തൊട്ടതെല്ലാം വിജയമാക്കിയ ഡെസ്‌നി സ്റ്റുഡിയോ ജംഗിള്‍ബുക്കും അലാവുദ്ദീനും നല്‍കിയ വിജയത്തിന് ശേഷമാണ് ദി ലയണ്‍ കിങ് റീമേക്കുമായി എത്തിയിരിക്കുന്നത്. ഹോളിവുഡ് ബോക്‌സ് ഓഫീസ് തകര്‍ക്കുന്ന മാര്‍വല്‍ സ്റ്റുഡിയോയോടു പോലും നേരിട്ട് ഏറ്റുമുട്ടാന്‍ തരത്തിലുള്ള ക്രാഫ്റ്റിങ്. അത്തരത്തില്‍ ഒരു കുഞ്ഞു കഥയെ വളരെ മനോഹരമായി ദൃശ്യവല്‍ക്കരിച്ച് ഞെട്ടിപ്പിക്കുകയാണ് ഡെസ്‌നി വീണ്ടും. സമ്മര്‍ റിലീസായി പുറത്തിറങ്ങിയ അലാവുദ്ദീന്‍ മികച്ച പ്രതികരണമാണ് നേടിയെടുത്തത്. 1994ല്‍ പുറത്തിറങ്ങിയ ലയണ്‍ കിങ് എന്ന അനിമേഷന്‍ സിനിമ കുഞ്ഞുഹൃദയങ്ങളിലൂടെ ചില്ലറയല്ല ഓര്‍മയായിട്ടുള്ളത്. 90കളുടെ ബാല്യത്തിലൂടെ കടന്നു പോയ ഏതൊരു യുവാവും ജോണ്‍ ഫെവ്രൊയുടെ ദി ലയണ്‍ കിങ് റീമേക്ക് കണ്ട് അമ്പരന്നിരിക്കും. ജെഫ് നാഥന്‍സണിന്റെ തിരക്കഥയില്‍ ജോണ്‍ ഫവ്രോ സംവിധാനം ചെയ്യുന്ന ഈ ചിത്രം ലൈവ് ആക്ഷന്‍ ത്രി ഡി മികവോടെ തീയറ്റുകളിലെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ച സംഗീത സംവിധായകരില്‍ ഒരാളായ ഹാന്‍സ് സിമ്മര്‍ ആണ്. കാലബ് ഡെസ്ചനലാണ് ഛായാഗ്രഹകണം നിര്‍വിച്ചിരിക്കുന്നത്.
2016ല്‍ ജംഗിള്‍ ബുക്ക് റീമേക്കിങ് പരീക്ഷണത്തിലൂടെയാണ് ജോണ്‍ ഫവ്രോ രണ്ടാം അങ്കത്തിന് തുനിഞ്ഞത്. തീര്‍ത്തും പിടിച്ചിരുത്തുന്നതും ചിന്തിപ്പിക്കുന്നതുമായ ഡ്രാമാറ്റിക്ക് ത്രില്ലര്‍ സിനിമ. കാഴ്ചയുടെ വസന്തം തീര്‍ക്കാന്‍ 3ഉ ഫോര്‍മാറ്റില്‍ ആണ് ചിത്രം നമ്മുടെ മുന്നിലേക്ക് എത്തിയത്. ആഫ്രിക്കന്‍ കാടുകളുകളുടെ അധിപനായ മുഫസ എന്ന സിംഹത്തില്‍ നിന്നും ഇവര്‍ക്കും രാഞ്ജിയായ പെണ്‍സിംഹത്തിനുമുണ്ടാകുന്ന സിംബ എന്ന സിംഹകുട്ടിയുടെ ജനനത്തോടെയാണ് കഥ തുടങ്ങുന്നത് തന്നെ. നീതിമാനായ അച്ഛന്റെ ധീരനായ കുഞ്ഞുരാജകുമാരന്‍. സിംബ മറ്റ് സിംഹകുട്ടികളെ പോലെ കളിച്ചുനടക്കാനോ ഒന്നും തന്നെ താല്‍പര്യം കാട്ടുന്നില്ല. അച്ഛന്‍ അലങ്കരിച്ച പാത ഇനി താന്‍ അലങ്കരിക്കണം എന്ന ബോധ്യം ഈ രാജകുമാരനുണ്ട്. ധര്‍മത്തിന്റേയും നേരിന്റേയും പക്ഷത്തുനില്‍ക്കുന്ന മുഫസ രാജനീതി വിട്ട് പ്രവര്‍ത്തിക്കുന്ന ആളല്ല. തന്റെ രാജകീരീടം അലങ്കരിക്കാന്‍ സിംബ പ്രാപ്തനാകണമെന്ന് ഇടയ്ക്ക് ഇടയ്ക്ക് പറയുന്നുണ്ട്. മുഫസ കാലം കഴിഞ്ഞാല്‍ അടുത്തരാജാവ് താനെന്നും രാജാധികാരം കൈക്കലാക്കണം എന്ന ലക്ഷ്യത്തോടെയാണ് മുഫസയുടെ
സഹോദരനായ സ്‌കാര്‍ നടക്കുന്നത്.
അതിനായി ശത്രുപാളയത്തിലുള്ള കഴുതപുലികളെ പോലും കൂട്ടുനിര്‍ത്തി രാജാവിനേയും രാജപുത്രനേയും വകവരുത്താനുള്ള തന്ത്രങ്ങള്‍ മെനയുന്നു.തന്റെ രാജ്യം വിട്ട് പിതാവിന്റെ മരണത്തിന് മുന്നില്‍ നിസഹായനായി പോയ സിംഹ കുട്ടി ചെന്നെത്തിപ്പെടുന്നിടത്ത് രണ്ട് സുഹൃത്തുക്കളെ കിട്ടുന്നു.പിന്നീടുള്ള ഈ രാജപുത്രന്റെ തിരിച്ചുവരവും പ്രതികാരവും അച്ഛനോടുള്ള വാക്ക് നിറവേറ്റല്‍ ഇതൊക്കെയാണ് ചിത്രം.
ടിമോണ്‍, പുംപ എന്നീ സുഹൃത്തുക്കളെ തനിക്ക് ലഭിക്കുന്നതോടെ തന്റെ കാടിന്റെ വന്യതയേയും തന്റെ രാജ്യവും മാതാവിനേയും മുറപെണ്ണിനേയും ഉപേക്ഷിച്ച് സിംബ മറ്റൊരു ലോകത്തിലേക്ക് അധിവസിക്കുകയാണ്. ഇവരുടെ കൂടെയുള്ള സിംബയുടെ വളര്‍ച്ചയും യൗവ്വനവുമാണ് പിന്നീട് ഒരു പാട്ടിലൂടെ കാണിക്കുന്നത്. ഒരു പേടിയും വേണ്ട.. എന്ന് പറയുന്ന പോലെ 'ഹക്കൂന മറ്റാട്ട 'എന്ന് സുഹൃത്തുക്കള്‍ ഇടയ്ക്ക് പറയുന്നുണ്ട്.
യൗവനത്തിലൂടെ കടന്നെത്തുന്ന സിംബയുടെ പിന്നീടുള്ള പ്രതികാരത്തിന്റെ രാജധര്‍മത്തിന്റേയും കഥയാണ് രണ്ടാം ഭാഗം പറയുന്നത്.താനാരാണെന്ന് സിംബയ്ക്ക് അറിയാത്ത ഘട്ടത്തില്‍ ആ ഓര്‍മപ്പെടുത്തല്‍ നടത്തുന്നത് കാട്ടിലെമൂപ്പനെ പോലെ ഒരാള്‍ ഇടയ്ക്ക് ഇടയ്ക്ക് കടന്നുവരുന്ന ഒരു കുരങ്ങാണ്.സിംബയോട് തന്റെ അസ്ഥിത്വം എന്താണെന്ന് പറഞ്ഞു കൊടുക്കുന്നു. തന്നിലൂടെ തന്റെ പിതാവ് മുഫസയേയും കാണുന്നതോടെ പിന്നീടുള്ള രംഗങ്ങള്‍ സിംബയുടെ പ്രതികാരമാണ്. തന്റെ പിതാവിനെ ചതിയിലൂടെ കൊലപ്പെടുത്തിയ സ്‌കാറിന്റേയും കഴുതപുലികളുടേയും ദുര്‍ഭരണം അവസാനിപ്പിച്ചതിന് ശേഷം സിംബ തന്റെ പിതാവിനെ പോലെ സുന്ദരമായ ഭരണം കാഴ്ചവെക്കുന്നു.
ഒരു ചെറിയ കഥയിലൂടെ ജോണ്‍ ഫ്രവോ ഒരുക്കി തരുന്ന വിജയം പറയുന്നത് വലിയ ഉത്തരവാദിത്തത്തിന്റെ കൂടി പാഠമാണ്. ഒരു പിതാവിന് മകനില്‍ പുലര്‍ത്തുന്ന വിശ്വാസം. പിതാവിന്റെ ആഗ്രഹപൂര്‍ത്തികരണത്തിനായി മകന്റെ തിരിച്ചുവരവും ഇതെല്ലാ ചിത്രം പറയുന്നു. ഇവിടെ ഈ ചെറുകഥയിലൂടെ പങ്കുവയ്ക്കുന്നത് പ്രജാ തല്‍പരനായ ഒരു രാജകുമാരന്‍ എങ്ങനെയായിരിക്കണമെന്നും അവന്റെ ധാര്‍മികതെള്‍ എന്താണ് എന്നതിനെ കുറിച്ചുമാണ്.
അച്ഛനെ ചതിച്ച് കൊന്ന ചതിയനായ സ്‌കാറിനെ കൊല്ലുന്നതോടെ തന്റെ രാജനീതി സിംബ വീണ്ടെടുക്കുന്നു. സമാധാനവും ഐശ്വര്യവും പുലര്‍ത്തി പോന്ന തന്റെ രാജ്യത്തെ വീണ്ടും വീണ്ടെടുക്കുകയാണ് സിംബ.കഥ പറഞ്ഞു നിര്‍ത്തുന്നതും സിംബയുടേയും നാലയുടേയും പുത്രനെ പ്രജകള്‍ക്ക് ഉയര്‍ത്തി കാണിച്ച് കൊണ്ടാണ്. അപ്പോഴും പ്രസക്തമാകുന്ന ചോദ്യം ഓര്‍ക്കുക നീ ആരാണെന്ന്.!
NB:ഈ കഥ പുറത്തിറങ്ങിയത് 1994ലാണ്. കഥയും കഥാപാത്രങ്ങളും ബാഹുബലിയുമായി സാമ്യം തോന്നുന്നുണ്ടെങ്കില്‍ അത് കേവലം യാദൃശ്ചികം മാത്രം!