നിരവധി നടന്മാര്‍ക്കും സംവിധായകര്‍ക്കും മാത്രമല്ല, ഒട്ടനവധി സിനിമാ സീരിയല്‍ അണിയറ പ്രവര്‍ത്തകരുടെയും നെഞ്ചില്‍ തീകോരിയിട്ട സംഭവമായിരുന്നു ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടും അതിനു പിന്നാലെ പുറത്തുവന്ന ചെറുതും വലുതുമായ നടിമാരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും. അവരില്‍ ചുരുക്കം ചിലര്‍ മാത്രമാണ് മീഡിയയ്ക്കു മുന്നില്‍ വന്ന് തങ്ങള്‍ക്കു നേരെയുണ്ടായ അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. അതു സത്യമോ നുണയോ എന്ന് തിരിച്ചറിയുകയും വ്യക്തമാകുകയും ചെയ്യും മുന്നേ മാധ്യമങ്ങളിലെമ്പാടും കാട്ടുതീ പോലെ ആ വാര്‍ത്തകള്‍ പടരുകയും ചെയ്തു.
ഏതാണ്ട് രണ്ടാഴ്ചക്കാലത്തോളം അതിനു പിന്നാലെയായിരുന്നു സിനിമാലോകവും ആരാധകരും മുഴുവന്‍. ഇപ്പോഴിതാ, അതുപോലൊരു ആരോപണം നേരിട്ടവരില്‍ ഒരാളായ ഷാനു ഇസ്മായില്‍ എന്ന 45കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരിക്കുകയാണ്. കൊച്ചിയിലെ പ്രശസ്തമായ ഹോട്ടലിലാണ് ഷാനുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ഒരു മാസം മുമ്പാണ് മലയാള സിനിമാ സീരിയല്‍ ലോകത്തെ ഞെട്ടിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്. അതിനു പിന്നാലെ തിരുവനന്തപുരം സ്വദേശിനിയായ ഒരു നടിയാണ് ബലാല്‍സംഗ പരാതിയുമായി ഷാനുവിനെതിരേ രംഗത്തെത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം മ്യൂസിയം പോലീസ് ഷാനുവിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. സിനിമയില്‍ അവനസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു ഫ്‌ലാറ്റില്‍ വെച്ച് ബലാല്‍സംഗം ചെയ്തു എന്ന ആരോപണമായിരുന്നു നടി ഉന്നയിച്ചത്. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇക്കാര്യം വിശദീകരിച്ച് നടി പരാതിപ്പെട്ടതിനു പിന്നാലെ വലിയ മാനസിക പ്രയാസത്തിലായിരുന്നു ഷാനു ഉണ്ടായിരുന്നത്. വീട്ടിലും ബന്ധുക്കള്‍ക്കും മുന്നിലും തലയുയര്‍ത്തി നില്‍ക്കാന്‍ പോലും സാധിക്കാത്ത വിധം അപമാനിതനായി.
ഇതിന്റെ ദുഃഖവും പ്രയാസവും ഷാനുവിനെ വല്ലാതെ അലട്ടിയിരുന്നു. തുടര്‍ന്നാണ് ഓണത്തിന് മുമ്പ് കൂട്ടുകാരുടെ നിര്‍ബന്ധപ്രകാരം കുറച്ചു ദിവസം ഒന്നു മാറിനില്‍ക്കാം, അപ്പോഴേക്കും കാര്യങ്ങളൊക്കെ ശരിയാക്കാം എന്ന ധാരണയില്‍ കൊച്ചിയിലെ ഹോട്ടലിലേക്ക് മാറിയത്. ഈമാസം 11-ാം തീയതിയായിരുന്നു സുഹൃത്തുക്കള്‍ക്കൊപ്പം വന്ന് മുറിയെടുത്തതും താമസം തുടങ്ങിയതും. തുടര്‍ന്ന് കേസുകളും പ്രശ്നങ്ങളും എങ്ങനെയെങ്കിലും ശരിയാക്കി അറസ്റ്റ് ഒഴിവാക്കാനുള്ള വലിയ ശ്രമത്തിലായിരുന്നു ഷാനുവും കൂട്ടുകാരും. എന്നാല്‍ ഇടയ്ക്കെപ്പോഴോ മനസു കൈവിട്ട നിമിഷത്തിലാണ് ആത്മഹത്യയിലേക്ക് ഷാനു എത്തിയത്. കൊച്ചിയിലെ എംജി റോഡിലുള്ള ഹോട്ടലിലാണ് ഷാനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം സ്വദേശിയാണ് മരിച്ച ഷാനു. നിലവില്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.