മലയാളികൾക്ക് ഏറെ സുപരിചിതയായ ഡബ്ബിങ് ആർട്ടിസ്റ്റ് ആണ് ഭാഗ്യലക്ഷ്മി. നാനൂറിലേറെ മലയാള സിനിമകളിലായി നിരവധി സ്ത്രീ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി. കേരളസംസ്ഥാന സർക്കാറിന്റേതുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഭാഗ്യലക്ഷ്മിയെ തേടി എത്തിയിരുന്നു. എന്നാൽ ഇതിനെല്ലാം ഉപരി ഭാഗ്യലക്ഷ്മി ഒരു അഭിനേത്രി കൂടിയാണ്. എന്നാൽ ഇപ്പോൾ ഭാഗ്യലക്ഷ്മി പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അച്ഛന്റെ വിയോഗവും , പഠനവും എല്ലാം കോർത്തിണക്കി കൊണ്ടുള്ള ഒരു കുറിപ്പാണ് ഭാഗ്യലക്ഷ്മി പങ്കുവച്ചിരിക്കുന്നത്.
''അച്ഛൻ മരിച്ചപ്പോൾ താങ്ങാൻ ആളില്ലാതെ ഞങ്ങൾ മൂന്ന് മക്കളെയും എങ്ങനെ പോറ്റും എന്ന് ഭയന്ന് അമ്മ ആത്മഹത്യ ചെയ്യാതിരുന്നത് എന്ത് കൊണ്ടെന്ന് ഇന്നലെയാണ് ഞാൻ ആലോചിച്ചത്.
പണ്ട് പുസ്തകം വാങ്ങാൻ കഴിവില്ലാതെ സ്കൂളിൽ പോകാതിരുന്നിട്ടുണ്ട്, ഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലാതെ വിശന്ന് സ്കൂളിൽ പോകാൻ പറ്റാതിരുന്നിട്ടുണ്ട്, അന്നൊക്കെ അമ്മ സമാധാനിപ്പിക്കും, സാരല്ല്യ ഒരു നല്ല കാലം വരും. ആരെയും ആശയിക്കാത്തൊരു കാലം. ഇന്ദിര ചേച്ചി ചെറിയമ്മയുടെ കൂടെ കോയമ്പത്തൂരായിരുന്നു. പഠിക്കാൻ ബഹു മിടുക്കിയായിരുന്നു. എന്നിട്ടും ചെറിയമ്മ ചേച്ചിയെ പഠിപ്പിച്ചില്ല
ചെന്നൈയിൽ ഞങ്ങളെ പഠിപ്പിക്കാൻ ഒരു വലിയ മനുഷ്യൻ (എലൈറ്റ് ഹോട്ടലിന്റെ മുതലാളി കുമാരേട്ടൻ) തയാറായപ്പോൾ ക്യാൻസർ രോഗിയായ അമ്മയെ ശുശ്രൂഷിക്കാൻ വേണ്ടി എന്റെ വിദ്യാഭ്യാസമാണ് മാറ്റിവെച്ചത്, ചോറും കൂട്ടാനും വെച്ച് ബസ്സിൽ കയറി 18 കിലോമീറ്റർ ദൂരെയുള്ള ആശുപത്രിയിൽ പോകുമ്പോൾ സമപ്രായക്കാരായ കുട്ടികൾ സ്കൂളിൽ പോകുന്നത് നോക്കി ഇരുന്നിട്ടുണ്ട്.
ഉണ്ണിയേട്ടൻ ആൺകുട്ടിയല്ലേ അവൻ പഠിക്കട്ടെ, അമ്മ മരിച്ചപ്പോൾ വലിയമ്മയുടെ സംരക്ഷണത്തിൽ വീണ്ടും പഠനം തുടർന്നു.. എങ്കിലും വീട്ടിലെ കഷ്ടപ്പാടും ദാരിദ്ര്യവും കാരണം തുടരാൻ സാധിച്ചില്ല, ജോലി ചെയ്യാൻ തുടങ്ങി...
ജീവിതത്തിൽ ആഗ്രഹിച്ചതൊന്നും ആ പ്രായത്തിൽ സാധിച്ചില്ല..പഠിക്കാൻ പ്രോത്സാഹിപ്പിക്കാൻ ആരുമുണ്ടായില്ല. ഉണ്ണിയേട്ടൻ ആദ്യം ആത്മഹത്യക്ക് ശ്രമിച്ചു പിന്നെ നാട് വിട്ട് പോയി. ആർക്ക് നഷ്ടം? ആരെയാണ് കുറ്റം പറയേണ്ടത്? രോഗിയായ അമ്മയെയോ അതോ സംരക്ഷണം തന്ന വല്യമ്മയെയോ? സമൂഹത്തേയോ ?
.എത്രയോ തവണ ഒറ്റക്കിരുന്ന് കരഞ്ഞിട്ടുണ്ട്..പക്ഷെ അന്ന് മനസ്സിലൊരു വാശിയുണ്ടായിരുന്നു ജീവിക്കണം മരിക്കില്ല.. "വിദ്യ" അതേത് പ്രായത്തിലും സാധ്യമാക്കാം..പക്ഷേ ഇന്ന് എനിക്ക് ജീവിക്കണം.
അതിന് അദ്ധ്വാനിക്കണം എന്നൊരു വാശിയുണ്ടായിരുന്നു.. കുട്ടികൾ മനസിലാക്കണം അല്ലെങ്കിൽ മനസിലാക്കി കൊടുക്കണം,നീ ജീവിച്ചാലും മരിച്ചാലും അതിന്റെ ഗുണവും ദോഷവും നിനക്ക് മാത്രമാണെന്ന് പറഞ്ഞു പഠിപ്പിക്കണം..ആത്മഹത്യ സമൂഹത്തിനു നൽകുന്ന തെറ്റായ സന്ദേശമാണെന്ന് പറഞ്ഞു പഠിപ്പിക്കണം.. ഇന്ന് നിന്റെ മരണത്തിൽ അനുശോചിക്കുന്ന മാധ്യമങ്ങൾ, സോഷ്യൽ മീഡിയകൾ അടുത്തൊരു ആത്മഹത്യ കിട്ടുമ്പോൾ അതിന് പിറകേ പോകും..അപ്പോൾ നീയെവിടെ?
ആരും താങ്ങാൻ ഉണ്ടാവില്ല എന്ന് നീ മനസിലാക്കണം..ജീവിക്കാൻ നിനക്ക് മാത്രമേ കഴിയൂ...മരിക്കാൻ എല്ലാവർക്കും സാധിക്കും.. മരിക്കാൻ നിരവധി കാരണങ്ങളുണ്ടാവും. ജീവിക്കാൻ ഒറ്റ കാരണമേയുള്ളു ജീവിക്കണം. എന്ന വാശി.
(ആരുടേയും സഹതാപത്തിനല്ല ഇതെഴുതിയത്.ജീവിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് വേണ്ടിയാണ് )
ഭാഗ്യലക്ഷ്മി