Latest News

'ചേട്ടനും മക്കൾക്കുമൊപ്പം ഞാനും ഒരു ഫോട്ടോ മാത്രമായി അവശേഷിക്കുമായിരുന്നു’; തുറന്ന് പറഞ്ഞ് റാണി ജോൺസൺ

Malayalilife
'ചേട്ടനും മക്കൾക്കുമൊപ്പം ഞാനും ഒരു ഫോട്ടോ മാത്രമായി അവശേഷിക്കുമായിരുന്നു’; തുറന്ന് പറഞ്ഞ്  റാണി ജോൺസൺ

പ്രാണൻ പകുത്തു നൽകിയ രണ്ടു മക്കളെയും  പാതിയെയും ദൈവം തിരികെ വിളിച്ചപ്പോൾ മുറിവേറ്റ മനസ്സുമായി ഒരു സ്ത്രീജന്മമായിരുന്നു സംഗീതസംവിധായകൻ ജോൺസൺ മാസ്റ്ററിന്റെ ഭാര്യ റാണി ജോൺസൺ.  2011 ഓഗസ്റ്റ് 18നായിരുന്നു കേരളക്കരയെ ആകെ നൊമ്പരത്തിലാഴ്ത്തിയ  ജോൺസൺ മാസ്റ്ററിന്റെ വേർപാട്. പിറ്റേ വർഷം ഫെബ്രുവരി 25–ന് ഓഫീസിലേക്കു പുറപ്പെട്ട മകൻ റെന്നിനെ ബൈക്ക് അപകടത്തിന്റെ രൂപത്തിൽ വിധി വീണ്ടും തട്ടിയെടുത്തു. എന്നാൽ മാനസികമായി ഏറെ തളർന്ന  റാണിക്ക് കൂട്ടായി ഉണ്ടായിരുന്ന മകളും സംഗീതസംവിധായികയുമായ ഷാൻ 2016 ഫെബ്രുവരി 5ന് ഉറക്കത്തിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അമ്മയെ വിട്ട് പോകുകയും ചെയ്‌തു.  പ്രാർഥനയും വിശ്വാസവും മുറുകെ പിടിച്ച് കൊണ്ട് ഇന്നും ജീവിക്കുന്ന റാണി മനോരമ ഓൺലൈനിനോട് തുറന്ന് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

ജോലിത്തിരക്കുകൾ ഇല്ലാത്ത സമയത്തൊക്കെ ചേട്ടൻ വീട്ടിൽ തന്നെയുണ്ടാകുമായിരുന്നു. ആ സമയങ്ങളൊക്കെ ഞങ്ങൾ നാലുപേരും ഒരുമിച്ചാണ് ചിലവഴിക്കുക. എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവയ്ക്കും. വീട്ടിലെ കാര്യങ്ങളൊക്കെ ഒരുമിച്ചു ചെയ്യും. അങ്ങനെയായിരുന്നു ആ ദിനങ്ങൾ. ഞങ്ങൾ എല്ലാവരും തമ്മിൽ വളരെ സൗഹൃദമായിരുന്നു. മോളു ഡാഡിയും ഏറെ നേരം ഒരുമിച്ചിരുന്ന് പല കാര്യങ്ങളും ചര്‍ച്ച ചെയ്യുമായിരുന്നു. മോൻ അധികം സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു. എങ്കിലും ഡാഡി എവിടെ പോയാലും ഒപ്പം അവനും പോകുമായിരുന്നു. ഡാഡിക്കൊപ്പമുള്ള ഓരോ യാത്രയും അവന് ഒരുപാട് ഇഷ്ടമായിരുന്നു. ചേട്ടൻ ബാങ്കിലേക്ക് പോകാൻ ഇറങ്ങിയാലും അവനും കൂടെ പോകാൻ തയ്യാറെടുക്കും. അപ്പോൾ ചേട്ടൻ പറയും എടാ ഞാൻ ബാങ്കിലേക്കാണ് പോകുന്നതെന്ന്. എന്നാലും ഞാനും വരാം ഡാഡി എന്നു പറഞ്ഞ് അവനും പോകും. പിന്നെ അവൻ ഒറ്റയ്ക്ക് എവിടെയും പോയിരുന്നില്ല. കൂടുതലും എന്റെ കൂടെയോ ചേട്ടന്റെ കൂടെയോ ആയിരിക്കും. അതെല്ലാം സന്തോഷം നിറഞ്ഞ കാലമായിരുന്നു.

ചേട്ടൻ സംഗീതം നൽകിയതിൽ എനിക്കിഷ്ടപ്പെട്ട ഒരുപാട് പാട്ടുകളുണ്ട്. അതിൽ ‘എന്റെ മൺവീണയിൽ’ എന്ന ഗാനം എനിക്കേറെ പ്രിയപ്പെട്ടതാണ്. ആ പാട്ട് ചേട്ടനും ഒരുപാട് ഇഷ്ടമായിരുന്നു. അക്കാര്യം എന്നോട് ഇടയ്ക്കിടെ പറയുകയും ചെയ്തിരുന്നു. ഓരോ പാട്ടിന്റെയും റെക്കോർഡിങ് കഴിഞ്ഞു വന്നാൽ വണ്ടിയിൽ തന്നെയിരുന്ന് ചേട്ടൻ റെക്കോർഡിങ് പൂർത്തിയാക്കിയ ആ പാട്ട് പല തവണ കേൾക്കുമായിരുന്നു. പിറ്റേ ദിവസം നേരം വെളുക്കുന്നതു വരെ ചേട്ടൻ അത് ആവർത്തിച്ചു കേട്ടുകൊണ്ടിരിക്കും. അതിനു ശേഷം പക്ഷേ, അദ്ദേഹം അങ്ങനെയിരുന്ന് കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. ചേട്ടന്‍ സ്വന്തം സംഗീതജീവിതത്തിൽ വളരെ സംതൃപ്തനായിരുന്നു. അപ്രതീക്ഷിതമായി ആദ്യ ദേശീയ പുരസ്കാരം ലഭിച്ചപ്പോഴൊക്കെ അദ്ദേഹം വലിയ സന്തോഷത്തിലായിരുന്നു. ആ നിമിഷങ്ങളൊന്നും മറക്കാൻ സാധിക്കില്ല. അന്നൊക്കെ വിവിധയിടങ്ങളില്‍ നിന്നുമായി പലരും വിളിക്കുകയും പ്രശംസയറിയിക്കുകയും ചെയ്തിരുന്നു. രണ്ടാം തവണ ദേശീയ പുരസ്കാരം തേടിയെത്തിയപ്പോഴും ചേട്ടൻ ഒരുപാട് സന്തോഷിച്ചു.

മക്കൾക്കു രണ്ടു പേർക്കും സംഗീതം വളരെ ഇഷ്ടമായിരുന്നു. എങ്കിലും മോൾക്കായിരുന്നു കുറച്ചധികം താത്പര്യം. മോന് ബൈക്ക് റേസിങ് ആയിരുന്നു പ്രിയം.  എങ്കിലും ഓഫീസിൽ വച്ച് അവൻ പാട്ടുകൾ പാടുമായിരുന്നു എന്ന് അവന്റെ സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട്. സ്കൂള്‍ കാലഘട്ടത്തിൽ സംഗീതപരിപാടികളിലൊക്കെ മോൻ പങ്കെടുക്കുമായിരുന്നു. മോൾക്ക് സംഗീതത്തോടുള്ള താത്പര്യം കണ്ടപ്പോൾ ചേട്ടൻ അവളോടു പറഞ്ഞു നല്ല കഴിവുണ്ടെങ്കിൽ മാത്രമേ സംഗീതമേഖലയിലേക്ക് കടന്നു വരാവൂ എന്ന്. അല്ലെങ്കിൽ പഠനം തുടരണം എന്നായിരുന്നു ചേട്ടൻ മോൾക്കു നൽകിയ സ്നേഹോപദേശം. പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചതിനു ശേഷമാണ് മോൾ സംഗീതത്തിലേയ്ക്കു കടന്നു വന്നത്. അവൾ ചിട്ടപ്പെടുത്തിയ ‘ഇളം വെയിൽ കൊണ്ടു നാം’ എന്ന പാട്ട് അടുത്ത കാലത്ത് റിലീസ് ചെയ്തിരുന്നു. ഒരു ദിവസം ഓഫിസിൽ നിന്ന് വീട്ടിലെത്തിയ ശേഷം അർധരാത്രിയിലാണ് അവൾ എന്നെ വിളിച്ച് ആ പാട്ട് ചിട്ടപ്പെടുത്തിയതിനെക്കുറിച്ച് പറഞ്ഞത്. എന്നിട്ട് പല തവണ അവൾ അത് പാടിക്കേൾപ്പിച്ചു. എനിക്കത് ഒരുപാട് ഇഷ്ടമാവുകയും ചെയ്തു. അതിന്റെ റെക്കോർഡിങ്ങിനു തയ്യാറെടുക്കുന്നതിനിടയിലാണ് അവളും യാത്രയായത്.

ചേട്ടനു പിന്നാലെ മക്കളും യാത്രയായപ്പോൾ എനിക്കത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ആ ദുരന്തങ്ങളിൽ നിന്നൊക്കെ കരകയറാൻ എന്നെ പ്രാപ്തയാക്കിയത് എന്റെ ദൈവവിശ്വാസവും പ്രാർഥനാ ജീവിതവും തന്നെയാണ്. പ്രാർഥനയിലൂടെ ലഭിച്ച ശക്തി കൊണ്ടാണ് ഞാൻ ഇപ്പോഴും ജീവിക്കുന്നത്. അല്ലായിരുന്നെങ്കിൽ എന്റെ ജീവിതം എന്താകുമായിരുന്നു എന്നതിനെക്കുറിച്ച് അറിയില്ല. ഒരുപക്ഷേ അവർക്കൊപ്പം ഞാനും ഒരു ഫോട്ടോ മാത്രമായി അവശേഷിക്കുമായിരുന്നു. അതല്ലെങ്കിൽ എന്റെ ജീവിതം മാനസികാശുപത്രിയുടെ ചുവരുകൾക്കുള്ളിൽ അവസാനിക്കുമായിരുന്നു. അത്ര വലിയ ആഘാതമായിരുന്നു ചേട്ടന്റെയും മക്കളുടെയും വിയോഗം എന്നിൽ ഏൽപ്പിച്ചത്. എന്റെ ഓർമയിൽ എപ്പോഴും അവർ മാത്രമാണുള്ളത്. അവരുടെ ഓർമയ്ക്കായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ചേട്ടന്റെയും മക്കളുടെയും ഓർമ ദിനങ്ങളിൽ മറ്റുള്ളവർക്കായി ചെറിയ സഹായങ്ങൾ എത്തിച്ചു കൊടുക്കാറുണ്ട്. കൂടുതലായി എന്തെങ്കിലും ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.

ചേട്ടനും മക്കളും പോയതോടെ ഞാൻ പൊതുപരിപാടികളിലും ആഘോഷങ്ങളിൽ നിന്നുമൊക്കെ പരമാവധി മാറി നിൽക്കുകയാണ്. ഇപ്പോൾ കൂടുതൽ സമയവും പ്രാർഥനയിലാണ് ചിലവഴിക്കുന്നത്. ഞാനും എന്റെ അമ്മയും ഒരുമിച്ചാണ് താമസം. ഇവിടെ നിന്നും കുറച്ചകലെയാണ് മറ്റു ബന്ധുക്കളുടെ വീടുകൾ. എങ്കിലും എല്ലാവരും വിളിക്കുകയും ഞങ്ങളുടെ കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യാറുണ്ട്. തൃശ്ശൂരിൽ നിന്നും ചേട്ടന്റെ സഹോദരങ്ങൾ ഇടയ്ക്കിടയ്ക്ക് വീട്ടിൽ വരാറുണ്ട്.
 

Johnson master wife rani words about her life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക