കൊച്ചി: പ്രേക്ഷകലക്ഷങ്ങളുടെ മനം കവര്‍ന്ന മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിന്റെ നാല്പത്തിനാലാം വാര്‍ഷികവും താരസംഗമവും മെയ് 20 ന് കലൂര്‍ ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. മോഹന്‍ലാല്‍, ശങ്കര്‍, പൂര്‍ണിമ ജയറാം തുടങ്ങി ചിത്രത്തിലെ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് ജെറി അമല്‍ദേവിന്റെ നേതൃത്വത്തില്‍ സിംഗ് ഇന്ത്യ എന്ന സംഗീത പരിപാടിയും ഒരുക്കിയിട്ടുണ്ട്.
മിസ്റ്റര്‍ യൂണിവേഴ്സ് ചിത്തരേഷ് നടേശന്റെ ശരീര സൗന്ദര്യ പ്രദര്‍ശനം, എറണാകുളത്തെ പ്രമുഖ കോളെജുകളിലെ വിദ്യാര്‍ഥികളുടെ നൃത്ത പരിപാടി എന്നിവയുമുണ്ടാകും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ടെന്ന് ഷോ ഡയറക്ടര്‍ രാഹുല്‍ ആന്റണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മോഹന്‍ലാലിനുള്ള പിറന്നാള്‍ സമ്മാനം കൂടിയാണ് താരസംഗമമെന്ന് അദ്ദേഹം പറഞ്ഞു. ഫിലോമിന മൂത്തേടന്‍ ട്രസ്റ്റ് ആണ് പരിപാടിയുടെ സംഘാടകര്‍.
എറണാകുളം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ താരസംഗമത്തിന്റെ ആദ്യ ടിക്കറ്റ് വില്‍പന നാട്യശ്രീ ചിത്രാ സുകുമാരന് നല്‍കി മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സിനിമയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന സ്റ്റാന്‍ലി ജോസ് നിര്‍വഹിച്ചു. സി.ജി രാജഗോപാല്‍ (മുത്തു), ഡോ.രാധാമണി, എം ജെ ബേബി, പി.എ ബാലകൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പരിപാടിയുടെ വിജയത്തിനായി ഡോ.സെബാസ്റ്റ്യന്‍ പോള്‍, ഹൈബി ഈഡന്‍ എം.പി, എന്നിവര്‍ മുഖ്യ രക്ഷാധികാരികളായും ഫാ. വില്യം നെല്ലിക്കല്‍ കണ്‍വീനറായും സംഘടകസമിതിക്കും രൂപം നല്‍കിയിട്ടുണ്ട്.
ഫാസില്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 1980-ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. മലയാളത്തിലെ പ്രമുഖനടനായ മോഹന്‍ലാലിന്റെ പുറത്തിറങ്ങിയ ആദ്യചിത്രമെന്ന സവിശേഷതയും ഇതിനുണ്ട്. 'ഒരു തലൈ രാഗം' എന്ന തമിഴ് ചലച്ചിത്രത്തില്‍ അഭിനയിച്ചതിനു ശേഷം താരതമ്യേന ഒരു പുതുമുഖമായിരുന്ന ശങ്കര്‍ നായകനായഭിനയിച്ച ഈ ചിത്രത്തില്‍ പ്രതിനായകവേഷമാണ് മോഹന്‍ലാല്‍ കൈകാര്യം ചെയ്തത്. മനോഹരമായ ഗാനങ്ങളാല്‍ ഈ ചിത്രം പ്രേക്ഷക ഹൃദയങ്ങളില്‍ ചിരകാല പ്രതിഷ്ഠ നേടി. പൂര്‍ണ്ണിമ ജയറാമായിരുന്നു ഈ ചിത്രത്തിലെ നായിക. പൂര്‍ണ്ണിമയുടേയും ആദ്യചിത്രമായിരുന്നു ഇത്. തമിഴ്നാട്ടിലെ കൊടൈക്കനാലിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 1980 ഡിസംബര്‍ 25 ലെ ക്രിസ്തുമസ് ദിനത്തില്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തു. 7 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഈ ചിത്രം ബോക്‌സ് ഓഫീസില്‍ ഒരു കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു