വിജയ് സേതുപതി ആദ്യമായി മലയാളത്തിലഭിനയിക്കുന്ന ‘മാര്‍ക്കോണി മത്തായി’യിലെ ‘എന്നാ പറയാനാ എന്ന് തുടങ്ങുന്ന പാട്ടിന്റെ റീമിക്‌സ് വെര്‍ഷന്‍ റിലീസ് ചെയ്തു. മുണ്ടും ജുബ്ബയും ധരിച്ച് മലയാള താരങ്ങള്‍ക്കൊപ്പം വിജയ് സേതുപതി നൃത്തം വെയ്ക്കുന്ന പാട്ടാണ് റിലീസ് ചെയ്തത്.
ജയറാം നായകനാകുന്ന ചിത്രത്തില്‍ ജോസഫിലൂടെ ശ്രദ്ധേയയായ ആത്മീയയാണ് നായിക. ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാവരും ഗാനരംഗത്തില്‍ സേതുപതിയ്‌ക്കൊപ്പം ഡാന്‍സ് ചെയ്യുന്നുണ്ട്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. അജ്യ് ഗോപാല്‍, ഭാനു പ്രകാശ്, സംഗീത സജിത്ത് നിഖില്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള റോളിലാണ് സേതുപതി. മത്തായി എന്ന സെക്യുരിറ്റി ജീവനക്കാരന്റെ റോളിലാണ് ജയറാം. സ്വന്തം പേരില്‍ തന്നെയാണ് സേതുപതിയുടെ കഥാപാത്രമെത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ചിത്രം റിലീസ് ചെയ്തത്.