ഒരു മാസം മുമ്പ് അത്യാഢംബരത്തോടെയാണ് നടിയും റേഡിയോ ജോക്കിയും മോഡലുമെല്ലാമായ മീര നന്ദന്റെ വിവാഹം നടന്നത്. ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ കണ്ണന്റെ മുമ്പില്‍ വെച്ചായിരുന്നു താലികെട്ട്. പിന്നീട് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാമായി വിവാഹസല്‍ക്കാരവും നടത്തി. സിനിമ-രാഷ്ട്രീയ-സാംസ്‌കാരിക മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. വര്‍ക്കല ഇടവാ സ്വദേശിയായ ശ്രീജുവാണ് മീരയെ വിവാഹം ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹശേഷം അധികനാള്‍ ഒരുമിച്ച് നാട്ടില്‍ നില്‍ക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. യുഎഇയില്‍ ഗോള്‍ഡ് എഫ്എമ്മില്‍ റേഡിയോ ജോക്കിയായതുകൊണ്ട് തന്നെ മീര ദുബായിലേക്ക് തിരികെ പോയി. ശ്രീജു ലണ്ടനിലേക്കും പറന്നു. ലീവ് കിട്ടാനില്ലെന്നത് തന്നെയാണ് ഇരുവരും ഒരുമിച്ച് അധികസമയം പിന്നിടാതിരുന്നതിന് പിന്നിലെ പ്രധാന കാരണം.
ലണ്ടനില്‍ ഒരു വിവാഹ സല്‍ക്കാരം നടത്താന്‍ പ്ലാനുള്ളതായി വിവാഹതിരായശേഷം വിശേഷങ്ങള്‍ പങ്കിടവെ മീര പറഞ്ഞിരുന്നു. ഇപ്പോഴിതാ വിവാഹം കഴിഞ്ഞിട്ട് ഒരു മാസം പിന്നിട്ടുവെന്നതിന്റെ സന്തോഷം ഭര്‍ത്താവ് ശ്രീജുവിനൊപ്പമുള്ള സുന്ദര നിമിഷം പങ്കിട്ട് മീര അറിയിച്ചിരിക്കുകയാണ്. വണ്‍ മന്ത് ഡൗണ്‍... ഫോര്‍ എവര്‍ ടു ഗോ എന്നാണ് മീര വീഡിയോയ്‌ക്കൊപ്പം കുറിച്ചത്.
മൈലവ്, മൈവേള്‍ഡ്, ഹാപ്പിനസ്, പോസിറ്റീവ് വൈബ്‌സ്, ഹസ്‌ബെന്റ്, മിസ്സിങ് യു തുടങ്ങിയ ഹാഷ്ടാഗുകള്‍ക്കൊപ്പമായിരുന്നു മീരയുടെ വീഡിയോ. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഏറെയും കമന്റുകള്‍ മീരയുടെയും ശ്രീജുവിന്റെയും സന്തോഷകരമാചയ ദാമ്പത്യത്തിന് ദീര്‍ഘായുസ്സ് ആശംസിച്ചുള്ളതായിരുന്നു. ശ്രീജുവിന്റെ പെരുമാറ്റത്തെ പ്രശംസിച്ചും കമന്റുകളുണ്ട്. വളരെ നിഷ്‌കളങ്കനും ജെനുവിനുമായ വ്യക്തിയാണ് ശ്രീജുവെന്ന് തോന്നുന്നു, മുല്ല സിനിമ തൊട്ട് കണ്ട് വരുന്ന കുട്ടിയാണ് മീര. വീട്ടിലെ ഒരാളെ പോലെ തോന്നുന്ന ഒരാള്‍.
നിലവില്‍ ദുബായിലെ മലയാളം റേഡിയോ സ്റ്റേഷന്‍ ഗോള്‍ഡ് 101.30 എഫ് എമ്മില്‍ ആര്‍ജെയായി ജോലി ചെയ്യുകയാണ് നടി. അവതാരകയായി കരിയര്‍ ആരംഭിച്ച മീര 2008ല്‍ ലാല്‍ജോസ് സംവിധാനം ചെയ്ത 'മുല്ല' എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. തമിഴ് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.