വിജയ് നായകനാകുന്ന 'ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ഒരോ അപ്‌ഡേഷനും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം 'വിസില്‍ പോടിനു' ശേഷം അടുത്ത ഗാനം പുറത്തുവിടാന്‍ ഒരുങ്ങിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പാട്ടിന്റെ പ്രമോ സംവിധായകന്‍ വെങ്കട് പ്രഭു പുറത്തുവിട്ടു. പാട്ടിന്റെ പൂര്‍ണ രൂപം നാളെ പുറത്ത് വിടുമെന്നും സംവിധായകന്‍ അറിയിച്ചിട്ടുണ്ട്.
ഇളയരാജയുടെ മകളും ഗായികയുമായ അന്തരിച്ച ഭവധാരിണിയ്‌ക്കൊപ്പം നടന്‍ വിജയ്യും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. യുവന്‍ശങ്കര്‍രാജയാണ് ഗാനത്തിന്റെ സംഗീതം നല്‍കിയിരിക്കുന്നത്. കബിലന്‍ വൈരമുത്തുവിന്റേതാണ് വരികള്‍.
കരളിലെ അര്‍ബുദ ബാധയെത്തുടര്‍ന്ന് ജനുവരി അഞ്ചിന് ലോകത്തോട് വിടപറഞ്ഞ ഭവധാരിണിയുടെ ശബ്ദം എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ രൂപപ്പെടുത്തിയത്. പാട്ടിന്റെ പൂര്‍ണരൂപം ശനിയാഴ്ച വിജയ്യുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിടുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ വെങ്കട്ട് പ്രഭു അറിയിച്ചു.
സെപ്തംബര്‍ അഞ്ചിനാണ് ഗോട്ടിന്റെ ആഗോള റിലീസ് നിശ്ചയിച്ചിരിക്കുന്നത്. എജിസ് എന്ടര്‍ടെയിന്‍മെന്റാണ് ചിത്രം പ്രദര്‍ശനത്തിക്കുന്നത്. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം,സ്‌നേഹ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
തമിഴ് വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമാരംഗം വിടാനുള്ള തീരുമാനത്തിലാണ് വിജയ്. അതിന് മുന്‍പ് പൂര്‍ത്തിയാക്കാനുള്ള ചിത്രങ്ങളിലൊന്നാണ് ഗോട്ട്. ഗോട്ടിന് ശേഷം ഒരു സിനിമയില്‍ കൂടി അഭിനയിക്കാനാണ് വിജയ്യുടെ നിലവിലെ തീരുമാനം. എച്ച് വിനോദ് ആയിരിക്കും സംവിധായകന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.