തിരുവനന്തപുരം : മലയാള സാഹിത്യത്തിനും, മലയാള ഗാനശാഖയ്ക്കും മികച്ച സംഭാവനകള്‍ നല്‍കിയ പൂവച്ചല്‍ ഖാദറിന്റെ മൂന്നാമത് ഓര്‍മ്മദിനത്തോടനുബന്ധിച്ച്, പൂവച്ചല്‍ ഖാദര്‍ കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയ ഫിലിം ടെലിവിഷന്‍ മീഡിയ അവാര്‍ഡുകള്‍ വിതരണം ചെയ്തു. 21/06/2024 വെള്ളിയാഴ്ച വൈകുന്നേരം 5.30ന് തിരുവനന്തപുരം വൈലോപ്പിളളി സംസ്‌കൃതി ഭവനില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
മികച്ച നടനായി സൈജു കുറുപ്പും, അനാര്‍ക്കലി മരക്കാര്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് വിഖ്യാത ചലച്ചിത്രകാരന്‍ ശ്രീ. അടൂര്‍ ഗോപാലകൃഷ്ണനെ ആദരിച്ചു. അസീസ് നെടുമങ്ങാട് (മികച്ച കാരക്റ്റര്‍ റോള്‍), സ്മിനു സിജു (മികച്ച സ്വഭാവനടി) എന്നിവരും അവാര്‍ഡിനര്‍ഹരായി.
മികച്ച പുതുമുഖ സ്വഭാവ നടനുള്ള അവാര്‍ഡ് 'കുടുംബസ്ത്രീയും കുഞ്ഞാടും' എന്ന ചിത്രത്തിലെ അഭിനയ മികവിന് . ബെന്നി പീറ്റേഴ്‌സിനു ലഭിച്ചു. മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ഷിജു യുസിയ്ക്ക് 'വയസ്സെത്രയായി' എന്ന സിനിമയിലെ അഭിനയത്തിന് ലഭിച്ചു. മികച്ച ഗാനരചനയ്ക്കുള്ള പുരസ്‌കാരം കെ ജയകുമാറിനും, മികച്ച ഗായികയായി മാതംഗി അജിത്കുമാറിനെയും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച സംഗീതസംവിധായകനായി പ്രശാന്ത് മോഹന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഡോ. ജെസ്സി കുത്തനൂര്‍ സംവിധാനം ചെയ്ത 'നീതി' എന്ന സിനിമ ആറ് അവാര്‍ഡുകള്‍ കരസ്ഥമാക്കി. മികച്ച സാമൂഹിക പ്രസക്തിയുള്ള ഗാനരചയിതാവിനുള്ള അവാര്‍ഡ് 'കല്ലാമൂല' എന്ന ചിത്രത്തിന് വേണ്ടി ശ്യാം മംഗലത്തിന് ലഭിച്ചു.
മികച്ച സിനിമ പി ആര്‍ ഒ യ്ക്കുള്ള അവാര്‍ഡ് എം കെ ഷെജിന്‍ ഏറ്റുവാങ്ങി.ചലച്ചിത്ര - മാധ്യമ രംഗത്തെ വിവിധ മേഖലകളിലെ പ്രവര്‍ത്തന മികവിനെ പരിഗണിച്ച് അസിം കോട്ടൂരിനും അവാര്‍ഡ് ലഭിച്ചു. മികച്ച നോവലിസ്റ്റിനുള്ള സാഹിത്യരത്‌നാ പുരസ്‌കാരം സേതുനാഥ് പ്രഭാകറിനു ലഭിച്ചു. മികച്ച പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവായി റിയാസ് വയനാടിനെ തെരഞ്ഞെടുത്തു. പ്രത്യേക ജൂറി പുരസ്‌കാരം രാജശേഖരന്‍ നായര്‍ക്ക് മായമ്മ എന്ന ചലച്ചിത്രത്തിന് വേണ്ടി ലഭിച്ചു.
മറ്റ് സിനിമാ അവാര്‍ഡുകള്‍.
മികച്ച സിനിമ : മലൈക്കോട്ടൈ വാലിബാന്‍
മികച്ച സംവിധായകന്‍ : വിപിന്‍ദാസ്
മികച്ച ഫിലിം എഡിറ്റര്‍ : ജോണ്‍ കുട്ടി
മികച്ച രണ്ടാമത്തെ സിനിമ : വനിത
യൂത്ത് ഐക്കണ്‍ : ചന്തുനാഥ്
മികച്ച പ്രതിനായകന്‍ : മിഥുന്‍ വേണുഗോപാല്‍
മികച്ച ഗായകന്‍ : മധു ബാലകൃഷ്ണന്‍
സംഘാടക സമിതിചെയര്‍മാന്‍ അഡ്വ.ഐ .ബി സതീഷ് എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എം.വിന്‍സെന്റ്, അഡ്വ.ജി.സ്റ്റീഫന്‍, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അഡ്വ.കെ.പി. ജയചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാര്‍, മുന്‍ മന്ത്രി പന്തളം സുധാകരന്‍,പൂവച്ചല്‍ഖാദര്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് പൂവച്ചല്‍ സുധീര്‍, മുഹമ്മദ് ആസിഫ് എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്ത പ്രചരണം എം കെ ഷെജിന്‍