മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍ നായകനായി നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറിന്റെ വരവിനായി കാത്തിരിക്കുകയാണ് ഏവരും. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം എന്ന നിലയില്‍ ചിത്രത്തിന് റിലീസിന് മുന്‍പ് തന്നെ ഏറെ ജനശ്രദ്ധയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഭൂരിഭാഗവും പൂര്‍ത്തിയായിരിക്കുന്ന സമയമാണ് താന്‍ ആദ്യം സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ച ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് തുറന്ന് പറയുന്നത്. ലൂസിഫറല്ല 'സിറ്റി ഓഫ് ഗോഡാണ്' താന്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ച ചിത്രമെന്ന് പൃഥ്വിരാജ് പറയുന്നു. തന്റെ ആദ്യ ചിത്രമായ ലൂസിഫറിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഏവരുടേയും ചര്‍ച്ച ലൂസിഫറിനെ പറ്റിയായിരുന്നു. തിരുവനന്തപുരം അടക്കം തിരക്കേറിയ ഭാഗങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. കൊച്ചിയില്‍ വെച്ച് നടന്ന പരിപാടിയിലാണ് ചിത്രത്തെ കുറിച്ച് നടന്മാരായ മോഹന്‍ലാലും , വിവേക് ഒബ്റോയിയും , സംവിധായകന്‍ പൃഥ്വിരാജും അടക്കമുള്ളവര്‍ വിശദീകരിച്ചത്.
പ്രതീക്ഷയോടെയാണ് പൃഥ്വിരാജ് തുടങ്ങിയത്.'2016 മുതല്‍ ഞാന്‍ ഈ സിനിമയുടെ തയ്യാറെടുപ്പിലായിരുന്നു. സിനിമയെക്കുറിച്ച് ഒരുപാട് പറയാന്‍ കഴിയില്ല. അത് സ്‌ക്രീനില്‍ നിന്നും കണ്ടറിയണം. പല തലങ്ങളില്‍ പ്രേക്ഷകരിലെത്തുന്ന സിനിമയായിരിക്കും ലൂസിഫര്‍.'ഞാന്‍ ആദ്യം സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ച സിനിമ സിറ്റി ഓഫ് ഗോഡ് ആണ്. അത് പിന്നീട് ലിജോ ജോസ് വളരെ മനോഹരമായി ചെയ്തു. ഞാന്‍ മനസ്സില്‍ കണ്ടതിനേക്കാള്‍ നന്നായി ലിജോ ചെയ്തു. ഡോ. ബിജുവിന്റെ വീട്ടിലേയ്ക്കുള്ള വഴി മറ്റൊരു ഭാഷയില്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. പിന്നീട് മറ്റൊരു സിനിമ കൂടി ആലോചിച്ചു. ഹിന്ദിയില്‍ ഇറങ്ങിയ ബജ്രംഗി ഭായിജാന്റെ കഥാതന്തുവിനോട് സാദൃശ്യം ഉണ്ടായിരുന്നതിനാല്‍ അതും ഉപേക്ഷിച്ചു.'ലൂസിഫര്‍ വളരെ യാദൃച്ഛികമായി സംഭവിച്ചതാണ്. ടിയാന്റെ സെറ്റില്‍ വച്ചാണ് ലൂസിഫര്‍ ജനിക്കുന്നത്. ലൂസിഫര്‍ എന്ന ടൈറ്റില്‍ ഈ കഥയ്ക്ക് വേണ്ടി ഇട്ടതല്ല. രാജേഷ് പിള്ളയെന്ന എന്റെ സുഹൃത്ത് മറ്റൊരു കഥയില്‍ ലാലേട്ടനെവച്ച് ചെയ്യാന്‍ ഇരുന്ന സിനിമയുടേതായിരുന്നു. അതും നല്ല കഥയാണ്. രണ്ടും രണ്ട് കഥയാണ്. ഇപ്പോള്‍ രണ്ട് കഥകളും അറിയാവുന്നതുകൊണ്ട്, ഈ ടൈറ്റില്‍ ഈ സിനിമയ്ക്കാണ് കൂടുതല്‍ അനുയോജ്യമെന്ന് എനിക്ക് തോന്നുന്നു.
'തിരുവനന്തപുരം, വാഗമണ്‍, വണ്ടിപ്പെരിയാര്‍, എറണാകുളം, ബംഗലൂരു, ദുബായ്, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളാണ് ലൊക്കേഷന്‍. സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നതുപോലെ സ്റ്റീഫന്‍ നെടുമ്പള്ളി എന്നാണ് ലാലേട്ടന്റെ കഥാപാത്രത്തിന്റെ പേര്. ലൂസിഫറിലെ ഒരു കഥാപാത്രത്തെയും പൂര്‍ണമായും കറുപ്പ് അല്ലെങ്കില്‍ വെളുപ്പ് എന്ന് പറയാനാകില്ല. എല്ലാ കഥാപാത്രങ്ങളും ആ രണ്ട് നിറങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്നവരാണെന്നാണ് എന്റെ വിശ്വാസം. അങ്ങനെയാണ് വിവേക് ഒബ്റോയ്യുടെ കഥാപാത്രവും.'കഥ ആലോചിച്ചപ്പോള്‍ത്തന്നെ മനസ്സിലുണ്ടായിരുന്ന ആളാണ് വിവേക് എന്നും ഫോണിലൂടെയാണ് അദ്ദേഹത്തോട് കഥ പറഞ്ഞതെന്നും പൃഥ്വിരാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.'ടിയാന്റെ സമയത്ത് ഹൈദരാബാദില്‍ വച്ച് ലൂസിഫറിന്റെ ആദ്യ ആലോചനകള്‍ നടക്കുമ്പോള്‍ത്തന്നെ വിവേക് ഞങ്ങളുടെ മനസിലുണ്ടായിരുന്നു. ഞാനും മുരളിയും അന്ന് സംസാരിച്ചത് ഓര്‍ക്കുന്നു. വിവേക് ഒബ്റോയ്യുടെ ലുക്ക് ഉള്ള ഒരാള്‍ എന്നാണ് ഞങ്ങള്‍ ആ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്. വിവേകിന് മലയാള സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യം ഉണ്ടാവുമോ എന്നൊന്നും അന്ന് അറിയില്ലായിരുന്നു.
'9 എന്ന സിനിമയുടെ ഷൂട്ടിങിനായി മണാലിയില്‍ ഉള്ളപ്പോഴാണ് വിവേകിനെ ഫോണില്‍ വിളിക്കുന്നത്. വളരെ താല്‍പര്യത്തോടെയാണ് അന്ന് പ്രതികരിച്ചത്. ഫോണിലൂടെയാണ് കഥ പറഞ്ഞത്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്നു ആ ഫോണ്‍കോളിന്. ഈ സിനിമയുടെ കഥ പറഞ്ഞ് ഫലിപ്പിക്കാന്‍ പ്രയാസമാണ്. അത് സിനിമ കാണുമ്പോള്‍ മനസിലാവും. പല ട്രാക്കുകളിലൂടെയൊക്കെ മുന്നോട്ടുപോകുന്ന കഥയാണ്. പക്ഷേ എനിക്ക് പറ്റുന്നത് പോലെ ഞാന്‍ കഥ പറഞ്ഞു. ഞാന്‍ പറഞ്ഞത് കൃത്യമായി അദ്ദേഹം മനസ്സിലാക്കിയതില്‍ സന്തോഷം തോന്നി. ആ ഫോണ്‍കോളില്‍ തന്നെ എന്നോട് അദ്ദേഹം പറഞ്ഞു, ഈ കഥാപാത്രവും സിനിമയും എന്തായാലും താന്‍ ചെയ്യുമെന്ന്. അവിടെനിന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അത് ഏറ്റെടുക്കുകയായിരുന്നു. പിന്നീട് വിവേകിനെ ഞാന്‍ കാണുന്നത് ലൂസിഫറിന്റെ സെറ്റിലാണ്. സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ മനസ്സില്‍ നമ്മള്‍ സിനിമ കാണുമല്ലോ, ദൈവം സഹായിച്ച് വളരെ നല്ലപോലെ തന്നെ സിനിമ മുന്നോട്ട് പോകുന്നുണ്ട്.
'വളരെ ഭാഗ്യം ചെയ്ത പുതുമുഖ സംവിധായകനാണ് ഞാന്‍. ഇത്രയും വലിയ താരനിരയ്ക്കൊപ്പം സംവിധാനം ചെയ്യാന്‍ സാധിക്കുക. അത് വലിയ കാര്യമാണ്. അതില്‍ പൂര്‍ണബോധവനാണ് ഞാന്‍. നടനായിരിക്കുമ്പോഴും ഞാന്‍ പറഞ്ഞിട്ടുണ്ട്, സിനിമ എന്നത് കൂട്ടുത്തരവാദിത്വമാണ്. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമാണ് സിനിമ നന്നാകുയുള്ളൂ. എന്റെ അസോഷ്യേറ്റ്സിനും ക്യാമറമാനും കലാസംവിധായകനും അവരുടെ സഹായികള്‍ക്കും എല്ലാം ഈ സിനിമയെക്കുറിച്ച് പൂര്‍ണമായും അറിയാം. എന്താണ് ഇനി ചിത്രീകരിക്കേണ്ടതെന്നും അവര്‍ മനസ്സിലാക്കിയിട്ടുണ്ട്.'ഈ അറിവ് എല്ലാവര്‍ക്കും ഉണ്ടായതിനാല്‍ പിന്നീട് െസറ്റില്‍ വന്ന് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ഇങ്ങനെയൊരു ടീം കിട്ടിയതിലും ഭാഗ്യം. ചേട്ടനായതുകൊണ്ടല്ല ഇന്ദ്രജിത്ത് ഇതില്‍ അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രത്തില്‍ മറ്റൊരു പകരക്കാനില്ല. ഈ തിരക്കഥ വായിക്കുമ്പോള്‍ തന്നെ ഇന്ദ്രജിത്ത് ആയിരുന്നു ആ കഥാപാത്രമായി മനസ്സില്‍ വന്നത്'. -പൃഥ്വിരാജ് പറഞ്ഞവസാനിപ്പിക്കുന്നു.'
സംഭാഷണങ്ങള്‍ പഠിച്ചെടുക്കേണ്ട വിഷമതയൊഴിച്ചാല്‍ നടന്‍ വിവേക് ഒബ്റോയ്ക്ക് മലയാളസിനിമയെക്കുറിച്ച് നല്ലതേ പറയാനുള്ളൂ. 'പതിനാറ് വര്‍ഷമായി 45ഓളം സിനിമകളുടെ ഭാഗമായി. കരിയറില്‍ ഏറ്റവും ആകര്‍ഷണീയമായി തോന്നിയ തിരക്കഥയാണ് ലൂസിഫറിന്റേത്. പൃഥ്വിരാജ് ഫോണില്‍ വിളിച്ചാണ് കഥ പറയുന്നത്. സിനിമയെ കുറിച്ച് മനസ്സിലാക്കിയപ്പോള്‍ എനിക്കും അതിന്റെ ഭാഗമാകണം എന്ന് ഞാന്‍ അങ്ങോട്ടാണ് പറഞ്ഞത്. അതിന് ചില കാരണങ്ങളുണ്ട്.'ഒന്ന് മലയാളം ആണെന്നതുതന്നെയാണ്. വളരെ മികച്ച അഭിനയമുഹൂര്‍ത്തങ്ങളുമുണ്ട്. കേരളത്തിന്റെ സംസ്‌കാരവും കലകളുമൊക്കെ ഭയങ്കര ഇഷ്ടമാണ് എനിക്ക്. ശബരിമലയില്‍ പത്ത് പതിനെട്ട് വര്‍ഷമായി വരുന്നതാണ്. മുമ്പും കുറേ പേര്‍ മലയാളത്തില്‍ അഭിനയിക്കുന്നില്ലേ എന്ന് ചോദിച്ചിട്ടുണ്ട്. ഷൂട്ടിങ് തുടങ്ങിയപ്പോള്‍ ഡയലോഗ് പഠിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടി. ദൈര്‍ഘ്യമേറിയ ഡയലോഗ് ആണ് എഴുതി തന്നത്. അംഗീകരിക്കാതിരിക്കുന്നത് എന്നൊക്കെ പറഞ്ഞു പഠിക്കാന്‍ ബുദ്ധിമുട്ടി. എത്ര അക്ഷരങ്ങളാണ് ഡയലോഗില്‍.. പൃഥ്വിരാജ് ആയിരുന്നു എന്റെ ട്രാന്‍സിലേറ്ററും. ഓരോ വാക്കിന്റെയും ഉച്ചാരണവും അതിന്റെ ഹിന്ദി അര്‍ഥവും പറഞ്ഞുപഠിപ്പിച്ചു. വെറുതെ ഡയലോഗ് പറയുന്നതുപോലെ അഭിനയിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു. അതുകൊണ്ട് ഡയലോഗ് മുഴുവനായി തന്നെ പറഞ്ഞു'.
'സ്വാഭാവികമായും ലൂസിഫറില്‍ അഭിനയിക്കാന്‍ മോഹന്‍ലാലും ഒരു പ്രചോദനമായിരുന്നു. അദ്ദേഹത്തിന്റെ കൂടെ രണ്ടാമതും അഭിനയിക്കാന്‍ അവസരം കിട്ടുന്നുവെന്നതും ലൂസിഫറില്‍ അഭിനയിക്കാനുള്ള കാരണമാണ്- വിവേക് ഒബ്റോയ് പറയുന്നു.'ടിയാന്‍ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ലൂസിഫറിനെപ്പറ്റി പറയുന്നത്. എന്റെ തിരക്കഥകള്‍ രാജുവിന് ഇഷ്ടമാണ്. സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹവും പണ്ട് പറഞ്ഞിട്ടുണ്ട്. ഇതിന്റെ പ്രമേയം ഇഷ്ടമായതോടെ അത് ഈ ചിത്രമാകുകയായിരുന്നു. മറ്റൊരു സിനിമകളിലും അഭിനയിക്കാന്‍ പോകാതെ അത്രയും സമയം എടുത്ത് എഴുതിയ തിരക്കഥയാണ് ലൂസിഫര്‍. എന്റെ ആത്മാവും ഈ സിനിമയ്ക്കൊപ്പമുണ്ട്.'-മുരളി ഗോപി പറഞ്ഞു.