Latest News

തിയേറ്ററില്‍ ആദ്യ ആഴ്ച അവസാനിപ്പിച്ച രീതിയില്‍ ആയിരുന്നില്ല ക്ലൈമാക്‌സ്; സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റി; ഒരുപാട് സെന്‍സര്‍ കട്ടുകള്‍ ആ പടത്തില്‍ വന്നിരുന്നു; മൂന്നാംമുറ'യുടെ യഥാര്‍ത്ഥ ക്ലൈമാക്‌സ് ഇതല്ല; ആന്റണിയെ മോഹന്‍ലാല്‍ കൂടെ കൂട്ടിയതും ആ ചിത്രം മുതല്‍; വൈറലായി സിദ്ധു പനയ്ക്കലിന്റെ കുറിപ്പ് 

Malayalilife
തിയേറ്ററില്‍ ആദ്യ ആഴ്ച അവസാനിപ്പിച്ച രീതിയില്‍ ആയിരുന്നില്ല ക്ലൈമാക്‌സ്; സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റി; ഒരുപാട് സെന്‍സര്‍ കട്ടുകള്‍ ആ പടത്തില്‍ വന്നിരുന്നു; മൂന്നാംമുറ'യുടെ യഥാര്‍ത്ഥ ക്ലൈമാക്‌സ് ഇതല്ല; ആന്റണിയെ മോഹന്‍ലാല്‍ കൂടെ കൂട്ടിയതും ആ ചിത്രം മുതല്‍; വൈറലായി സിദ്ധു പനയ്ക്കലിന്റെ കുറിപ്പ് 

 മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളിലൊന്നായ 'മൂന്നാംമുറ' പുറത്തിറങ്ങി 38 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, ചിത്രത്തിന്റെ ക്ലൈമാക്‌സിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. തിയേറ്ററുകളില്‍ വന്‍ തരംഗം സൃഷ്ടിച്ച ചിത്രത്തിന്റെ യഥാര്‍ത്ഥ ക്ലൈമാക്‌സ് സെന്‍സര്‍ ബോര്‍ഡ് അനുവദിക്കാതിരുന്നതാണ് മാറ്റത്തിന് കാരണമായതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. നിയമങ്ങള്‍ ശരിയായി നടപ്പാക്കാത്തതിനെതിരെയുള്ള ശക്തമായ താക്കീതായിരുന്നു ചിത്രത്തിന്റെ യഥാര്‍ത്ഥ ക്ലൈമാക്‌സ്. 

എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ഇതിന് അനുമതി നല്‍കിയില്ല. റിലീസിന് തൊട്ടു മുന്‍പ് ലഭിച്ച സെന്‍സര്‍ റിപ്പോര്‍ട്ട് പ്രകാരം ക്ലൈമാക്‌സിലെ പ്രധാന ഭാഗങ്ങള്‍ കട്ട് ചെയ്യേണ്ടി വന്നു. ഇത് ചിത്രത്തിന്റെ സ്വാഭാവിക ഒഴുക്കിനെ ബാധിച്ചുവെന്ന് മനസ്സിലാക്കി, റിലീസിന് ശേഷമുള്ള ആദ്യ ആഴ്ചയില്‍ തന്നെയാണ് ഇപ്പോള്‍ കാണുന്ന 'റ്റെയില്‍ എന്‍ഡ്' ഷൂട്ട് ചെയ്ത് ചേര്‍ത്തത്. സുരേഷ് ഗോപിയുടെ കഥാപാത്രത്തെ നായ കടിച്ചുകീറുന്ന രംഗമുള്‍പ്പെടെ ഒട്ടേറെ ഭാഗങ്ങള്‍ വെട്ടിമാറ്റിയിരുന്നതായും അദ്ദേഹം കുറിച്ച് . 

സിദ്ധു പനയ്ക്കലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം: മൂന്നാംമുറ റിലീസായി 38 വര്‍ഷമായി. ക്ലൈമാക്‌സ് വരെ ആവേശത്തോടെ മുന്നേറിയ ചിത്രം ക്ലൈമാക്‌സില്‍ കാലിടറിയതായി തോന്നി എന്ന് ഒരു സുഹൃത്ത് ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ഞാനന്ന് സെവന്‍ ആട്‌സ് മോഹനേട്ടന്റെ അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്യുന്ന കാലമാണ്. ആ സിനിമയുടെ പ്രൊഡക്ഷന്‍ മാനേജരായി വര്‍ക്ക് ചെയ്ത ആള്‍ എന്ന നിലയില്‍ ആ ക്ലൈമാക്‌സിനെ പറ്റിയും ആ സിനിയിലെ രസകരമായ ചില കാര്യങ്ങളും വിശദീകരിക്കാമെന്ന് തോന്നുന്നു. പ്രേക്ഷകര്‍ അമിത പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് മൂന്നാംമുറ. ആ കാത്തിരിപ്പിന് കാരണമുണ്ട്.

 ഇരുപതാം നൂറ്റാണ്ടിനുശേഷം ലാലേട്ടന്‍ K മധുസര്‍ S N സ്വാമിസാര്‍ എന്നിവര്‍ ഒന്നിക്കുന്ന സിനിമ. ഒരു CBI ഡയറിക്കുറിപ്പിനു ശേഷം മധുസാറും സ്വാമിസാറും ഒന്നിക്കുന്ന സിനിമ. താളവട്ടം,മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന ചിത്രങ്ങള്‍ക്കുശേഷം സെവന്‍ ആര്‍ട്‌സും ലാലേട്ടനും ഒന്നിക്കുന്ന സിനിമ. റിലീസ് ദിവസം തൃശൂര്‍ ജോസ് തീയേറ്ററിന്റെ ഗേറ്റ് ജനങ്ങളുടെ തള്ള്മൂലം മറിഞ്ഞുവീഴുകയും. ഗേറ്റിന് അടിയില്‍ പെട്ട ആളുകളുടെ മുകളില്‍ കൂടി കാണികള്‍ ടിക്കറ്റ് കൗണ്ടറിലേക്ക് ഓടുകയും, ഒട്ടേറെ പേര്‍ക്ക് സാരമായി പരിക്ക് ഏല്‍ക്കുകയും ചെയ്തു. കേരളത്തിലെ എല്ലാ റിലീസ് സെന്ററുകളുടെയും അവസ്ഥ ഏകദേശം ഇതൊക്കെ തന്നെയായിരുന്നു. 

മൂന്നാംമുറയുടെ ക്ലൈമാക്‌സിനെകുറിച്ചും പറയാം. തിയേറ്ററില്‍ ആദ്യത്തെ ആഴ്ച അവസാനിപ്പിച്ചരീതിയില്‍ ആയിരുന്നില്ല ക്ലൈമാക്‌സ്. യഥാര്‍ത്ഥ ക്ലൈമാക്‌സ് സെന്‍സര്‍ബോര്‍ഡ് അനുവദിച്ചു തന്നില്ല. അതായിരുന്നു ക്ലൈമാക്‌സ് എങ്കില്‍ നിറഞ്ഞ കയ്യടികളോടെ ജനങ്ങള്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങിപോകുമായിരുന്നു. നിയമങ്ങള്‍ ശക്തമായി, ശരിയായി നടപ്പാക്കാതെ പോകുന്നതിന് എതിരെയുള്ള താക്കിതായിരുന്നു ക്ലൈമാക്‌സ്. റിലീസിന് രണ്ടുമൂന്നു ദിവസം മുമ്പാണ് സെന്‍സര്‍ ചെയ്തു കിട്ടിയത്. റിലീസ് ഡേറ്റ് ഫിക്‌സ് ചെയ്യുകയും തിയേറ്റുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. അത് കൊണ്ട് തല്ക്കാലം വേറെ ഒന്നും ചെയ്യാന്‍ പറ്റുമായിരുന്നില്ല. റ്റെയില്‍ എന്‍ഡിനു തൊട്ടുമുന്‍പ് കട്ട് ചെയ്ത് നിര്‍ത്തേണ്ടി വന്നു. അത് മനസ്സിലാക്കി തന്നെയാണ് ഞങ്ങള്‍ ആദ്യത്തെ ആഴ്ച തന്നെ ഇപ്പോഴുള്ള റ്റെയില്‍ എന്‍ഡ് ഷൂട്ട് ചെയ്ത് ചേര്‍ത്തത്. ഒരുപാട് സെന്‍സര്‍ കട്ടുകള്‍ ആ പടത്തില്‍ വന്നിരുന്നു. 

സുരേഷ് ഗോപി ചേട്ടനെ നായ കടിച്ചു കീറി കൊല്ലുന്ന സീനിന്റെ നൂറില്‍ ഒരംശം പോലും സെന്‍സര്‍ ചെയ്തു കിട്ടിയില്ല. റിവൈസിംഗ് കമ്മിറ്റിക്ക് പോയാണ് അവസാനം ആ സിനിമ സെന്‍സര്‍ ചെയ്തത് . യൂട്യൂബില്‍ ആ പടം എടുത്തു നോക്കിയാല്‍ കാണാം മൂന്നാംമുറ എന്ന ടൈറ്റിലിനു ബ്രാക്കറ്റില്‍ റിവൈസ്ഡ് എന്ന് ചേര്‍ത്തിട്ടുണ്ടാവും.  മൂന്നാംമുറയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, നായകന്മാരായും വില്ലനായും ക്യാറക്ടര്‍ റോളുകളിലും സിനിമയില്‍ തുടക്കം കുറിച്ച് പിന്നീട് സ്വന്തം പേരില്‍ സിനിമാ തിയേറ്ററില്‍ ആളെക്കൂട്ടാന്‍ പ്രാപ്തരായി വളര്‍ന്ന, നായകന്മാരായി വളര്‍ന്ന കുറച്ചുപേര്‍ ആ പടത്തില്‍ അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപിചേട്ടന്‍, മുകേഷ്‌ചേട്ടന്‍, ബാബു ആന്റണിചേട്ടന്‍ , മുരളിയേട്ടന്‍, വിജയരാഘവന്‍ചേട്ടന്‍ തുടങ്ങിയവര്‍. ബഡായി ബംഗ്ലാവില്‍ അമ്മായിയായി അഭിനയിച്ചിരുന്ന പ്രസിതയും, സുമ ജയറാമും ആദ്യമായി അഭിനയിച്ച സിനിമയാണ് മൂന്നാംമുറ. 

കീരിക്കാടന്‍ ജോസ് എന്ന പേരില്‍ പ്രശസ്തനായ മോഹന്‍രാജ് മൂന്നാം മുറയിലാണ് ആദ്യം അഭിനയിച്ചത്. ഇപ്പോള്‍ യൂട്യൂബില്‍ പടം കാണുന്നവര്‍ക്ക് ശ്രദ്ധിച്ചാല്‍ മനസ്സിലാകും ലാലു അലക്‌സിന്റെ താവളമായി ഷൂട്ട് ചെയ്ത തൃപ്പൂണിത്തുറ ഹില്‍പാലസില്‍ ലാലു അലക്‌സ് സാറിന്റെ കിങ്കരന്മാരായി തോക്കുപിടിച്ചു നില്‍ക്കുന്നവരില്‍ ഒരാള്‍ മോഹന്‍രാജ് ആണ്. ചെറിയ ഒരു ഡയലോഗ് മാത്രമേ അദ്ദേഹത്തിന് ആ പടത്തില്‍ ഉള്ളു. പക്ഷേ മോഹന്‍രാജിന് കീരിക്കാടനിലേക്കുള്ള വഴി തുറന്നത് ആ വേഷമായിരുന്നു. കല അടൂര്‍ എന്ന കലാധരനായിരുന്നു കെ മധു സാറിന്റെ അസോസിയേറ്റ് മൂന്നാംമുറയില്‍. ഐ ശശി എന്നൊരു ചേട്ടനും അസോസിയേറ്റായി ഉണ്ടായിരുന്നു. കിരീടം എന്ന ചിത്രത്തില്‍ സിബി മലയില്‍ സാറിന്റെ അസോസിയേറ്റും കലാധരന്‍ചേട്ടനായിരുന്നു. കലാധരനാണ് കിരീടത്തിലേക്ക് മോഹന്‍രാജിനെ റെകമെന്റ് ചെയ്തത്. നേരില്‍ കണ്ടപ്പോള്‍ സിബി മലയില്‍ സാറിനും ലോഹി സാറിനും മോഹന്‍രാജിനെ ഇഷ്ടപ്പെടുകയും ചെയ്തു. 

ഒരുകാലത്ത് തമിഴിലും തെലുങ്കിലും മലയാളത്തിലും നിറഞ്ഞാടിയ വില്ലനായി മോഹന്‍രാജ്. കീരിക്കാടന്‍ അത്രമേല്‍ ശക്തന്‍ ആയതുകൊണ്ടാവാം മോഹന്‍രാജ് എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരെന്ന് ഇന്നും പലര്‍ക്കും അറിയില്ല. സിനിമാക്കാര്‍ പോലും കീരിക്കാടന്‍ ജോസ് എന്ന പേരില്‍ ഷൂട്ടിങ്ങിനു വരുമ്പോള്‍ അദ്ദേഹത്തിന് റൂമുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. ഹോട്ടലില്‍ വന്ന് ഐഡി കാര്‍ഡ് കാണിക്കുമ്പോഴാണ് യഥാര്‍ത്ഥപേര്‍ പലര്‍ക്കും മനസ്സിലാവുന്നത്. തമിഴില്‍ പ്രശസ്ത വില്ലനായി മാറിയ പൊന്നമ്പലവും മൂന്നാംമുറിയില്‍ ചെറിയൊരു വേഷം ചെയ്തിട്ടുണ്ട്. മലയാള സിനിമയില്‍ സംഘട്ടന സംവിധായകരായി മാറിയ മാഫിയ ശശിയും പഴനിരാജും ത്യാഗരാജന്‍ മാസ്റ്ററുടെ അസിസ്റ്റന്റ് മാരായിരുന്നു മൂന്നാം മുറയില്‍, പടത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. 

ഹോസ്പിറ്റലായി മാറിയ എറണാകുളത്തെ കലൂരില്‍ ഉള്ള കല്പക ടൂറിസ്റ്റ് ഹോമിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. ബാബു ആന്റണി ചേട്ടന്റെ ഇന്‍ട്രൊഡക്ഷന്‍ ഫൈറ്റ് സീന്‍ എടുത്തത് കല്പകയിലാണ്. തൃപ്പൂണിത്തുറ ഹില്‍പാലസും പരിസരവുമായിരുന്നു പ്രധാന ലൊക്കേഷന്‍. ഇന്നത്തെപ്പോലെ ഒരു ആര്‍ട്ടിസ്റ്റിന് ഒരു റൂം എന്ന സിസ്റ്റം ഒന്നും ആ കാലത്ത് ഉണ്ടായിരുന്നില്ല. റൂം പങ്കിട്ടാണ് 90% ആര്‍ട്ടിസ്റ്റുകളും താമസിച്ചിരുന്നത്. ഇന്നത്തെ പ്രശസ്ത നിര്‍മ്മാതാവും ലാലേട്ടന്റെ സന്തതസഹചാരിയുമായ ആന്റണി പെരുമ്പാവൂരിനെ മുന്‍പ് പരിചയം ഉണ്ടായിരുന്നെങ്കിലും ലാലേട്ടന്‍ കൂടെകൂട്ടിയത് മൂന്നാംമുറയുടെ സെറ്റില്‍ നിന്നാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ശങ്കരാചാര്യരായി സിനിമയില്‍ വേഷമിട്ട മുരളി മോഹന്‍, ഇപ്പോള്‍ അദ്ദേഹം സിനിമയിലും സീരിയലിലും ഒക്കെ അഭിനയിക്കുന്നുണ്ട്. 

മൂന്നാം മുറയില്‍ അദ്ദേഹം ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. അതിനു പിന്നിലും ഒരു കഥയുണ്ട്. വൈശാലിയിലെ ലോമപാദ രാജാവിനെ എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാകുമല്ലോ. ബാബു ആന്റണിചേട്ടന്‍ ചെയ്തു വലിയ പ്രശംസ നേടിയ വേഷം. യഥാര്‍ത്ഥത്തില്‍ ആവേഷം അഭിനയിക്കേണ്ടിയിരുന്നത് ദേവേട്ടന്‍ (നടന്‍ ദേവന്‍ ) ആയിരുന്നു. വൈശാലിയില്‍ അഭിനയിക്കാന്‍ എത്തും മുമ്പ് ഹരികുമാര്‍ സാറിന്റെ ഊഴം എന്ന പടത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. അവിടെ ഒരു സംഘട്ടന രംഗത്ത് ചെറിയൊരു പരിക്ക് പറ്റിയതിനാല്‍ അദ്ദേഹത്തിനു വൈശാലിയില്‍ അഭിനയിക്കാനായില്ല. അങ്ങനെ കുറച്ച് ആര്‍ട്ടിസ്റ്റുകളെ മൈസൂര്‍ പാണ്ഡവപുരത്തു വരുത്തി മേക്കപ്പ് ടെസ്റ്റ് ചെയ്ത കൂട്ടത്തില്‍ മുരളി മോഹനെയും വിളിച്ചുവരുത്തി മേക്കപ്പ് ടെസ്റ്റ് ചെയ്തിരുന്നു. 

 ക്യാരക്ടറിന്റെ രൂപം ഭരതന്‍ സാര്‍ ആഗ്രഹിച്ച രീതിയില്‍ വരാത്തതുകൊണ്ട് അദ്ദേഹം തിരിച്ചു പോയി. വൈശാലിയില്‍ ചെറിയൊരു വേഷം അഭിനയിക്കാന്‍ വന്ന ബാബു ആന്റണി ചേട്ടനെ മേക്കപ്പ് ടെസ്റ്റ് ചെയ്തു നോക്കുകയും രാജാവിന്റെ വേഷത്തില്‍ ബാബു ആന്റണി ചേട്ടനെ കണ്ടപ്പോള്‍ ഭരതന്‍ സാറിന് പൂര്‍ണ തൃപ്തിയാവുകയും ചെയ്തു. അന്ന് സിനിമയില്‍ അഭിനയിച്ചു തുടങ്ങിയിട്ടില്ലാത്ത നരേന്ദ്രപ്രസാദ് സാറിന്റെ ശബ്ദം കൂടി ചേര്‍ന്നപ്പോള്‍ ലോമപാദന്‍ വെള്ളിത്തിരയില്‍ തിളങ്ങി. വൈശാലിയുടെ പ്രൊഡക്ഷന്‍ മാനേജരും ഞാനായിരുന്നു. വൈശാലി സെവന്‍ ആര്‍ട്‌സ് ആണ് വിതരണം ചെയ്തത്. മുരളി മോഹന്‍ നിരാശനായി മടങ്ങേണ്ടി വന്നപ്പോള്‍ മധുസാറിന്റെ സമ്മതത്തോടെ വിജയകുമാര്‍ സര്‍ തൊട്ടടുത്തു നിര്‍മ്മിച്ച മൂന്നാംമുറയില്‍ അദ്ദേഹത്തിനൊരു വേഷം നല്‍കുകയായിരുന്നു. 

ഓരോ സിനിമയുടെ പിന്നിലും ഇതുപോലെ പ്രേക്ഷകര്‍ അറിഞ്ഞതും അറിയാത്തതുമായ ഒരുപാട് സംഭവങ്ങള്‍ ഉണ്ടാകും. സന്തോഷവും സങ്കടവും നിരാശയും ഉണ്ടാക്കുന്ന ഒരുപാട് അനുഭവങ്ങള്‍. ഒരു മഹാ ദുരന്തത്തിന്റെ ഓര്‍മ്മ കൂടിയുണ്ട് മൂന്നാംമുറ ഷൂട്ടിംഗ് കാലത്ത്. 1988 ജൂലൈ 8 ന് പെരുമണ്‍ തീവണ്ടി ദുരന്തം ഉണ്ടാകുന്നത് മൂന്നാംമുറയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്തായിരുന്നു. യുക്തിഭദ്രമായി ഉരുത്തിരിഞ്ഞു വരുന്ന തിരക്കഥയില്‍ രൂപപ്പെടുന്ന സിനിമയെ, സെന്‍സര്‍ കത്രിക വികൃതമാക്കിയാല്‍ ചിലപ്പോള്‍ ആ സിനിമക്ക് അര്‍ഹിക്കുന്ന വിജയം കൈവരിക്കാനാവാതെ പോകും. അന്നത്തെ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ പട്ടികയിലാണ് മൂന്നാംമുറ. ഒരു മെഗാഹിറ്റ് വിജയം ആ സിനിമ തീര്‍ച്ചയായും അര്‍ഹിച്ചിരുന്നു. അത് ആ സിനിമയെ അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ കണ്ട ഞങ്ങളെപ്പോലുള്ളവര്‍ക്ക് മനസ്സിലാകും.

Read more topics: # മൂന്നാംമുറ
moonnam mura movie Climax

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES