മായാനദിക്ക് ശേഷം ആഷിഖ് അബുവിന്റെ സംവിധാനത്തിലെത്തുന്ന ചിത്രമാണ് വൈറസ്. കേരളത്തെ ബാധിച്ച നിപ്പ വൈറസ് ബാധയുടെ യഥാര്‍ത്ഥ കഥയുമായി ആഷിഖ് അബുവും ടീമും എത്തുമ്പോള്‍ പ്രേക്ഷകരും ആവേശത്തിലാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വകാര്യതയാണ് ലഭിച്ചത്. ആസ്ിഫ് അലി, ടൊവിനോ, കുഞ്ചാക്കോ ബോബന്‍, പാര്‍വതി ഉള്‍പ്പെടുന്ന വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
കോഴിക്കോട് മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍ ഒരുക്കിയത്. മലയാളികള്‍ നേരിട്ട ഭീതിജനകമായ അവസ്ഥയെ അതേപടി കാഴ്ച വയ്ക്കുന്ന ട്രെയിലറാണ് ആഷിഖ് അബു ചിത്രത്തില്‍ സമ്മാനിച്ചത്. ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ഒരു ആരാധകന്‍ ട്രെയിലറിനെ കുറിച്ച് എഴുതിയ കുറപ്പാണ് വൈറലായി മാറുന്നത്. ട്രെയിലറിന്റെ ഒരോ സീനിലും ഭീതിയുടെ നിഴലുകളുണ്ടെന്നും ദുരന്ത ചരിത്രത്തിന്റെ നേര്‍കാഴ്ചകള്‍ നമ്മളിലേക്ക് വീണ്ടും എത്തിക്കുകയാണെന്നും കുറിപ്പിലൂടെ സേതു രാജന്‍ എന്ന യുവാവ് പങ്കുവയ്ക്കുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ: -
വൈറസിന്റെ ട്രെയ്ലറില്‍ കാണിക്കുന്ന ഓരോ സീനിലും ഒരു ഭയത്തിന്റെ നിഴലുണ്ട്. അടുത്തത് ആരാണെന്നുള്ള ആ കാത്തിരിപ്പിന്റെ ഭയം. നമ്മുടെ നാട് നേരിട്ട, അതിജീവിച്ച ഒരു ദുരന്ത ചരിത്രത്തിന്റെ ഭയപ്പെടുത്തുന്ന നേര്‍ക്കാഴ്ചകള്‍ നമ്മളിലേക്ക് എത്തിക്കാന്‍ വൈറസ് എന്ന ചിത്രത്തിനാകുമെന്നു നിസ്സംശയം പറയാന്‍ സാധിക്കും.
പകര്‍ച്ചവ്യാധിയുടെ ഇരകള്‍ നേരിടുന്ന ഒറ്റപ്പെടല്‍ വാക്കുകള്‍ കൊണ്ടു നിര്‍വചിക്കാന്‍ സാധിക്കുന്നതല്ല. വസൂരി രോഗബാധിതരായവരെ അവര്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ഉള്‍പ്പെടെ കത്തിച്ചു നശിപ്പിച്ചിരുന്ന ഒരു 'disease management ' നമ്മുടെ നാട്ടിലുണ്ടായിരുന്നു. അവിടെ നിന്നുമാണ് വേണ്ടത്ര ചികിത്സ സാദ്ധ്യതകള്‍ പോലുമില്ലാത്ത ഒരു രോഗബാധയെ കേരളം ധീരതയോടെ, ചങ്കൂറ്റത്തോടെ നേരിട്ട് തോല്പിച്ചത്.
ട്രെയിലറിലെ ഓരോ രംഗങ്ങളിലും ആ രോഗം സമ്മാനിക്കുന്ന ഭയത്തിന്റെ പ്രതീതി കാണാന്‍ സാധിക്കും. ട്രൈലറിന്റെ തുടക്കത്തില്‍ ബോധരഹിതയായി വീഴുന്ന ഹോസ്പിറ്റല്‍ വര്‍ക്കറില്‍ തുടങ്ങി കേസ് ഷീറ്റില്‍ എഴുതുന്ന ഹിസ്റ്ററി, തുടങ്ങിയവയില്‍ വരെ നിപ വൈറസിന്റെ എല്ലാ ലക്ഷണങ്ങളും ഡീറ്റൈല്‍ ആയിട്ട് പരാമര്‍ശിക്കുന്നുണ്ട്. രോഗബാധിതരായി മരണപ്പെട്ടവരുടെ ശവശരീരം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കാന്‍ കഴിയാത്ത സാഹചര്യം, അങ്ങനെ വിട്ടു കൊടുത്താല്‍ രോഗം പടരാന്‍ ഉള്ള സാധ്യത കണക്കിലെടുത്തു fumigate ചെയ്യുമ്പോള്‍ നേരിടേണ്ടി വരുന്ന ചോദ്യങ്ങള്‍ തുടങ്ങിയവ അനേകമാണ്.
' റസാഖിന്റെ മയ്യത്തുകൂടി ഒന്ന് കാണാന്‍ പറ്റിയില്ല, അതിന്റെ ഇടയില്‍കൂടി അത് കത്തിക്കുക എന്ന് കൂടി പറഞ്ഞാല്‍ അത് താങ്ങാന്‍ ഉള്ള കട്ടികൂടി ഞങ്ങള്‍ക്കില്ല 'മുസ്ലിം ആയൊരു വ്യക്തിയുടെ മൃതദേഹം fumigate ചെയ്യേണ്ടി വരുന്ന സാഹചര്യത്തില്‍ വരുന്ന ഇങ്ങനെയുള്ള മറുപടികള്‍ നിസ്സഹായത മാത്രമായിരിക്കും സമ്മാനിക്കുക.
പകര്‍ച്ചവ്യാധിയുടെ ഭീഷണിയില്‍ ഹോസ്പിറ്റലില്‍ വര്‍ക്ക് ചെയ്യേണ്ടി വരുന്ന ഡോക്ടര്‍സ്, നഴ്‌സുമാര്‍, ഹോസ്പിറ്റല്‍ സ്റ്റാഫ് തുടങ്ങി ലഃുീലെ ചെയ്യപ്പെടുന്ന ഓരോരുത്തരും ഭയപ്പെടുത്തുന്ന ഗതികേടില്‍ ആയിരിക്കും ജോലി ചെയ്യുന്നുണ്ടാകുക. 'കൂലിക്ക് വേണ്ടി മാത്രമല്ല സാറെ ഇവിടെ പണിക്കു വരുന്നത്, ഞങ്ങളെ പോലെ ഉള്ളവരെ ചികില്‍സിക്കുന്ന സ്ഥലമാ, ഞാന്‍ എന്ത് ചെയ്യാനും തയ്യാറാ, സാറ് പറഞ്ഞാല്‍ മതി. ' ജോജുവിന്റെ കഥാപാത്രം പറയുന്ന ഈ ഡയലോഗും ' ആള്‍ക്കാര്‍ക്ക് അസുഖം വന്നാല്‍ നോക്കണ്ടിരിക്കാന്‍ പറ്റുമോ ' എന്ന് റിമയുടെ കഥാപാത്രം ചോദിക്കുന്ന ആ ഡയലോഗിലും പ്രൊഫഷണല്‍ എത്തിക്‌സ് സമ്മാനിക്കുന്ന ആ ഗതികേടിന്റെ സ്വരമുണ്ട്.
രോഗാവസ്ഥ മനുഷ്യ ജീവിതത്തില്‍ സാധാരണമാണ്. പക്ഷെ അതൊരു പകര്‍ച്ചവ്യാധിയിലേക്കു എത്തുമ്പോള്‍ രോഗിയുടെയും അവന്റെ കുടുംബത്തിന്റെയും അവസ്ഥ ധാരുണമാണ്. കേവലമൊരു ചിക്കന്‍ പോക്‌സ് പോലും ഒറ്റപ്പെടലിന്റെ അവസ്ഥ സമ്മാനിക്കുന്ന സാഹചര്യത്തില്‍ നിപ്പ പോലൊരു രോഗബാധിതനോട് സമൂഹത്തിനുണ്ടാകുന്ന പേടി ഊഹിക്കാവുന്നതാണ്.
' എന്റെ മകനാണല്ലേ എല്ലാവര്‍ക്കും കൊടുത്തത് എന്ന ആ ഉമ്മയുടെ ചോദ്യവും ട്രൈലറിന്റെ ഒടുവില്‍ ആശുപത്രിയില്‍ പോകാന്‍ ഒരു വാഹനം പോലും കിട്ടാനില്ലാതെ സൗബിന്റെ കഥാപാത്രം അനുഭവിക്കുന്ന നിസ്സഹായാവസ്ഥയും ആ ഒറ്റപ്പെടലിനെ അതി തീവ്രമായി വരച്ചു വയ്ക്കുന്നുണ്ട്.
ചരിത്രങ്ങള്‍ ചലച്ചിത്രമാകുന്നത് സ്വാഭാവികമാണ്. കേരളത്തിന്റെ ആരോഗ്യരംഗം നേരിട്ട വലിയൊരു അതിജീവനത്തിന്റെ ചരിത്രം വൈറസിലൂടെ ചലച്ചിത്രമാകുമ്പോള്‍ അത് നാളത്തെ തലമുറയ്ക്ക് ഓര്‍ത്തിരിക്കാന്‍, സൂക്ഷിച്ചു വയ്ക്കാന്‍, ആവര്‍ത്തിച്ചു കാണാന്‍, അഭിമാനത്തോടെ ഇത് ഞങ്ങളുടെ നാടിന്റെ കഥയാണെന്ന് വിളിച്ചു പറയാന്‍ പറ്റുന്ന ഒന്നാകട്ടെ എന്നാശംസിക്കുന്നു.