്കൂലി കൊടുത്ത് മടക്കി.
പിന്നീട് സുകുമാരക്കുറുപ്പ് എന്ന പേരിൽ വ്യാജ പാസ്സ്പോർട്ട് ഉണ്ടാക്കി വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് അബുദാബിയിൽ എത്തുകയും അവിടെ ഒരു പെട്രോൾ കമ്പനിയിൽ എക്സിക്യൂട്ടീവായി ജോലിയിൽ കയറുകയും ചെയ്തു. പിന്നീട് ഭാര്യയെ അബുദാബിക്ക് കൊണ്ടുപോകുകയും അവർക്ക് അബുദാബിയിൽത്തന്നെ നഴ്സായി ജോലി ലഭിക്കുകയും ചെയ്തു.
സുകുമാര കുറുപ്പ് കൊലപാതക കേസ് എന്നായിരുന്നു ആദ്യം കേസിന്റെ പേര്. പിന്നീട് അത് ചാക്കോ വധക്കേസ് എന്ന് പുനർനാമകരണം ചെയ്യേണ്ടി വന്നു. സുകുമാരക്കുറുപ്പിന്റെ കേസുമായി ബന്ധപ്പെട്ട കഥ ജസ്റ്റിസ് കെ.ടി. തോമസ് അദ്ദേഹത്തിന്റെ പുസ്തകത്തിൽ എഴുതിയതിങ്ങനെ (ജസ്റ്റിസ് കെ ടി തോമസും, ജസ്റ്റിസ് പി എ മുഹമ്മദുമായിരുന്നു 1994 നവംബർ 14 നു പ്രതികളുടെ ശിക്ഷ ശരിവെച്ചുകൊണ്ടുള്ള ക്രിമിനൽ അപ്പീൽ ഹൈക്കോടതിയിൽ തള്ളിയത് )
“കേരളത്തിൽ ചെങ്ങന്നൂരിനടുത്തുള്ള ചെറിയനാട് എന്ന സ്ഥലത്തുകാരനായ സുകുമാരക്കുറുപ്പ് തന്റെ ‘ഭാര്യയോടൊപ്പം ജോലിസ്ഥലമായ അബുദാബിയിലാണ് കഴിഞ്ഞിരുന്നത്. അങ്ങനെയിരിക്കേ, വേഗത്തിൽ വലിയൊരു പണക്കാരനാകാനുള്ള പദ്ധതി അയാളുടെ മനസ്സിൽ ഉദിച്ചു. ഇതിനോടനുബന്ധിച്ച്, അബുദാബിയിൽ വച്ച് ഒരു ഇൻഷുറൻസ് പോളിസി അയാൾ എടുത്തു. തുടർന്ന്, താൻ ഒരു കാറപകടത്തിൽ കൊല്ലപ്പെട്ടു എന്ന് ബന്ധപ്പെട്ടവരെയെല്ലാം ബോധ്യപ്പെടുത്താൻ അയാൾ തീരുമാനിച്ചു. അങ്ങനെയാകുമ്പോൾ, ഇൻഷുറൻസ് തുക മുഴുവൻ അയാളുടെ ‘ഭാര്യയ്ക്ക് കൈപ്പറ്റാമല്ലോ. തുടർന്ന് അവർക്ക് എവിടെയെങ്കിലും സുഖമായി ജീവിക്കാൻ സാധിക്കും. ഈ അസ്പഷ്ടമായ ആശയം പിന്നീട് വ്യക്തമായ പദ്ധതിയായി മാറി. സുകുമാരക്കുറുപ്പിന്റെ അളിയനും (ഒന്നാംപ്രതി) വിശ്വസ്തനായ ഡ്രൈവറും (രണ്ടാംപ്രതി) അബുദാബിയിലെ കമ്പനിയിലെ ഒരു പ്യൂണും ഇതിലെ പങ്കാളികളായി. തങ്ങളുടെ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിനായി, ആലപ്പുഴ മെഡിക്കൽ കോളജ് ലബോറട്ടറിയിൽനിന്ന് അവർ അല്പം “ഈതർ’ കൈക്കലാക്കി.
1984 ജനുവരി ആദ്യ ആഴ്ച സുകുമാരക്കുറുപ്പും ഒന്നാം പ്രതിയും പ്യൂണിനോടൊപ്പം തിരുവനന്തപുരത്തെത്തി. ഗൂഢാലോചനക്കാർ (സുകുമാരക്കുറുപ്പ്, ഒന്നും രണ്ടും പ്രതികൾ, പ്യൂൺ) ചേർന്ന് ചെറിയനാടുള്ള “സ്മിതഭവനിൽ (സുകുമാരക്കുറുപ്പിന്റെ ഭാര്യവീട്) ഒത്തുചേർന്ന് പദ്ധതി നടപ്പിലാക്കാനുള്ള വിശദവിവരങ്ങൾ ചർച്ചചെയ്തു. 1984 ജനുവരി 21-ാം തീയതി അതിനുള്ള ദിവസമായി അവർ തിരഞ്ഞെടുത്തു.
മുൻകൂട്ടി തീരുമാനിച്ച ആ ദിവസം അവർ നാലുപേരും കല്പകവാടിയിൽ (ആലപ്പുഴ ടൗണിന് 20 കി.മീ. തെക്കുഭാഗത്തുള്ള ദേശീയപാതയോട് ചേർന്നുള്ള ഒരു ടൂറിസ്റ്റ് ഹോട്ടൽ) ഒത്തുചേർന്നു. സുകുമാരക്കുറുപ്പ് തന്റെ അമ്പാസിഡർ കാറിലാണ് (KLY 5959) അവിടെ എത്തിച്ചേർന്നത്. മറ്റുള്ളവർ ഒന്നാം പ്രതിയുടെ കാറിൽ (KLY7831) എത്തിച്ചേർന്നു. സുകുമാരക്കുറുപ്പ് ഒരു കാറിലും മറ്റുള്ളവർ മറ്റേ കാറിലുമായി ദേശീയപാതയിലൂടെ തെക്കുഭാഗത്തേക്ക് യാത്രതിരിച്ചു.
സുകുമാരക്കുറുപ്പിനോട് വലിപ്പസാദൃശ്യമുള്ള ആരെയെങ്കിലും കണ്ടെത്തുകയായിരുന്നു അവരുടെ ഉദ്ദേശ്യം. പക്ഷേ, 23 കിലോമീറ്ററിലധികം സഞ്ചരിച്ചിട്ടും (ഏകദേശം ഓച്ചിറ എന്ന സ്ഥലംവരെ) അങ്ങനെ ഒരാളെ കണ്ടെത്താൻ അവർക്ക് സാധിച്ചില്ല. തിരിച്ചുവരുന്ന വഴി കരുവാറ്റ എന്ന സ്ഥലത്തെത്തിയപ്പോൾ (ഓച്ചിറയിൽനിന്ന് ഏകദേശം 13 കി.മീ. അകലെ) ഒരാൾ അവരുടെ കാറിനു നേരേ കൈ കാണിച്ച് ലിഫ്റ്റ് അഭ്യർത്ഥിച്ചു. കൊല്ലപ്പെട്ട ചാക്കോ ആയിരുന്നു അത്. വീട്ടിലേക്കു പോകാൻ ഒരു വാഹനം കാത്തുനില്ക്കുകയായിരുന്നു ചാക്കോ. അയാൾക്ക് സുകുമാരക്കുറുപ്പിന്റെ വലിപ്പം ഉണ്ടെന്നു തോന്നിയ ഗൂഢാലോചനക്കാർ KLY 5959 എന്ന കാറിൽ ചാക്കോയ്ക്ക് ലിഫ്റ്റ് നല്കി.
യാത്ര തുടരവേ, ചാക്കോയ്ക്ക് കുടിക്കാൻ എന്തോ നല്കിയെങ്കിലും അയാൾ അത് നിരസിച്ചു. പക്ഷേ, നിരന്തരമായി നിർബന്ധിച്ച് അവർ ചാക്കോയെക്കൊണ്ട് “ഈതർ’ കലർത്തിയ ബ്രാണ്ടി കഴിപ്പിച്ചു. നിമിഷങ്ങൾക്കകം തന്നെ ഒന്നാംപ്രതി ചാക്കോയുടെ കഴുത്ത് ഒരു ടവ്വൽകൊണ്ട് ബലമായി മുറുക്കുകയും കഴുത്ത് ഒടിക്കുകയും ചെയ്തു.
പിന്നീട് അവർ “സ്മിതഭവനി’ലേക്ക് യാത്രയായി. ചാക്കോയുടെ മൃതദേഹം അവിടെ ഒരു മുറിയിലേക്ക് മാറ്റിയശേഷം അവിടെ വെച്ച് മുഖം തിരിച്ചറിയാതിരിക്കാൻ കരിച്ചു കളഞ്ഞു എന്നിട്ട് അവർ സുകുമാരക്കുറുപ്പിന്റെ ഷർട്ടും ലുങ്കിയും ആ ശരീരത്തിൽ ധരിപ്പിച്ചു. തുടർന്ന് അവർ മൃതദേഹം KLY 5959 കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ച്, വടക്കുഭാഗത്തേക്ക് രണ്ട് കാറുകളിലായി യാത്രയാരംഭിച്ചു.
കൊല്ലക്കടവ് എന്ന സ്ഥലത്തെത്തിയപ്പോൾ അവർ ചാക്കോയുടെ ശരീരം എടുത്ത് KLQ 7831 കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയശേഷം സമീപത്തെ നെൽവയലിലേക്ക് ആ കാർ തള്ളിവിട്ടു. അകത്തും പുറത്തും പെട്രോൾ തളിച്ചിരുന്ന കാറിന് തീപിടിക്കുകകൂടി ചെയ്തതോടെ അവർ മറ്റേ കാറിൽ KLY 5959 കയറി സ്ഥലംവിട്ടു. ഇതിനിടെ ഒന്നും രണ്ടും പ്രതികൾക്കും കുറേ പൊള്ളലേറ്റിരുന്നു. പുകനിറഞ്ഞ ആ അന്തരീക്ഷത്തിൽനിന്ന് ഓടി രക്ഷപ്പെടുമ്പോൾ, താഴെ വീണിരുന്ന ഗ്ലൗസ് എടുക്കാൻ അവർ ശ്രദ്ധിച്ചിരുന്നില്ല. അപ്പോൾ സമയം ഏകദേശം പുലർച്ചെ മുന്നുമണിയോടടുത്തിരുന്നു”
പുലർച്ചെ, കത്തിക്കൊണ്ടിരിക്കുന്ന കാർ കണ്ട്, സമീപവാസികൾ അതിനടുത്തേക്ക് ഓടി. കത്തുന്ന കാറിനു സമീപം ഒരു ഗ്ലൗസ് കിടക്കുന്നത് കണ്ടപ്പോൾത്തന്നെ സംഭവം ഒരു കൊലപാതകമാകാമെന്ന് ആളുകൾ സംശയിച്ചു. അങ്ങനെ അവരിലൊരാൾ മാവേലിക്കര പൊലീസ് സ്റ്റേഷനിലെത്തി FIR (ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട്) നല്കി.
നാട്ടുകാർ അറിയിച്ചതനുസരിച്ച്, 5.30 നു തന്നെ ഡി.വൈ.എസ്.പി ഹരിദാസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. ചുറ്റുപാടുകൾ നിരീക്ഷിച്ചപ്പോൾ തന്നെ സമർത്ഥനായ പൊലിസ് ഉദ്യോഗസ്ഥൻ ഹരിദാസിനു അരുതാത്തത് പലതും മണത്തു...... ഒരു തീപ്പെട്ടി, പരിസരത്ത് ചിതറിവീണ പെട്രോളിന്റെ അംശം, ഒരു ജോടി ഹാൻഡ് ഗ്ലോവ്.
രേഖകൾ പ്രകാരം കാർ ചെറിയനാട് സ്വദേശി സുകുമാരക്കുറുപ്പിന്റേതാണു എന്ന് മനസ്സിലായി. മരിച്ചത് കുറുപ്പ് തന്നെ, പക്ഷേ കൊലപാതകമെന്ന് ഉറപ്പിച്ച പൊലീസ് കൂടുതൽ വിവരങ്ങൾ തേടാൻ ആരംഭിച്ചു.
കുറുപ്പിന്റെ വീട്ടിലെത്തിയ ഹരിദാസിനു, അസ്വാഭാവികമായ അന്തരീക്ഷമാണു അനുഭവപ്പെട്ടത്. കാർ കത്തിയ കാര്യം അറിയിച്ചപ്പോൾ, ഭാവഭേദമൊന്നുമില്ലാത്ത കുടുംബാംഗങ്ങൾ, അടുക്കളയിൽ നിന്നുയരുന്ന ചിക്കൻ കറിയുടെ ഗന്ധം.....(അന്ന് നായർ തറവാടുകളിലും വീടുകളിലും മരണം നടന്നാൽ പുലയും മത്സ്യ മാംസാദികൾക്ക് വർജ്ജനമുണ്ടായിരുന്നു....ഇന്നും ഇത്തരം ആചാരങ്ങൾ നില നിലനിൽക്കുന്നുണ്ട്.... ) കാര്യങ്ങൾ കരുതിയതിലും അപ്പുറമാണന്ന് ഹരിദാസിനു മനസ്സിലായി. കുറുപ്പിന്റെ അടുത്ത ബന്ധുവായ, ഭാസ്കരപിള്ളയുടെ കാലുകളിലെ പൊള്ളൽ ശ്രദ്ധിച്ചപ്പോൽ ഹരിദാസ് ഉറപ്പിച്ചു, കൊല്ലപ്പെട്ടത് കുറുപ്പല്ല. സ്മിത ഭവനിലെത്തി പരിശോധിച്ചപ്പോൾ കരിഞ്ഞ നിലയിലുള്ള തല മുടിയുടെ അവശിഷ്ടങ്ങളും മുറിയുടെ മേൽ ഭാഗത്ത് പിടിച്ചിരുന്ന മാറാലയിൽ തീ കത്തി കരി പിടിച്ചിരിക്കുന്നതും ശ്രദ്ധയിൽ പെട്ടു..
ഉടനെ തന്നെ ഭാസ്കരപിള്ളയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ തുടങ്ങുമ്പോഴേക്ക്, പൊലീസ് സർജ്ജൻ, ഡോ. ഉമാദത്തന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടുമെത്തി. വയലിൽ, പൊള്ളലേറ്റ് മരിച്ചയാളിന്റെ ശ്വാസകോശത്തിൽ, സ്വാഭാവികമായുണ്ടാകേണ്ട വൈക്കോലിന്റെ അംശങ്ങൾ ഉണ്ടായിരുന്നില്ല.... വയറ്റിൽ നിന്നും ഈതർ കലർത്തിയ മദ്യത്തിന്റെ അംശം.... സമർത്ഥമായ ചോദ്യം ചെയ്യലിൽ, ഭാസ്കരപിള്ളക്ക് പിടിച്ച് നിൽക്കാനായില്ല.... അയാൾക്ക് സത്യമെല്ലാം തുറന്ന് പറയേണ്ടി വന്നു.
ഇതിനിടയിൽ ചാക്കോ മിസ്സിങ് കേസ് കൂടി ഫയൽ ചെയ്യപ്പെട്ടതോടു കൂടി അന്വേഷണം എളുപ്പമായി. മുഖ്യ പ്രതി സുകുമാര കുറുപ്പിനെ കിട്ടിയില്ലെങ്കിലും മറ്റ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതോടെയാണ് കേസിന് പൂർണരൂപമായത്. സുകുമാരക്കുറുപ്പിന്റെ പ്യൂൺ മാപ്പുസാക്ഷിയാവുകയും പ്രോസിക്യൂഷന്റെ ഒന്നാം ദൃക്സാക്ഷിയായി തെളിവ് നല്കുകയും ചെയ്തു. സംഭവങ്ങളെല്ലാംതന്നെ നടന്നതുപോലെ അയാൾ വിശദീകരിച്ചു. മറ്റു പല സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ അയാൾ നല്കിയ തെളിവുകൾ കോടതി അംഗീകരിച്ചു. കൂട്ടുപ്രതികളായ ഡ്രൈവർ പൊന്നപ്പനും ഭാര്യാസഹോദരൻ ഭാസ്കര പിള്ളയ്ക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
ശിക്ഷ കഴിഞ്ഞിറങ്ങിയ ഭാസ്കരപിള്ള ഇപ്പോഴും ചെറിയനാട്ടിലുണ്ട് എന്നാണു കരുതുന്നത്. എന്നാൽ കുറ്റബോധവും, അഭിമാനക്ഷതവും വേട്ടയാടിത്തുടങ്ങിയപ്പോൾ, പൊന്നപ്പൻ ജീവിതം സ്വയം അവസാനിപ്പിച്ചു.
ചാക്കോ കൊല്ലപ്പെടുമ്പോൾ ഭാര്യ ശാന്തമ്മ മൂന്നു മാസം ഗർഭിണിയായിരുന്നു. ഇപ്പോൾ, ചാക്കോയുടെ മകനു 35 വയസ്സുണ്ടാവണം വിവാഹം കഴിഞ്ഞ് മകളുണ്ട്. . ചാക്കോയുടെ മരണത്തെ തുടർന്ന് ശാന്തമ്മക്ക് സർക്കാർ ഒരു ജോലി കൊടുത്തു. ഇന്നവർ മകനോടൊപ്പം റിട്ടയർമ്മെന്റ് ജീവിതത്തിലാണ്.
നിലവിൽ സുകുമാര കുറുപ്പിന്റെ സഹോദരങ്ങളാരും നാട്ടിലില്ല. ചെറിയനാട്ടിലെ കുറുപ്പിന്റെ വസ്തുവകകൾ സർക്കാർ കണ്ടുകെട്ടി. ആലപ്പുഴ വണ്ടാനത്ത് കുറുപ്പ് വാങ്ങിയ സ്ഥലം മറ്റൊരാളുടെ പേരിലാണ്. ചില ബന്ധുക്കൾ മാത്രമാണു ചെറിയനാട്ടുള്ളത്. കുറുപ്പിനു ചാക്കോ വധത്തിൽ നേരിട്ടു ബന്ധമില്ലെന്നാണ് ഇപ്പോഴും ഇവരുടെ വിശ്വാസം. എന്നാൽ കൊലപാതകം കഴിഞ്ഞ ശേഷം അവരാരും തന്നെ കഴിഞ്ഞ 36 വർഷമായി കുറുപ്പിനെ നേരിൽ കണ്ടിട്ടില്ല.
സുകുമാരക്കുറുപ്പിന്റെ ഭാര്യ സരസമ്മയും രണ്ടു മക്കളും ഇപ്പോൾ കുവൈത്തിലാണു താമസിക്കുന്നത്. ഇവർ കുവൈത്തിൽ സ്ഥിരതാമസമാക്കിയതിനെ കുറിച്ചു നടത്തിയ അന്വേഷണത്തിലാണ് കുറുപ്പ് ഗൾഫ് രാജ്യങ്ങളിൽ എവിടെയെങ്കിലും ഉണ്ടാകുമെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് എത്തിച്ചേർന്നത്. നേരത്തെ അബുദാബിയിൽ കുറുപ്പിനൊപ്പമുണ്ടായിരുന്ന ഭാര്യ സരസമ്മ അവിടെ നഴ്സായിരുന്നു. ചാക്കോ കൊല്ലപ്പെട്ടശേഷം അവർ നാട്ടിലെത്തിയിരുന്നു.
ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭർത്താവ് നടത്തിയ നീക്കങ്ങൾ അറിയാമായിരുന്നതിനാൽ ക്രിമിനൽ ഗൂഡാലോചന നിയമ പ്രകാരം സരസമ്മയും ആദ്യം കേസിൽ പ്രതിയായിരുന്നു. എന്നാൽ പിന്നീട് ഇവരെ കേസിൽ നിന്നും ഒഴിവാക്കി. തുടർന്ന് ഏറെക്കാലം ചെങ്ങന്നൂരിനടുത്ത് ചെറിയനാട്ടുതന്നെ താമസിച്ച സരസമ്മ പിന്നീടു സൗദിയിലേക്കു തിരിച്ചുപോയി. വീണ്ടും നാട്ടിൽ തിരിച്ചെത്തി നാളുകൾക്കുശേഷമാണു കുവൈത്തിലേക്കു പോയത്. മക്കൾക്കും കുവൈത്തിൽ ജോലി കിട്ടിയതോടെ അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു.
1984 മുതൽ സുകുമാരക്കുറുപ്പ് ഒളിവിലാണ്. പ്ലാസ്റ്റിക് സർജറി നടത്തി മുഖത്തിന്റെ രൂപം മാറ്റിയാണ് സുകുമാര കുറുപ്പ് ഒളിവിൽ പോയതെന്ന് ക്രൈംബ്രാഞ്ച് സംശയിച്ചിരുന്നു. അത്തരത്തിൽ അഭ്യൂഹങ്ങളും പടർന്നിരുന്നു.
എന്നാൽ അതിൽ വാസ്തവമില്ലെന്നാണു ബന്ധുക്കൾ പറയുന്നത്. മതവും പേരും മാത്രമാണു മാറിയത് എന്നാണ് അവരുടെ വാദം. കുറുപ്പ് എവിടെയാണെന്നതിനെക്കുറിച്ചു നിരവധി കഥകളും കെട്ടുകഥകളും ഇറങ്ങിയിട്ടുണ്ട് സന്ന്യാസിയായി ഉത്തരേന്ത്യയിൽ കഴിയുന്നു, വിദേശത്തേക്കു കടന്നു, ഹിമാചലിൽ കഞ്ചാവ് കൃഷിയാണ്, നോർത്ത് ഈസ്റ്റിൽ വേഷം മാറി ജീവിക്കുന്നു, കേരളത്തിൽത്തന്നെ ആർക്കും തിരിച്ചറിയാതെ വിധം രൂപമാറ്റം വരുത്തി നമുക്കിടയിൽ ജീവിക്കുന്നു… അങ്ങനെ പലതും പ്രചാരത്തിലുള്ളവയാണ്.
ഏറ്റവും ഒടുവിൽ വന്നത് സൗദി അറേബിയയിലെ മദീനയിൽ ഇസ്‌ലാം മതം സ്വീകരിച്ച് മുസ്തഫ എന്ന പേരും സ്വീകരിച്ചു കഴിയുകയാണെന്നും 72 വയസ് പ്രായമായെന്നും ഒരു മുസ്‌ലിം പള്ളിയിൽ ഖത്തീബിനെ മതകാര്യങ്ങളിൽ സഹായിയാണെന്നുമായിരുന്നു. മദീനയിലെത്തി മലയാളികൾ ഉൾപ്പെടെയുള്ളവർ കുറുപ്പിനെ കണ്ടു എന്നുവരെ വാർത്തകൾ പ്രചരിച്ചിരുന്നു.
മുംബൈയിലെ സാന്താ ക്രൂസ് വീമാനത്താവളത്തിൽ കുറുപ്പിനെ ഏറ്റവും ഒടുവിൽ കണ്ടതിനു ചില ദൃക്സാക്ഷികളുണ്ടെന്നും അതാണ് കുറുപ്പിന്റെ അവസാനത്തെ തെളിവ് എന്നും റിപ്പോർട്ടുകളുണ്ട്. കാണാതായ സുകുമാരക്കുറുപ്പിനു വേണ്ടി പൊലീസ്, രാജ്യം മുഴുവനും വലവിരിച്ചെങ്കിലും,അയാൾ ഇന്നും പിടികിട്ടാപ്പുള്ളിയായി തുടരുകയാണ്. പലപ്പോഴും, തലനാരിഴക്ക് അയാൾ രക്ഷപെട്ടു എന്നാണ് പൊലീസ് അവകാശപ്പെടുന്നത്.
2010 നവംബർ 12 നു വെള്ളിയാഴ്ച പത്തനംതിട്ട തിരുവല്ലയിലെ ശ്രീവല്ലഭ ക്ഷേത്രത്തിൽ കുറുപ്പിന്റെ ഇളയ മകന്റെ വിവാഹത്തിനു അയാൾ എത്തുമെന്ന് കരുതി കാത്ത് നിന്ന പൊലീസിനു പക്ഷേ നിരാശരാകേണ്ടി വന്നു. എന്നാൽ കുറുപ്പ് ആർക്കും തിരിച്ചറിയാനാകാത്തവിധം ക്ഷേത്ര പരിസരത്തെത്തി വിവാഹത്തിൽ പങ്കെടുത്തു എന്ന് വിശ്വസിക്കുന്നവരും വാദിക്കുന്നവരും ഉണ്ട്. 2001 ൽ ഗുജറാത്തിലെ രാംനഗറിൽ ഉണ്ടെന്ന സൂചനയെ തുടർന്നവിടെ എത്തിയെങ്കിലും കണ്ടെത്തിയില്ല. സമാനമായ രീതിയിൽ കർണാടകയിൽ പരിശോധന നടന്നിരുന്നു.
ക്രിമിനൽ ഗൂഢാലാച്ചോനയ്ക്കും, കൊലപാതകത്തിനുമാണ് കുറുപ്പിന്റെ പേരിൽ കേസുള്ളത്. കേസിൽ ഇപ്പോഴും കേരളാ പൊലീസ് അന്വേഷണം അവസാനിപ്പിച്ചിട്ടില്ല. 36 വർഷക്കാലമായി പിടികിട്ടാപുള്ളിയുടെ ലിസ്റ്റിലാണ് സുകുമാരക്കുറുപ്പ്. കേരള ചരിത്രത്തിലെ ഏറ്റവും നീണ്ട ചരിത്രമുള്ള ക്രിമിനൽ കേസാണ് സുകുമാര കുറുപ്പിന്റേത്. മാവേലിക്കര പൊലീസ് സ്റ്റേഷനിൽ 22/1984 എന്ന ക്രൈം നമ്പറിലാണ് കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇന്നും കത്തിയ കാറിന്റെ എഞ്ചിൻ ഭാഗം മാത്രം മാവേലിക്കര പൊലീസ് സ്റ്റേഷനിൽ കിടപ്പുണ്ട്...
2016 ഡിസംബർ 2 നാണ് ഏറ്റവും ഒടുവിൽ മാവേലിക്കര ഫാസ്റ്റ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി സുകുമാര കുറുപ്പിനെതിരെ വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്. അറസ്റ്റ് ചെയ്ത് കോടതി മുൻപാകെ ഹാജരാക്കാൻ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിറ്റക്റ്റീവ് ഇന്സ്പെക്ടര്‍ക്കും CID (CBCID) പ്രത്യേക അന്വേഷണസംഘത്തിനുമാണ് കോടതി നിർദേശം നൽകിയത്.
എന്നാൽ നാളിതുവരെയും സുകുമാര കുറുപ്പിനെ കണ്ടെത്താൻ പോലീസിനോ പൊതുജനങ്ങൾക്കോ സാധിച്ചിട്ടില്ല. മാവേലിക്കരക്ക് അടുത്ത് കുന്നം എന്ന സ്ഥലത്താണ് അംബാസഡര്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞനിലയില്‍ ചാക്കോയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് ആ സ്ഥലം ചാക്കോ പാടം എന്നാണ് അറിയപ്പെടുന്നത്.
കൊലപാതകം നടന്ന വർഷം 1984 ൽ തന്നെ സുകുമാരകുറുപ്പിനെ കുറിച്ച് " NH47"എന്ന പേരിൽ എ.ജെ. ബേബി എന്ന സംവിധായകൻ സിനിമ നിർമിച്ചിരുന്നു. സുകുമാരകുറുപ്പിന്റെ ക്രിമിനൽ പ്രവൃത്തികൾ ഉൾപ്പെടുത്തി അടൂർ ഗോപാലാകൃഷ്ണൻ സംവിധാനം ചെയ്ത;പിന്നെയും; എന്ന സിനിമ 2016 ലാണ് പുറത്തിറങ്ങിയത്. ഇനി കാത്തിരിക്കുന്നത് ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ദുൽക്കർ ന്റെ ;കുറുപ്പിന്; വേണ്ടിയാണ്...
ജനന സർട്ടിഫിക്കറ്റ് പ്രകാരം സുകുമാരക്കുറുപ്പിന് ഇപ്പോൾ പ്രായം 74 ആയിരിക്കണം. വയോധികനായ കുറുപ്പ് ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ തന്റെ കഥ, തന്റെ കൊലപാതക കഥ സിനിമയാക്കുമ്പോ, അത് അഭ്രപാളിയിൽ തെളിയുമ്പോൾ അത് കാണാൻ ആൾക്കൂട്ടത്തിനിടയിൽ അയാളും വന്നേക്കാം. ദുൽഖർ സൽമാൻ എന്ന നടന്റെ കുറുപ്പായുളള എൻട്രി കണ്ട് കാണികൾ ആരവമുയർത്തുമ്പോൾ അയാൾ അദ്ഭുതപ്പെട്ടേക്കാം. പിടികിട്ടാപ്പുള്ളിയും കൊലപാതകിയുമായ എന്നെയാണോ കാണികൾ ഹർഷാരവത്തോട് കൂടി സ്വീകരിക്കുന്നത് എന്ന് ആലോചിച്ച് സുകുമാര കുറുപ്പിന് ഒരു ഹീറോ പരിവേഷം നൽകി ആരാധിക്കുന്ന ഒരു വിഭാഗം ഇന്നും അയാളുടെ നാട്ടിലുണ്ട്. ചിലർക്ക് അയാൾ ഹീറോ ആയിരിക്കാം. അയാൾക്കും സ്വയം അങ്ങനെ തോന്നിയിരിക്കാം.
അയാൾക്ക് വേണ്ടി അന്വേഷണ സംഘം നടത്തിയ യാത്രകൾ, വിവിധ സംസ്ഥാനങ്ങളിൽ, രാജ്യങ്ങളിൽ നടത്തിയ അന്വേഷണങ്ങൾ, അയാളുടെ രൂപ സാദൃശ്യം തോന്നി ഇന്ത്യയിൽ നടന്ന നൂറോളം അറസ്റ്റുകൾ, ഇതെല്ലാം മറി കടന്ന് അയാൾ ഇന്നും ആരുമറിയാതെ ചിലപ്പോൾ നമുക്കിടയിൽ തന്നെ ജീവിക്കുണ്ടെങ്കിൽ അയാൾക്ക് സ്വയം ഒരു ഹീറോ ആയി തോന്നുന്നതിൽ തെറ്റ് പറയാനാകില്ല...ആൾക്കൂട്ടത്തിനിടയിൽ ഇരുന്ന് ഉള്ളിൽ പൊട്ടിച്ചിരിച്ചു കൊണ്ട് അയാൾ പറയുന്നുണ്ടാകും
''CATCH ME IF YOU CAN''
But There is no Justification
Because A Crime is Crime
കാത്തിരിക്കാം ഡിക്യുവിന്റെ കുറുപ്പായുള്ള വെള്ളിത്തിരയിലെ പകർന്നാട്ടം കാണാൻ. നായക നടന്മാർ വില്ലന്മാരായി അഴിഞ്ഞാടി ദേശീയ അവാർഡുകളും സംസ്ഥാന അവാർഡുകളും ബോക്സ്‌ഓഫിസും തൂത്തു വാരിയ ചരിത്രമുളള നാടാണ്. ചരിത്രം ആവർത്തിക്കുക തന്നെ ചെയ്യട്ടെ. ചില ചരിത്രങ്ങൾ മാറ്റിക്കുറിക്കട്ടെ.
ചാക്കോ വധവുമായി ബന്ധപ്പെട്ട്ചാനലുകളിൽ വന്ന പ്രത്യേക പരിപാടികളിൽ നിന്നും കേസ് അന്വേഷിച്ച ഡിവൈഎസ്പി പി.എം. ഹരിദാസ് , മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് എന്നിവരുടെ കേസുമായി ബന്ധപ്പെട്ടുള്ള ഇന്റർവ്യൂകളിൽ നിന്നും വിക്കിപീഡിയ, മറ്റു ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്നും ലഭിച്ച വിവരങ്ങളാണ് ഏകീകരിച്ചു ചെയ്തു മുകളിൽ പോസ്റ്റ് ആയി ഇട്ടിരിക്കുന്നത്.ക്ഷമയോടെ വായിച്ചതിന് നന്ദി.
അർജുൻ നമ്പ്യാർ