രണ്ട് ദിവസം മുമ്പായിരുന്നു മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന്റെ 64ാം പിറന്നാള്‍. സിനിമാ-രാഷട്രീയ രംഗത്തെ പ്രമുഖര്‍ക്കൊപ്പം ലോകമെമ്പാടുമുള്ള ആരാധകരും അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു. പിറന്നാളിനോട് അനുബന്ധിച്ച് പലരും പങ്ക് വച്ച കുറിപ്പുകളും ശ്രദ്ധേയമായിരുന്നു. ഇപ്പോളിതാ പപത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍ കുറിച്ചതും ശ്രദ്ധേയമാവുകയാണ്.
മോഹന്‍ലാലുമായും അദ്ദേഹത്തിന്റെ അമ്മ ശാന്തകുമാരിയുമായും തനിക്കും കുടുംബത്തിനുമുള്ള ആത്മബന്ധത്തെ കുറിച്ച് കുറിപ്പില്‍ അനന്തപത്മനാഭന്‍ എഴുതി. കഴിഞ്ഞ ആഴ്ച്ചയും അമ്മ കൊച്ചിയില്‍ വന്നപ്പോള്‍ എളമക്കര ശ്രീ ഗണേശില്‍ പോയിരുന്നു. ശാന്ത ആന്റിയെ കണ്ടിരുന്നു.
അമ്മ ഇവിടെ വരുമ്പോഴൊക്കെ പോവും. ആറ് വര്‍ഷം മുമ്പ് എണ്‍പതാം പിറന്നാളിന് ക്ഷണിക്കപ്പെട്ട മൂന്ന് സതീര്‍ത്ഥ്യകളില്‍ ഒന്ന് അമ്മയായിരുന്നു. അഞ്ച് മാസം മുമ്പ് കണ്ടതിനെക്കാള്‍ ഉല്ലാസവതിയായിരിക്കുന്നു ശാന്ത ആന്റി. രഘുപതി രാഘവ രാജാറാം പാടി. കുറെ ചിരിച്ചു. ഇടയ്ക്ക് ഇറങ്ങാം അമ്മേ എന്ന് പറഞ്ഞപ്പോള്‍ അനങ്ങിപ്പോവരുതെന്ന് കാണിച്ച് തമാശക്ക് എന്നെ തല്ലാന്‍ കൈ ഉയര്‍ത്തി.
എത്ര തമാശകള്‍ പറഞ്ഞിരുന്ന ആളാണ്... മകന്റെ അരുമയുള്ള കുസൃതിയുടെ ഉറവിടം ഇതാ എന്ന് പിന്നെയും മനസില്‍ പറഞ്ഞു. കുറേ പലഹാരങ്ങള്‍ കഴിപ്പിച്ചു. കൈ പിടിച്ച് ഉമ്മവെച്ചു. പടി വരെ വന്ന് യാത്രയാക്കി. ചിത്രങ്ങള്‍ പുറത്ത് കൊടുക്കുന്നത് ഇഷ്ടമല്ലാത്തത് കൊണ്ട് അത് ചെയ്യുന്നില്ല. ഇറങ്ങുമ്പോള്‍ ഓര്‍ത്തു... എത്ര സൗഭാഗ്യവതിയായ അമ്മ. ആ സുകൃതിയായ മകന്... പ്രിയപ്പെട്ട ലാലേട്ടന് ഇനിയും ഒത്തിരി പിറന്നാളുകള്‍ നേരുന്നു എന്നായിരുന്നു അനന്തപത്മനാഭന്റെ കുറിപ്പ്.