പ്രതീക്ഷകള്‍ക്കും കാത്തിരിപ്പുകള്‍ക്കുമൊടുവില്‍ മോഹന്‍ലാലിനെ നായകനാക്കി പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം ഒടിയന്‍ തിയേറ്ററുകളിലെത്തി. എന്നാല്‍, അമിത പ്രതീക്ഷയുമായി പോയവരെ നിരാശപ്പെടുത്തുന്നതായിരുന്നു പടം. പ്രതീക്ഷകള്‍ തകര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് ഫേസ്ബുക്കില്‍ പൊങ്കാലയിടുകയാണ് ഫാന്‍സ്.
മോഹന്‍ലാല്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന ഒടിയന്‍ മാണിക്യന്‍ അവതരിച്ചത് ഏറ്റില്ല. ലോകമെമ്പാടും മൂവായിരത്തിയഞ്ഞൂറ് സ്‌ക്രീനുകളിലായി എത്തിയ ചിത്രം ഇരുന്നൂറ് കോടി ക്ലബ്ബിലെത്തുമെന്നാണ് അണിയറക്കാരുടെ അവകാശവാദം. ബിജെപി നടത്തുന്ന സംസ്ഥാന ഹര്‍ത്താലിനെ പോലും വകവെയ്ക്കാതെ പുലര്‍ച്ചെ തന്നെ തിയേറ്ററുകളില്‍ ആരാധകരുടെ തളളിക്കയറ്റമായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഫെയ്സ്ബുക്ക് പേജില്‍ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് പ്രേക്ഷകര്‍.
രണ്ടാമൂഴത്തിന്റെ തിരക്കഥ തിരിച്ചു ചോദിച്ച എം ടി സാര്‍ ആണ് ഞങ്ങടെ ഹീറോയെന്ന് ചിലര്‍ പറയുന്നു. ഒടിയന്‍ റിലീസിന്റെ തലേന്നാണ് ബിജെപി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഒടിയനു വേണ്ടി വന്‍ പ്രതിഷേധമായിരുന്നു ആരാധകര്‍ നടത്തിയത്. മമ്മൂട്ടി ഫാന്‍സ് വരെ മോഹന്‍ലാലിന്റെ ഒടിയന് പിന്തുണ അറിയിച്ചിരുന്നു.ഒടിയന്‍ തിയേറ്റര്‍ ലിസ്റ്റ് എന്ന തലവാചകത്തില്‍ ശ്രീകുമാര്‍ മേനോന്‍ ഇട്ട പോസ്റ്റിന് താഴെ ചിത്രത്തെ അനുകൂലിച്ചും വിമര്‍ശിച്ചുമുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെടുകയാണ്.
ജന്മം ചെയ്താല്‍ രാവിലെ എഴുന്നേല്‍ക്കാത്ത താന്‍ ഇന്ന് പുലര്‍ച്ചെ സിനിമ കാണാന്‍ പോയി എന്ന് തുടങ്ങി നിരവധി നെഗറ്റീവ് കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍ വേണ്ടിയിരുന്നില്ലെന്നും ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഘികളായിരുന്നു ശരിയെന്നും ഇന്നവര്‍ മാറ്റിപ്പറയുകയാണ്. ചിത്രത്തെ കുറിച്ച് അമിത പ്രതീക്ഷ നല്‍കിയത് സംവിധായകന്റെ വാക്കുകള്‍ തന്നെയായിരുന്നു. ഇത് പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ പരിഹാസത്തിനു കാരണമാവുകയും ചെയ്തിരുന്നു.
ഏതായാലും കാത്തിരുന്ന് കാണാം ബോക്‌സോഫീസില്‍ ഒടിയന്റെ ഭാവി എന്താകുമെന്ന്.
ഇതല്ല, ഇതിനപ്പുറം നെഗറ്റീവ് കമന്റുകള്‍ എഴുതി തളളി പുലിമുരുകനെ ഇല്ലാതാക്കാന്‍ നോക്കിയതാണ് ഈ വിരോധികള്‍ എന്നെല്ലാം പറഞ്ഞു കൊണ്ട് മോഹന്‍ലാല്‍ ഫാനുകള്‍ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ രംഗത്തുണ്ട്. ഹര്‍ത്താലില്‍ നിന്ന് ഒടിയനെ ഒഴിവാക്കി സഹായിച്ച ബിജെപിയെയും താങ്കള്‍ ചതിച്ചു എന്ന മട്ടിലുളള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.