പോയ വര്‍ഷത്തെ തമിഴ് സിനിമകളില്‍ ഏറെ ആഘോഷിക്കപ്പെട്ട ചിത്രമായിരുന്നു പ്രണയവും വിരഹവും പ്രമേയമാക്കിയ 96. റാം, ജാനു എന്നീ പ്രണയജോഡികളുടെ കഥ പറഞ്ഞ ചിത്രം വന്‍ വിജയമായിരുന്നു.വിജയ് സേതുപതിയെയും തൃഷയെയും കേന്ദ്രകഥാപാത്രങ്ങളാക്കി സി പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു 96. തമിഴില്‍ മാത്രമല്ല, മലയാളത്തിനും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ചിത്രം വമ്പന്‍ തരംഗമാണ് സൃഷ്ടിച്ചത്.
റാമായി വിജയ് സേതുപതിയും ജാനുവായി തൃഷയും വെള്ളിത്തിരയില്‍ തിളങ്ങി. എന്നാല്‍ ഈ ചിത്രത്തില്‍ തൃഷയ്ക്ക് പകരം ജാനു ആകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍ ആണെന്നാണ് പുതിയ വിശേഷം. ചിത്രത്തിലെ ജാനുവായി സംവിധായകന് പ്രേംകുമാര്‍ ആദ്യം മനസില്‍ കണ്ടിരുന്നത് തന്നെയായിരുന്നുവെന്ന്മഞ്ജു തന്നെയാണ് വെളിപ്പെടുത്തിയത്.ഫില്‍മി ബീറ്റ് തമിഴിന് നല്കിയ ആണ് മഞ്ജുവിന്റെ വെളിപ്പെടുത്തല്‍.
മഞ്ജുവും ഇക്കാര്യം അറിയുന്നത് ഈയിടെയാണ്. അടുത്തിടെ ദുബായില്‍ ഒരു അവാര്‍ഡദാന ചടങ്ങിന് പോയപ്പോഴാണ് തന്നോട് 96-ന്റെ സംവിധായകന് പ്രേം ഇക്കാര്യം വെളിപ്പെടുത്തിയത്.ദുബായില്‍ ഒരു അവാര്‍ഡ്ദാന ചടങ്ങിനായി എത്തിയതായിരുന്നു ഞാന്‍. വിജയ് സേതുപതിയും ചടങ്ങില്‍ അതിഥിയായി എത്തിയിരുന്നു. പരിപാടി കഴിഞ്ഞ് അവാര്‍ഡുമായി പോകുമ്പോ വിജയ് പുറകെ ഓടി വന്നു. 96 ന്റെ സംവിധായകന് പ്രേം നിങ്ങളെ കാണണം എന്ന് പറഞ്ഞുവെന്ന് വിജയ് അറിയിച്ചു. ഞാന്‍ വരാനും പറഞ്ഞു. എന്നെ കണ്ട പ്രേം പറഞ്ഞു, 'ഞാന്‍ നിങ്ങളുടെ വലിയ ആരാധകനാണ്. 96 സിനിമയ്ക്കു വേണ്ടി നിങ്ങളെ നായികയാക്കാന്‍ ഒരുപാട് ശ്രമിച്ചിരുന്നു'. അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്ക് വലിയ ഷോക്കായിരുന്നു. എന്താണ് നിങ്ങള്‍ പറയുന്നത്, ഞാനിത് അറിഞ്ഞിട്ടേ ഇല്ല. ഒരു തവണ ഒന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഓടിവരില്ലായിരുന്നോ എന്ന് ഞാന്‍ പറഞ്ഞു.'
'അവര്‍ എനിക്കു വേണ്ടി ആരൊയൊക്കെയോ സമീപിച്ചിരുന്നു. പക്ഷേ വിജയ്യുടെ ഡേറ്റുമായി ചെറിയ കണ്ഫ്യൂഷന് വന്നപ്പോള്‍ അത് നടന്നില്ല. ഷൂട്ടിങ് ഷെഡ്യൂളുകള്‍ തമ്മിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിലേയ്ക്ക് എന്നെക്കൂടി വലിച്ചിഴയ്ക്കാന്‍ അദ്ദേഹത്തിന് വയ്യായിരുന്നു.ജാനു എന്ന കഥാപാത്രം തൃഷയേക്കാള്‍ നന്നായി മറ്റാരും ചെയ്യില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.' അഭിമുഖത്തില്‍ മഞ്ജു പറഞ്ഞു.
പ്രേം പറഞ്ഞത് കേട്ടപ്പോള്‍ 96ല്‍ ഉണ്ടായിരുന്നെങ്കിലെന്ന് തോന്നിയെങ്കിലും എല്ലാ സിനിമകള്‍ക്കും ഒരു നിയോഗമുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും മഞ്ജു പറഞ്ഞു. 'തൃഷയെക്കാള്‍ നന്നായി ആ കഥാപാത്രത്തെ ആര്‍ക്കും ചെയ്യാന്‍ കഴിയില്ലെന്ന് ഞാന്‍ കരുതുന്നു. വളരെ വിശ്വസനീയമായിരുന്നു തൃഷയുടെ പ്രകടനം. മനോഹരമായാണ് ആ കഥാപാത്രത്തെ അവര്‍ അവതരിപ്പിച്ചത്. അടുത്ത പടത്തില്‍ എന്തെങ്കിലും കണ്ഫ്യൂഷന് ഉണ്ടെങ്കില്‍ക്കൂടി വിളിച്ചോളൂ എന്നാണ് പ്രേമിനോട് പറഞ്ഞിരിക്കുന്നത്', മഞ്ജു പറഞ്ഞവസാനിപ്പിക്കുന്നു