തിരുവനന്തപുരം: ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിയ നടനാണ് ഇന്ദ്രൻസ്. ഹാസ്യ നടനായി തുടങ്ങി ഇപ്പോൾ നായകനിരയിൽ വരെ എത്തി നിൽക്കുകയാണ് ഇന്ദ്രൻസ് എന്ന പ്രതിഭയുടെ അഭിനയ ശേഷി. എപ്പോഴും എളിമ പുലർത്തുന്ന നടനെ അദരിക്കുന്ന ചടങ്ങൾ മലയാളത്തിലെ പ്രിയതാരങ്ങൾ അടക്കം പങ്കെടുത്തു. മലയാള സിനിമയിൽ മികച്ച വ്യക്തിത്വത്തിന് ഒരു അവാർഡ് ഉണ്ടായിരുന്നെങ്കിൽ അത് പല കുറി ഇന്ദ്രൻസിന് ലഭിച്ചേനെ എന്നു പറഞ്ഞാണ് നടൻ പൃഥ്വിരാജ് തന്റെ നിലപാട് വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് വച്ച് ഇന്ദ്രൻസിനെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
'മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും' എന്ന ചിത്രം മുതലുള്ള അടുപ്പമാണ് അദ്ദേഹവുമായി. അതിനു ശേഷം എവിടെ വച്ചു കണ്ടാലും മേസ്തിരി എന്ന് അദ്ദേഹത്തിന്റെ വിളി കേൾക്കാറുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ നല്ല കഥപാത്രങ്ങളിലേക്കുള്ള തുടക്കം മാത്രമാകട്ടെ ഇത്, കൂടുതൽ നല്ല കഥാപാത്രങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്നും പൃഥ്വിരാജ് ആശംസിച്ചു.
മലയാള സിനിമയിലെ ഏറ്റവും വലിയ അത്ഭുതങ്ങളിൽ ഒന്നാണ് ഇന്ദ്രൻസ് എന്ന് നടി മഞ്ജു വാര്യർ പറഞ്ഞു. 'ഇന്ദ്രൻസേട്ടന്റെ അഭിനയശേഷിയെക്കുറിച്ചൊന്നുമല്ല എനിക്ക് പറയാനുള്ളത്. പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകളാണ് എന്നെ അത്ഭുതപ്പെടുത്തിയത്. 'കണ്ണിനു കാണാൻ പോലും കഴിയാത്ത എനിക്ക് അവാർഡ് നേടിത്തന്ന നിങ്ങളെയൊക്കെ സമ്മതിക്കണം' എന്ന്. അദ്ദേഹത്തിന് മാത്രം പറയാൻ കഴിയുന്ന വാക്കുകളാണത്. ഇന്ദ്രൻസേട്ടൻ കണ്ണിനു കാണാൻ കഴിയാത്ത ആളല്ല, ഞങ്ങളൊക്കെ കൺനിറയെ അത്ഭുതത്തോടെ നോക്കി കാണുന്ന ആളാണ്,' മഞ്ജു പറഞ്ഞു.
സിനിമയിൽ താൻ ഒരുപാട് സ്നേഹിച്ച, തന്നെ ഒരുപാട് സ്നേഹിച്ചവരൊക്കെ ഇവിടെയുണ്ടെന്നും അവരുടെ ഒക്കെ അളവ് തന്റെ പോക്കറ്റിൽ ഉണ്ടെന്നും പറഞ്ഞായിരുന്നു ഇന്ദ്രൻസ് തന്റെ മറുപടി പ്രസംഗം ആരംഭിച്ചത്. സിനിമയിൽ ഒരു തുന്നൽക്കാരനായാണ് താൻ ജോലി തുടങ്ങിയത്. ആരാധന തോന്നിയ എത്രയോ പേരെ കാണാനും തൊടാനും സാധിച്ചു. അവരോടൊപ്പമുള്ള സഹവാസമാണ് തന്നെ ഒരു നടനാക്കിയതെന്നും ഇന്ദ്രൻസ് പറഞ്ഞു. നല്ല കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വി സി.അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചത്. ചിത്രത്തിൽ ഓട്ടൻതുള്ളൽ കലാകാരനായ പപ്പു ആശാൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.