പോലീസ് കണ്‍സള്‍ട്ടിങ് ക്രിമിനോളജിസ്റ്റെന്ന അന്‍വര്‍ ഹുസൈനായി കുഞ്ചാക്കോ ബോബന്‍ എത്തിയ സിനിമയാണ് അഞ്ചാം പാതിരാ. ഒരു പക്കാ സൈക്കോളജിക്കല്‍ ത്രില്ലറാണ് ചിത്രം. 2020 ലെ ആദ്യ മലയാളം ഹിറ്റ് മൂവിയെന്ന വിശേഷണം അഞ്ചാം പാതിരായ്ക്ക് സ്വന്തം. ചിത്രത്തില്‍ പറയുന്നത് പോലെ ഒരൊറ്റ ലൂപ്ഹോള്‍സും ഇല്ലാതെയുള്ള മേക്കിങ്ങ് ചിത്രം കണ്ടിറങ്ങിയവരെ ഞെട്ടിച്ചുകളയും. ആട്, ആന്‍മേരി കലിപ്പിലാണ്, തുടങ്ങിയ കോമഡി ഫീല്‍ഗുഡ് സിനിമകള്‍ ചെയ്ത മിഥുന്‍ മാനുവലില്‍ നിന്നും ഇത്തരമൊരു ക്രൈംത്രില്ലര്‍ സിനിമ വരുന്നു എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ അത് എങ്ങനെയായിരിക്കുമെന്നും. മിഥുനും ക്രൈംത്രില്ലറും കൂടി ചേരുമ്പോള്‍ എന്താവും സിനിമയെന്ന് ആലോചിച്ചവരെയുമെല്ലാം ഞെട്ടിച്ചുകൊണ്ടാണ് അഞ്ചാം പാതിരായുടെ വരവ്. ഇന്റെര്‍വെല്ലില്‍ വരെ പ്രേക്ഷകര്‍ കൈയ്യടിച്ച് ഇറങ്ങുക എന്ന് പറഞ്ഞാല്‍ തന്നെ വ്യക്തമാണ് സിനിമയുടെ ക്വാളിറ്റി. മിഥുന്‍ മാനുവല്‍ തന്നെ തിരക്കഥയും, സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ആഷിഖ് ഉസ്മാനാണ്. ഷൈജു ഖാലിദിന്റേതാണ് ഛായാഗ്രഹണം. സിനിമയുടെ ഭൂരിഭാഗങ്ങളും കൊച്ചിയില്‍ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഏതൊരു സൈക്കോ ത്രില്ലര്‍ മൂവിയെയും പോലെ ഒരു സീരീസ് കില്ലറിന്റെ സാന്നിധ്യം വ്യക്തമാക്കുകയും, പിന്നീട് കില്ലറിലേക്ക് എത്തുന്നതുമായ രീതിയില്‍ തന്നെയുള്ള സിനിമയാണ് ഇതും. എന്നാല്‍ വ്യത്യസ്തമായ ട്വിസ്റ്റുകളും പ്രേക്ഷകനെ ത്രസിപ്പിക്കാന്‍ കഴിയുന്ന മറ്റ് എലമെന്റുകളും ചേര്‍ത്താണ് ഈ ത്രില്ലര്‍ ചിത്രത്തിന്റെ വരവ്. ഉറപ്പുള്ള കഥയും, നല്ല ഡയറക്ഷനും, ക്യാമറയും, എഡിറ്റിങ്ങും, ഛായാഗ്രഹണവും, കഥ പ്രേക്ഷകനിലേക്ക് ഒട്ടും ആര്‍ട്ടിഫിഷ്യലായി തോന്നാതെ അഭിനയിച്ച് എത്തിക്കാന്‍ കഴിയുന്ന അഭിനേതാക്കളും ഉണ്ടെങ്കില്‍ ആ സിനിമ വിജയിച്ചു. അത്തരം സിനിമകള്‍ പ്രേക്ഷര്‍ സ്വീകരിക്കും. അത് തന്നെയാണ് അഞ്ചാം പാതിരായ്ക്കും സംഭവിച്ചിരിക്കുന്നത്. നേരത്തെ പറഞ്ഞ മികച്ചൊരു സിനിമയ്ക്ക് വേണ്ട എലമെന്റുകളെല്ലാം തന്നെ ഈ ചിത്രത്തിനും ഉണ്ട്.
അന്‍വര്‍ ഹുസൈന്‍ എന്ന പ്രധാന കഥാപാത്രമായി എത്തിയ കുഞ്ചാക്കോ ബോബനില്‍ നിന്ന് തന്നെ തുടങ്ങാം. ഒരു ചോക്ലേറ്റ് ഹീറോയെന്ന ഇമേജിന് ഓപ്പോസിറ്റായിട്ടുള്ള കഥാപാത്രങ്ങളെയാണ് ഇപ്പോള്‍ കുറച്ചുനാളായിട്ട് താരം തെരഞ്ഞെടുക്കുന്നത്. അതിന്റെ ഉദാഹരണമാണ് ട്രാഫിക്, ഹൗ ഓള്‍ഡ് ആര്‍ യു, ടേക്ഓഫ്, വൈറസ് എന്നീ സിനിമകള്‍. ഈ സിനിമകളിലെല്ലാം മികച്ച പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്. ആ വിശ്വാസത്തില്‍ തന്നെ താരത്തിന്റെ ത്രില്ലര്‍ മൂവി കാണാന്‍ പ്രേക്ഷകര്‍ എത്താം. ആ വിശ്വാസത്തെ ചാക്കോച്ചന്‍ നിരാശപ്പെടുത്തിയില്ല. ചാക്കോച്ചന്റെ തകര്‍പ്പന്‍ പ്രകടനമാണ് തിയേറ്ററില്‍ പ്രേക്ഷകര്‍ കണ്ടത്. അമാനുഷിക ശക്തിയൊന്നും കാണിക്കാത്ത ഇന്റലിജെന്‍സിന് മുന്‍ഗണന കൊടുക്കുന്ന സിനിമയില്‍ തന്റെ വേഷത്തെ താരം നല്ല രീതിയില്‍ കൈകാര്യം ചെയ്തു. ചാക്കോച്ചന് പുറമേ ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, ഉണ്ണിമായ പ്രസാദ്, രമ്യ നമ്പീശന്‍, ജിനു ജോസഫ് തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
സിനിമയിലെ ഓരോ അഭിനേതാവും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. കുറച്ച് സീനില്‍ മാത്രമേ ഇന്ദ്രന്‍സിനെ കാണിക്കുന്നുള്ളെങ്കിലും താരത്തിന്റെ പ്രകടനം ഗംഭീരമാണ്. ഇന്ദ്രന്‍സിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് ഇതിലേത് എന്നുറപ്പിക്കാം. കുഞ്ചാക്കോ ബോബന്റെ ഭാര്യയായി എത്തുന്ന രമ്യയ്ക്കും താരതമ്യേന വേഷം കുറവാണ്. എങ്കില്‍ പോലും സിനിമ ആവശ്യപ്പെടുന്ന കഥാപാത്രം തന്നെയാണ്. പേരിന് വേണ്ടി തിരികി കയറ്റിയതാണെന്ന് പറയാന്‍ പറ്റില്ല. ശ്രീനാഥ് ഭാസിയുടെയും ഷറഫുദ്ദീന്റെയും എന്‍ട്രിയാണ് പ്രേക്ഷകര്‍ കൈയ്യടിച്ചും ആര്‍പ്പു വിളിച്ചും വരവേറ്റത്. വളരെ സീരിയസായി മുന്നോട്ട് പോവുന്ന സിനിമയില്‍ കുറച്ചെങ്കിലും ഹ്യൂമറസായി തോന്നുന്നത് ശ്രീനാഥ് ഭാസിയുടെ കഥാപാത്രമാണ്. കുറച്ച് നാളുകള്‍ക്ക് ശേഷം ശ്രീനാഥ് ഭാസിക്ക് കിട്ടിയ നല്ലൊരു സിനിമയാണ് അഞ്ചാം പാതിരാ.
ഇനി ഷറഫുദ്ദീന്റെ കഥാപാത്രത്തെ കുറിച്ച് പറയുകയാണെങ്കില്‍.. അത് പറയുകയല്ല നിങ്ങള്‍ കണ്ട് അറിയുകയാണ് വേണ്ടത്. കാരണം ഇതൊരു ത്രില്ലര്‍ മൂവിയാണല്ലോ.. എന്തായാലും ഇതുവരെയും കണ്ടതില്‍ നിന്നും വ്യത്യസ്തമായ പ്രകടനമാണ് ഈ സിനിമയില്‍ ഷറഫുദ്ദീന്‍ കാഴ്ച്ചവെച്ചിരിക്കുന്നത്. സീനിയര്‍ പോസീല് ഓഫീസറായ് സിനിമയില്‍ ഉടനീളം നിറഞ്ഞ് നിന്ന ഉണ്ണിമായ പ്രസാദും , മറ്റൊരു പോലീസ് ഓഫീസറായി എത്തിയ ജിനു ജോസഫും തകര്‍ത്ത് അഭിനയിച്ചു. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, കുമ്പളങ്ങി നൈറ്റ്സ് എന്നീ സിനിമകളില്‍ മികച്ച അഭിനയം കാഴ്ച്ചവെച്ച മാത്യൂ തോമസും ഒരു പ്രധാന വേഷം ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നുണ്ട്.
സിനിമയുടെ കഥ കണ്ട് അറിയേണ്ടതാണ്. അതുകൊണ്ട് കഥ പറയുന്നില്ല. പകരം ഒന്ന് പറായം. സിനിമ കണ്ടിറങ്ങിയാല്‍ കാണേണ്ടിയിരുന്നില്ല എന്ന് തോന്നില്ല. കാരണം മിഥുന്‍ മാനുവല്‍ കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടില്‍ എത്തിയ ഒരു അടിപൊളി ത്രില്ലര്‍ മൂവിയാണ് ഇത്.
സിനിമയുടെ സാങ്കേതിക വശങ്ങള്‍ നോക്കുമ്പോള്‍ ഓരോ വശവും പെര്‍ഫെക്ട്. ഒരു ത്രില്ലര്‍ സിനിമയ്ക്ക് വേണ്ട ഫോര്‍മുലകള്‍ കറക്ട് അളവില്‍ ഉപയോഗിച്ചിരിക്കുന്നു. ഷൈജു ഖാലിദിന്റെ ക്യാമറയും സൈജു ശ്രീധരന്റെ എഡിറ്റിങ്ങും. പെര്‍ഫക്ടാണ്. നീഗൂഡതകളിലേക്കുള്ള ക്യാമറയുടെ സഞ്ചാരം. അങ്ങനെ ഒപ്പിയെടുത്ത രംഗങ്ങളെ വൃത്തിയായി എഡിറ്റ് ചെയ്തെടുത്തിരിക്കുന്നു. പ്രേക്ഷകനില്‍ ആകാംക്ഷയും ഭയവും നിറക്കുന്ന അതിന്റെ ആക്കം കൂട്ടുന്ന തരത്തിലുള്ള പശ്ചാത്തല സംഗീതം. എല്ലാം കൂടിയായപ്പോള്‍ സിനിമ പക്കാ ത്രില്ലറായി. തമിഴിലെ രാക്ഷസന്‍ പോലെ മലയാളത്തില്‍ ഒരു അഞ്ചാം പാതിരാ. മലയാളത്തിലെ ത്രില്ലര്‍ വിഭാഗങ്ങളുടെ കൂട്ടത്തില്‍ എടുത്ത് വയ്ക്കാവുന്ന സിനിമ. 2020 ല്‍ നല്ലൊരു മലയാളം സിനിമയ്ക്കായി കാത്തിരിക്കുന്നവര്‍ക്ക് തീര്‍ച്ചയായും പോയി കാണാവുന്ന അല്ലെങ്കില്‍ പോയി കാണേണ്ട സിനിമയാണ് അഞ്ചാം പാതിരാ...