മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഇടവേള ബാബു. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം ഇപ്പോൾ മോഹന്‍ലാല്‍ എന്ന ഇതിഹാസത്തെപ്പറ്റി തുറന്ന് പറയുകയാണ്. ലാലേട്ടനെ പോലെ വലിയ ഒരു ഇതിഹാസം നമ്മുടെ കൂടെയുള്ളത് ഏറെ അഭിമാനമാണ് എന്നാണ് ഇടവേള ബാബു തുറന്ന് പറഞ്ഞത്.
ലാലേട്ടനെ പോലെ വലിയ ഒരു ഇതിഹാസം നമ്മുടെ കൂടെയുള്ളത് ഏറെ അഭിമാനമാണ്. അദ്ദേഹത്തോടൊപ്പം നിരവധി സിനിമകളില്‍ അഭിനയിക്കാനും സ്റ്റേജ് ഷോകള്‍ നടത്തുവാനും ലാലേട്ടനും മുകേഷേട്ടനും ചേര്‍ന്ന് നടത്തിയ ഛായാമുഖി എന്ന നാടകത്തിന്റെ ചുമതല വഹിക്കാനും സി സി എല്‍ നുള്ള കേരള സ്ട്രൈക്കേഴ്സ് ടീം ചുമതലക്കാരനാകാനും എനിക്ക് സാധിച്ചിട്ടുണ്ട്.
മോഹന്‍ലാല്‍ എന്ന മഹാനടന്റെ വില അറിയണമെങ്കില്‍ നമ്മള് കേരളം വിട്ട് പുറത്തേക്ക് പോകണം. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നടന്ന സമയത്ത് മറ്റു സംസ്ഥാനങ്ങളിലെ താരങ്ങള്‍ ലാലേട്ടന്റെ കാല് തൊട്ടു വന്ദിച്ചാണ് കളിക്കാനിറങ്ങിയത്. അതുകണ്ടപ്പോഴാണ് അദ്ദേഹത്തിന് നമ്മള് നല്കുന്ന ബഹുമാനം തീരെ ചെറുതാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . ഒരാളില്‍ നിന്നും ബഹുമാനം ചോദിച്ചു വാങ്ങാന്‍ അദ്ദേഹം ഇതു വരെ തയ്യാറായിട്ടില്ല. നമുക്ക് അദ്ദേഹത്തെ ഏളുപ്പം മനസിലാക്കാന്‍ സാധിക്കും. നമ്മളെ എവിടെവെച്ച് കണ്ടാലും ഷേക്ക് ഹാന്‍ഡ് തരും, കെട്ടിപ്പിടിക്കും , സെല്‍ഫിയെടുക്കാം എല്ലാം ചെയ്യാം. ഇതൊക്കെ കാണുമ്ബോള്‍ നമുക്ക് തോന്നും അദ്ദേഹത്തോട് അടുക്കാന്‍ എളുപ്പമാണെന്ന്. എന്നാല്‍ സംഗതി നേരെ തിരിച്ചാണ്. അദ്ദേഹത്തിന്റെ മനസിലേക്ക് നമുക്ക് കയറിപ്പറ്റണമെങ്കില്‍ കുറെ സമയമെടുക്കും. ഒരാളെക്കുറിച്ച് എല്ലാം വ്യക്തമായി പഠിച്ച ശേഷമേ എന്തു കാര്യവും ലാലേട്ടന് തുറന്നു പറയൂ. നമ്മോടു അടുക്കുകയും ഉള്ളൂ .
ഒരു മനുഷ്യനെന്ന നിലയ്ക്കും അഭിനേതാവെന്ന നിലയ്ക്കും ചിന്തിക്കാവുന്നതിലും അപ്പുറമാണ് ലാല്‍. അദ്ദേഹത്തില്‍ നിന്നും പലതും നമുക്ക് പഠിക്കേണ്ടതുണ്ട്.
മറ്റൊരാളുടെ വേദന അദ്ദേഹത്തിന്റെതുകൂടിയാണ്. എന്നെ ഇതുവരെ ബാബു എന്നു വിളിച്ചിട്ടില്ല. " മോനെ '' എന്നേ വിളിക്കാറുള്ളു. അത്രയ്ക്കും നല്ല ബന്ധമാണ് ഞങ്ങള്‍ തമ്മില്‍. കൂടുതല്‍ അടുക്കുന്നത് എന്റെ 2 മത്തെ ചിത്രമായ നേരം പുലരുമ്ബോള്‍ മുതല്‍ ആണ് ... ഒരു പാട് ഓര്‍ത്തിരിക്കുന്ന നല്ല മുഹൂര്‍ത്തങ്ങള്‍ എന്റെ മനസ്സിലുണ്ട് .
ലാലേട്ടന്റെ സംഘടനാപാടവം ഇപ്പോള്‍ അഭിനേതാക്കളുടെ സംഘടന - "അമ്മ" അനുഭവിച്ചറിയുന്ന ഒന്നാണ്. എന്തു കാര്യങ്ങള്‍ക്കും കൃത്യമായ ഫോളോ അപ്പ് ലാലേട്ടനുണ്ട്. ചില കഥാപാത്രങ്ങള്പ്പോലെ അദ്ദേഹത്തിന്റെ പെരുമാറ്റവും . സംഘടനാ തലത്തില്‍ എന്തു പ്രശ്നം വന്നാലും മുണ്ടും മടക്കി കുത്തി മീശയും പിരിച്ച് രണ്ടും കല്‍പ്പിച്ചിറങ്ങും. വരുന്നിടത്തു വച്ചു കാണാം " വാ മോനേ " എന്നാണ് ലാലേട്ടന് പറയാറുള്ളത്.
ഞാന്‍ സംഘടനയുമായി ബന്ധപ്പെട്ട് എന്തു തീരുമാനവും പറയുന്നതിനു പിന്നില്‍ ലാലേട്ടന് എന്ന പിന്‍ബലമുള്ളതുകൊണ്ടാണ്. അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകതയാണ് സമയനിഷ്ഠ. എന്തുപരിപാടിവച്ചാലും നിശ്ചിതസമയത്തിനും അഞ്ച് മിനിറ്റ് മുമ്ബേ ലാലേട്ടന് എത്തിയിരിക്കും. അഥവാ വൈകിയാല്‍ കൃത്യമായും കാരണസഹിതം വിളിച്ചു പറയും.
"അമ്മ"ക്കു ഇരുപത്തിയഞ്ച് വര്‍ഷമായപ്പോഴാണ് സ്വന്തം കെട്ടിടം ഉണ്ടായത്. തട്ടിക്കൂട്ടി ഒരു ഓഫീസ് എന്ന നിലയ്ക്കല്ല ലാലേട്ടന് അതിനെ കണ്ടത്. നമ്മുടെ ഭരണ സമിതി ഇറങ്ങിപ്പോയാലും അടുത്തു വരുന്നവര്‍ക്ക് കൂടി ഉപകാരപ്പെടുന്ന തരത്തിലുള്ള ഒന്നാകണം ആ ഓഫീസെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ഉത്ഘാടനം കാത്തിരിക്കുന്ന " അമ്മ" യുടെ ഇന്നത്തെ എറണാകുളം ഓഫീസ് കെട്ടിടം നമുക്ക് സ്വന്തമായത്.